ട്രംപിന്റെ രണ്ടാം യാത്രാ വിലക്കിനെതിരെ വ്യാപക പ്രക്ഷോഭം

Posted on: March 8, 2017 8:29 am | Last updated: March 8, 2017 at 12:31 am

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ യാത്രാ വിലക്കില്‍ പ്രക്ഷോഭം ശക്തം. വൈറ്റ്ഹൗസിന് മുമ്പിലും വിവിധ നഗരങ്ങളിലും ട്രംപിന്റെ മുസ്‌ലിംവിരുദ്ധതക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. ഏറെ കോളിളക്കങ്ങള്‍ക്കിടയാക്കിയ കഴിഞ്ഞ മാസത്തെ യാത്രാ വിലക്കില്‍ നിന്ന് വലിയ വ്യത്യാസമില്ലാത്ത പുതിയ ഉത്തരവ് നിയമപരമായ വിലക്കുകള്‍ മറികടക്കാനുള്ളതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സിറിയ, ഇറാന്‍, യമന്‍, ലിബിയ, സുഡാന്‍, സൊമാലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് 90 ദിവസത്തേയും അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തേയും വിലക്കാണ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയത്. യാത്രാവിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇറാഖിനെ ഒഴിവാക്കിയായിരുന്നു ട്രംപിന്റെ പുതിയ ഉത്തരവ്. മാര്‍ച്ച് 16 അര്‍ധരാത്രി മുതല്‍ പുതിയ ഉത്തരവ് നടപ്പിലാക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
മുസ്‌ലിം പൗരന്മാരെ ലക്ഷ്യംവെച്ചാണ് പുതിയ ഉത്തരവുമായി ട്രംപ് രംഗത്തെത്തിയതെന്ന് രാജ്യത്തെ മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.

ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും ഉത്തരവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, പുതിയ ഉത്തരവിനെ ന്യായീകരിച്ച് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രംഗത്തെത്തി. വിലക്ക് അനിവാര്യമാണെന്നും പ്രശ്‌നസങ്കീര്‍ണമായ രാജ്യങ്ങളില്‍ നിന്നെത്തുന്ന പൗരന്മാരെ സൂക്ഷ്മമായി പരിശോധിച്ച് അമേരിക്കയെ സുരക്ഷിതമാക്കുമെന്നും ജെഫ് പ്രതികരിച്ചു. വിലക്കേര്‍പ്പെടുത്തിയ ഇറാന്‍, സുഡാന്‍, സിറിയ എന്നി രാജ്യങ്ങള്‍ തീവ്രവാദത്തിന്റെ സ്‌പോണ്‍സര്‍മാരാണെന്നും മറ്റ് രാജ്യങ്ങള്‍ അക്രമികളുടെ സുരക്ഷിത താവളമാണെന്നും അറ്റോര്‍ണി ജനറല്‍ ആരോപിച്ചു.