വേനല്‍മഴ ഇല്ലെങ്കില്‍ വയനാട് ചുട്ടുപൊള്ളും

Posted on: March 2, 2017 8:21 am | Last updated: March 1, 2017 at 11:23 pm

മലപ്പുറം: മാര്‍ച്ച് പതിനഞ്ചോടെ വേനല്‍ മഴ പെയ്തില്ലെങ്കില്‍ കേരളത്തില്‍ കടുത്ത വരള്‍ച്ചയാണ് വരാനിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ നദികളെല്ലാം നീരൊഴുക്ക് കുറഞ്ഞ് മൃതാവസ്ഥയിലേക്ക് നീങ്ങുകയാണ്. വേനല്‍മഴ പെയ്‌തെങ്കില്‍ മാത്രമേ നദികളില്‍ നിന്ന് വെള്ളമെടുക്കാന്‍ സാധ്യമാകുകയുള്ളൂ എന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍ പുഴകളില്‍ ശേഷിക്കുന്ന വെള്ളം നിലനിര്‍ത്തുന്നത് തടയണകളാണ്. ഇത് തന്നെ കൂടിയാല്‍ രണ്ട് ആഴ്ച മാത്രമേ ലഭ്യമാകൂ എന്നാണ് കാലാവസ്ഥാ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. സാധാരണ രീതിയില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മഴ ലഭിക്കുകയും ഇത് ഒരു പരിധിവരെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുകയും ചെയ്യാറുണ്ട്. 200 മില്ലി ലിറ്റര്‍ വേനല്‍ മഴയാണ് സാധാരണയായി ലഭിക്കാറുളളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 150 മില്ലി ലിറ്റര്‍ മാത്രമാണ് വേനല്‍ മഴ ലഭിച്ച്. 16 ശതമാനം മഴയുടെ കുറവാണ് 2016ല്‍ ഉണ്ടായത്. 1982ല്‍ മാത്രമാണ് വേനല്‍ മഴ തീരെ ലഭിക്കാതിരുന്നത്.

ഇത്തവണ തുലാമഴയുടെ അളവിലും കുറവുണ്ടായി. ആകെ 40 ശതമാനമാണ് കുറഞ്ഞത്. ഈ വര്‍ഷത്തെ വേനല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക വയനാട് ജില്ലയെ ആകുമെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
വയനാട് ജില്ലയിലുണ്ടായികൊണ്ടിരിക്കുന്ന മാറ്റത്തെ കുറിച്ച് പ്രത്യേക പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് ഇവിടത്തെ ശാസ്ത്രജ്ഞര്‍. വയനാട്ടിലെ പ്രധാന നദിയായ കബനിയില്‍ 30 മുതല്‍ 40 ശതമാനം വരെയാണ് നീരൊഴുക്ക് കുറഞ്ഞത്. വയനാട്ടിലെ ഭൂഗര്‍ഭ ജലവിതാനം മൂന്ന് മീറ്ററിന് മുകളില്‍ താഴുകയും ചെയ്തു. അമ്പലവയലിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. 750 മില്ലി ലിറ്റര്‍ ലഭിക്കേണ്ടിടത്ത് 150 മില്ലി ലിറ്റര്‍ മഴ മാത്രമാണ് ഇവിടെ ലഭിച്ചത്.

പ്രത്യേകമായ ഭൂപ്രകൃതിയുള്ള വയനാട് ജില്ലയുടെ ഒരുവശം കര്‍ണാടകയും മറ്റൊരു ഭാഗം കേരളവുമായതിനാല്‍ മഴയുടെ അളവില്‍ രണ്ടിടത്തും വലിയ മാറ്റമാണ് പ്രകടമാകാറുള്ളത്. വയനാട്ടെ ലക്കിടിയില്‍ പ്രതിവര്‍ഷം 4100 മില്ലീ ലിറ്റര്‍ മഴ ലഭിക്കുമ്പോള്‍ വയനാട്- കര്‍ണാടക അതിര്‍ത്തികളില്‍ 2000 മില്ലി ലിറ്റര്‍ മാത്രമേ ലഭിക്കുന്നുള്ളൂ. ഇതും വലിയ തോതിലുള്ള വരള്‍ച്ചക്ക് കാരണമാകുമെന്നാണ് കണ്ടെത്തല്‍.
കാര്‍ഷിക ജില്ലയായ വയനാട്ടില്‍ വാഴകൃഷി വന്‍തോതില്‍ കരിഞ്ഞുണങ്ങി തുടങ്ങിയത് ഇതിന്റെ മുന്നോടിയാണ്. ഇത് കൂടാതെ വയനാട്ടില്‍ വ്യാപകമായി നെല്‍വയല്‍ മണ്ണിട്ട് നികത്തുകയും വന നശീകരണമുണ്ടാവുകയും ചെയ്തിട്ടുണ്ട്. മഴ കുറഞ്ഞിട്ടും ഭൂഗര്‍ഭജല പരിപോഷണം നടത്താനാകാതെ പോയതും തിരിച്ചടിയായി. വയനാട് കഴിഞ്ഞാല്‍ പാലക്കാടാണ് വര്‍ച്ച രൂക്ഷമായ മറ്റൊരു ജില്ല. പാലക്കാട്ടും 40 ശതമാനം മഴ കുറഞ്ഞിട്ടുണ്ട്. പാലക്കാട്ടെ പ്രധാന നദിയായ ഭാരതപ്പുഴയിലെ ജലവിതാനം മൂന്ന് മീറ്ററിന് താഴേക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പാലക്കാട് കഴിഞ്ഞാല്‍ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെയാണ് വരള്‍ച്ചാ സാധ്യത കൂടുതലുള്ള ജില്ലകള്‍. മലപ്പുറത്ത് ചാലിയാറില്‍ മാത്രമാണ് കൂടുതല്‍ ജലമുള്ളത്. കടലുണ്ടിയും തൂതപ്പുഴയുമെല്ലാം അതിവേഗം വരണ്ടുകൊണ്ടിരിക്കുകയാണ്. ലഭ്യമായ ജലം സംരക്ഷിക്കുകയും ഉപയോഗം പരമാവധി കുറക്കുകയുമാണ് ഇപ്പോള്‍ ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട നടപടിയെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനെജ്‌മെന്റിലെ ശാസ്ത്രജ്ഞരായ ഡോ.വി പി ദിനേശന്‍ സിറാജിനോട് പറഞ്ഞു.