കൃഷിനാശം 30,353 ഹെക്ടറില്‍; കൂടുതല്‍ നഷ്ടം നെല്‍കൃഷിയില്‍

Posted on: March 2, 2017 7:19 am | Last updated: March 1, 2017 at 11:21 pm

തിരുവനന്തപുരം: കടുത്ത വരള്‍ച്ചയില്‍ സംസ്ഥാനത്ത് ഇതുവരെ 30,353 ഹെക്ടറില്‍ കൃഷി നശിച്ചു. നെല്‍കൃഷി മേഖലയിലാണ് പ്രത്യാഘാതം കൂടുതല്‍. 26,499.42 ഹെക്ടര്‍ പ്രദേശത്തെ നെല്‍കൃഷിയെ വരള്‍ച്ച പ്രതികൂലമായി ബാധിച്ചു. ഇതുവഴി 106 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സമാനതകളില്ലാത്ത വരള്‍ച്ചാ ഭീഷണിയിലാണ് കേരളമെന്നും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയായിരിക്കും നേരിടാന്‍ പോകുന്നതെന്നും ചട്ടം 300 അനുസരിച്ച് നടത്തിയ പ്രസ്താവനയില്‍ റവന്യൂ മന്ത്രി സഭയെ അറിയിച്ചു.

ഇക്കഴിഞ്ഞ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ ലഭിച്ച മഴ 34 ശതമാനം കുറവായിരുന്നു. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ സാധാരണ തോതില്‍ ലഭിക്കുമെന്നും പ്രതിസന്ധി ഒഴിവാകുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, തുലാവര്‍ഷ മഴ പ്രതീക്ഷക്കനുസരിച്ച് ലഭിച്ചില്ലെന്ന് മാത്രമല്ല, മുന്‍ കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 62 ശതമാനം കുറവുമായിരുന്നു. ഇത് കണക്കുകൂട്ടലുകള്‍ തെറ്റിച്ച് രൂക്ഷമായ പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ എത്തിച്ചു. വേനല്‍മഴ പ്രതീക്ഷിച്ച രീതിയില്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഫെബ്രുവരി 20ന് ലഭ്യമായ കണക്കുകള്‍പ്രകാരം വരള്‍ച്ചയെത്തുടര്‍ന്ന് കാര്‍ഷിക മേഖയിലുണ്ടായ നാശനഷ്ടം 225 കോടി രൂപയാണ്. വാഴ, പച്ചക്കറി, നാണ്യവിളകള്‍ തുടങ്ങി എല്ലാ കാര്‍ഷിക ഉത്പന്നങ്ങളും വരള്‍ച്ചയുടെ രൂക്ഷതയില്‍ നശിക്കും. കര്‍ഷകര്‍ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ക്ക് 2017 മെയ് 31വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.

വരള്‍ച്ചയുടെ കാഠിന്യം കൂടുന്തോറും കുടിവെള്ള ലഭ്യതയും കുറയുകയാണ്. ഇക്കഴിഞ്ഞ ജനുവരി 17ലെ കണക്കുപ്രകാരം സംസ്ഥാനത്തെ റിസര്‍വോയറുകളില്‍ 44 ശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നത്. ഭൂഗര്‍ഭ ജലനിരപ്പ് രണ്ട് മുതല്‍ രണ്ടര മീറ്റര്‍വരെ താഴ്ന്നു. അതീവഗുരുതരമായ സാഹചര്യമാണിത്. സാധ്യമായ ഇടപെടല്‍ നടത്തി എല്ലാ പ്രദേശങ്ങളിലും ജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാരുടെ ഏകോപനത്തോടെ കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്. കുടിവെള്ള വിതരണത്തിന് ജില്ലകള്‍ക്ക് 22.5 കോടി രൂപ അധികമായി അനുവദിച്ചു. ചെറുതും വലുതുമായ ജലസ്രോതസ്സുകള്‍ നവീകരിച്ചു. സംസ്ഥാനത്തൊട്ടാകെ 5,698 കുഴല്‍ക്കിണറുകള്‍ ഉപയോഗ യോഗ്യമാക്കാന്‍ കഴിഞ്ഞു. വാണിജ്യ, വ്യവസായ ആവശ്യങ്ങള്‍ക്ക് കുഴല്‍കിണര്‍ നിര്‍മിക്കുന്നതിന് വരുന്ന മെയ് 31വരെ നിയന്ത്രണം ഏര്‍പ്പെടുത്തി.

320 കോടി ചെലവില്‍ ഏകദേശം 9,453 കുളങ്ങള്‍ നവീകരിച്ച് ജലലഭ്യത ഉറപ്പുവരുത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കിയോസ്‌ക്കുകള്‍ സ്ഥാപിച്ച് വ്യാപകമായി ജലവിതരണം നടത്തും. അതേസമയം, കിയോസ്‌ക്കുകളുടെ ലഭ്യതക്കുറവ് സുഗമമായ കുടിവെള്ള വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലയിടങ്ങളിലെങ്കിലും തടസ്സമാകുമെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ ടാങ്കര്‍ വഴിയും കുടിവെള്ളം വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. ഉചിതമായ സമയത്ത് കേന്ദ്ര സര്‍ക്കാറിനെ സമീപിച്ച് പരമാവധി സഹായം തേടിയെടുക്കുകയെന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.