പ്രവാസി ക്ഷേമപെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി

Posted on: March 3, 2017 8:15 pm | Last updated: March 3, 2017 at 8:40 pm

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കേരളസര്‍ക്കാരിന്റെ പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളാവുന്നവര്‍ക്കുള്ള പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി.

പ്രവാസികളുടെ പുനരധിവാസത്തിനും നൈപുണി വികസനത്തിനും 180 കോടി രൂപ അനുവദിച്ചു. പ്രവാസികളുടെ ഓണ്‍ലൈന്‍ ഡാറ്റാ ബെയ്‌സ് തയ്യാറാക്കും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് പാക്കേജ്. ഇതിനായി അഞ്ചു കോടി രൂപ ബജറ്റില്‍ വകയിരുത്തി.
എല്ലാ വിദേശമലയാളികളേയും ഇതില്‍ രജിസ്റ്റര്‍ ചെയ്യലാണ് സര്‍ക്കാരിന്റെ ലക്ഷ്യം ഐസക്ക് പറഞ്ഞു.
വിദേശ മലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിന് ലോക കേരള സഭ രൂപീകരിക്കും. ജനസംഖ്യാനുപാതത്തില്‍ രാജ്യങ്ങളുടെ പ്രതിനിധികളും കേരളനിയമസഭാംഗങ്ങളും കേരള സഭയില്‍ അംഗങ്ങളായിരിക്കും.

കെ.എസ്.എഫ്.ഇ ഈ വര്‍ഷം ആരംഭിക്കുന്ന പ്രവാസി ചിട്ടി പദ്ധതിയിലൂടെ ലഭിക്കുന്ന പണം തീരദേശമലയോര ഹൈവേകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. കെഎസ്എഫ്ഇയുടെ പ്രവാസിചിട്ടി പദ്ധതിയില്‍ ഒരു ലക്ഷം പ്രവാസികളെങ്കിലും പങ്കു ചേരുമെന്നാണ് പ്രതീക്ഷ. ജൂണ്‍ മാസത്തിനകം പദ്ധതി ആരംഭിക്കും.