തെരുവുനായ ആക്രമണം: 24 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ശിപാര്‍ശക്ക് അംഗീകാരം

Posted on: March 4, 2017 12:01 am | Last updated: March 4, 2017 at 12:01 am

ന്യൂഡല്‍ഹി: സംസ്ഥാനത്തെ തെരുവുനായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 24 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ശിപാര്‍ശക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ജസ്റ്റിസ് സിരിജഗന്‍ സമിതി അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച 24 പേര്‍ക്കുള്ള 33.37 ലക്ഷം രൂപ നല്‍കുന്നതിനുള്ള ശിപാര്‍ശയാണ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് അനുമതി നല്‍കിയത്. നഷ്ടപരിഹാരം നല്‍കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയായിരിക്കണമെന്നും ബഞ്ച് വ്യക്തമാക്കി.
തെരുവുനായ വാഹനത്തിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഗുരുതര പരുക്കേറ്റ കാഞ്ഞിരംകുളം സ്വദേശി പി എസ് ബിജുവിന് 18.5 ലക്ഷം രൂപയും ഇതേ രീതിയില്‍ അപകടം സംഭവിച്ച് ഭര്‍ത്താവ് മരിച്ച കൊല്ലം സ്വദേശിനി ഷെമിക്ക് 7.6 ലക്ഷവും തെരുവുനായയുടെ കടിയേറ്റ തിരുവനന്തപുരത്തെ മൂന്ന് വയസ്സുള്ള കുട്ടിക്ക് 81,500 രൂപയും അതാത് സ്വയം ഭരണ സ്ഥാപനങ്ങള്‍ നല്‍കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേ സമയം, വീട്ടില്‍ വളര്‍ത്തുന്ന നായകളുടെ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. മനുഷ്യരേക്കാള്‍ അവകാശങ്ങള്‍ മൃഗങ്ങള്‍ക്കില്ലെന്നും സുപ്രീം കോതി വ്യക്തമാക്കി.

തെരുവുനായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട കേസ് ഗൗരവപരമായി കാണേണ്ട ഒന്നാണെന്ന് കാണിച്ച് കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ സമര്‍പ്പിച്ച സാബു സ്റ്റീഫന്‍, മനുഷ്യരേക്കാള്‍ മൃഗങ്ങള്‍ക്കാണ് അവകാശമെന്ന് കോടതി സൂചിപ്പിച്ചതായി പറഞ്ഞതിനെ തുടര്‍ന്നാണ് ഇത്തരം പരാമര്‍ശം കോടതി നടത്തിയത്. മൃഗങ്ങള്‍ക്ക് മനുഷ്യരേക്കാള്‍ പ്രധാന്യമുണ്ടെന്ന് ബഞ്ച് ഒരിക്കലും വ്യക്തമാക്കിയിട്ടില്ല. തെരുവുനായ്കളെ ഇല്ലാതാക്കുമ്പോള്‍ അതു നിയമപ്രകാരമായിരിക്കണമെന്ന് മാത്രമാണ് കോടതി സൂചിപ്പിച്ചത്. ഭീഷണിയുള്ള നായകളെ നിങ്ങള്‍ കൊല്ലാം, പക്ഷേ അത് നിയമത്തിന് വിധേയമായായായിരിക്കണമെന്നും ബഞ്ച് വ്യക്തമാക്കി.

കേരളത്തിലെ ചിലയിടങ്ങളില്‍ തെരുവുനായ മനുഷ്യര്‍ക്ക് ഭീഷണിയായിട്ടുണ്ട്. എന്നാല്‍, എല്ലാ തെരുവുനായകളെയും കൊല്ലണമെന്ന് ഉത്തരവിടാന്‍ കഴിയില്ലെന്നും കോടതി ഓര്‍മിപ്പിച്ചു. തെരുവുനായ്ക്കള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ ചുമതലയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് നാല് ആഴ്ച്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി.