‘തിരികെ വേണം കരിപ്പൂര്‍’: പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും ഇ-മെയില്‍ നിവേദനം

Posted on: March 7, 2017 9:09 pm | Last updated: March 7, 2017 at 9:09 pm
കോഴിക്കോട് ജില്ലാ പ്രവാസി (യു എ ഇ)യുടെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രിക്ക് ഇ-മെയില്‍ നിവേദനമയക്കുന്നു

ദുബൈ: കരിപ്പൂര്‍ വിമാനത്താവളം പൂര്‍വസ്ഥിതിയില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ പ്രവാസി (യു എ ഇ)യുടെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും ഇ-മെയില്‍ നിവേദനമയച്ചു. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം റണ്‍വേ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയായിരിക്കെ, നിര്‍ത്തലാക്കിയ അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസ് പുനഃസ്ഥാപിച്ച് എത്രയും വേഗത്തില്‍ പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കണമെന്നും ഹജ്ജ് എംബാര്‍കേഷന്‍ പുനഃസ്ഥാപിക്കണമെന്നും പ്രവാസികളുടെ ആശങ്ക അകറ്റണമെന്നും ഇ-മെയില്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കരിപ്പൂര്‍ വിമാനത്താവള വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള ഇ-മെയില്‍ കാമ്പയിനിന്റെ ഭാഗമായാണ്, ഓണ്‍ലൈന്‍ നിവേദനം സമര്‍പ്പിച്ചത്.

പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രാലയത്തിലേക്കും നിവേദനം അയച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ ഇപ്പോഴത്തെ അനിശ്ചിതാവസ്ഥ മൂലം ഗള്‍ഫ് മേഖലയില്‍ നിന്നും കൂടുതല്‍ പ്രവാസികളുള്ള, മലബാറിലെ യാത്രക്കാര്‍ ഏറെ ദുരിതം അനുഭവിക്കുകയാണെന്നും മലബാര്‍ മേഖലയില്‍ നിന്നുള്ള കയറ്റിറക്ക് മേഖലക്ക് ക്ഷയം സംഭവിച്ചിരിക്കുകയാണെന്നും പൊതുമേഖലയില്‍ ഏറെ ലാഭകരമായി പ്രവര്‍ത്തിച്ചുവന്ന ഈ വിമാനത്താവളം അനാവശ്യ തടസ വാദങ്ങളിലൂടെ ശോഷിപ്പിക്കുന്നത് സര്‍ക്കാരിന് തന്നെ വന്‍ നഷ്ടം വരുത്തിത്തീര്‍ക്കുമെന്നുംനിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വലിയ വിമാനങ്ങള്‍ നിര്‍ത്തലാക്കിയത് മൂലം, ഹജ്ജ് എംബാര്‍ക്കേഷന്‍ കൊച്ചി സ്വകാര്യ വിമാനത്താവളത്തിലേക്ക് മാറ്റിയതിനാല്‍ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച, ഹജ്ജ് ഹൗസ് ഇവിടെ നോക്കുകുത്തിയായിരിക്കയാണ്. ഹജ്ജ് യാത്രാ വിമാനങ്ങള്‍ വഴിയുള്ള വരുമാനവും സര്‍ക്കാരിന് നഷ്ടമായിരിക്കുകയാണ്.

രാജന്‍ കൊളാവിപാലം അധ്യക്ഷത വഹിച്ചു. മോഹന്‍ എസ് വെങ്കിട്, മുരളി കൃഷ്ണന്‍, മുഹമ്മദ് ബശീര്‍, ബി എ നാസര്‍, ഷഹല്‍ പുറക്കാട്, നിഫ്ഷര്‍, ടി പി അഷ്‌റഫ്, ബഷീര്‍ സി കെ, ഹാഷിം പുന്നക്കല്‍, സുനില്‍, ജിജു യു എസ്, നൗഷാദ്, പീതാംബരന്‍, പ്രകാശ് സംസാരിച്ചു. അഡ്വ.മുഹമ്മദ് സാജിദ് സ്വാഗതവും പി എം ചന്ദ്രന്‍ നന്ദിയും പറഞ്ഞു. നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി, മാര്‍ച്ച് ഒന്ന് മുതല്‍ പൂര്‍വാധികം ശക്തിയോടെ റണ്‍വേ തുറന്നിരിക്കെ, പ്രധാനമന്ത്രിയുടെ സത്വര ഇടപെടലിലൂടെ വിമാനത്താവളം പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കരിപ്പൂര്‍ വിമാനത്താവളം ആശ്രയിക്കുന്ന മലബാറിലെ പ്രവാസികള്‍.