Connect with us

Gulf

ഖത്വര്‍ ലോകകപ്പ് കവറേജിന് സാമൂഹിക മാധ്യമങ്ങളും

Published

|

Last Updated

ദോഹ: 2022ലെ ഫിഫ ലോകകപ്പിന് പരമ്പരാഗത മാധ്യമങ്ങളേക്കാള്‍ സാമൂഹിക മാധ്യമങ്ങളായിരിക്കും കവറേജില്‍ പ്രധാന പങ്ക് വഹിക്കുകയെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി) ടൂര്‍ണമെന്റ്കാര്യ അസി. സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ ഖാതിര്‍. സ്‌പോര്‍ട്‌സിന്റെ വീക്ഷണകോണിലൂടെ വളരെ ഭംഗിയായി പരമ്പരാഗത മാധ്യമങ്ങള്‍ ഫിഫ ലോകകപ്പ് കവര്‍ ചെയ്യും.

അതേസമയം ഖത്വറിന്റെ പ്രതിച്ഛായ പ്രതിഫലിക്കുന്ന വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലായിരിക്കും കൂടുതലുണ്ടാകുക. രാജ്യത്തിന്റെ മികച്ച പ്രതിച്ഛായ പ്രചരിപ്പിക്കുന്നതിന് പ്രാദേശികവും അന്താരാഷ്ട്രതലത്തിലുള്ളതുമായ സാമുഹിക മാധ്യമങ്ങളില്‍ സജീവമായവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലോകകപ്പ് വേളയില്‍ ഒരുക്കും. ഖത്വറിനെ കുറിച്ച് മികച്ച അനുഭവം സൃഷ്ടിക്കാന്‍ അവര്‍ക്ക് വേണ്ട താമസസൗകര്യങ്ങളും മറ്റും ഒരുക്കുമെന്നും അല്‍ ഖാതിര്‍ പറഞ്ഞു. നോര്‍ത്ത് വെസ്റ്റേണ്‍ യൂനിവേഴ്‌സിറ്റിയില്‍ ഖത്വര്‍ മീഡിയ ഇന്‍ഡസ്ട്രീസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം വലിയ ടൂര്‍ണമെന്റുകളുമായി ബന്ധപ്പെട്ട് പരമ്പരാഗത മാധ്യമ സ്ഥാപനങ്ങളുമായാണ് കമ്മിറ്റികള്‍ ബന്ധപ്പെടാറുള്ളത്. ഇതില്‍ നിന്ന് വിഭിന്നമായി സാമൂഹിക മാധ്യമങ്ങളുമായും ബന്ധപ്പെടാനാണ് തങ്ങളുടെ നീക്കം. സാമൂഹിക മാധ്യമങ്ങളില്‍ പെട്ടെന്നുള്ള മാറ്റങ്ങളാണുള്ളത്. ഏതാനും വര്‍ഷമുണ്ടായിരുന്ന രീതിയിലല്ല ജനങ്ങള്‍ വാര്‍ത്തകള്‍ അറിയുന്നത്. ദീര്‍ഘമേറിയ സ്റ്റോറിയേക്കാള്‍ വീഡിയോയും ഫോട്ടോയുമാണ് ജനങ്ങള്‍ക്ക് വേണ്ടത്.
പരമ്പരാഗത മാധ്യമങ്ങളില്‍ നിന്ന് മാറി എങ്ങനെ കൂടുതല്‍ ഡിജിറ്റല്‍, വീഡിയോ കേന്ദ്രീകൃത ഉള്ളടകത്തിലേക്ക് മാറാമെന്നതാണ് തങ്ങള്‍ ശ്രദ്ധിക്കുന്നത്. അതിനാല്‍ മാധ്യമ കമ്പനികളിലെ പ്രതിഭാത്വമുള്ളരെ തങ്ങള്‍ സമീപിക്കുന്നുണ്ട്. ലോകകപ്പ് അനുഭവങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കാര്യക്ഷമമായ സമീപനത്തിന് സാങ്കേതികവിദ്യയിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ കാരണമാകുന്നുണ്ട്.

സ്റ്റേഡിയങ്ങളിലും മറ്റും നൂതന സാങ്കേതികവിദ്യകളുടെ സഹയാത്തോടെ എസ് സി ഏര്‍പ്പെടുത്താന്‍ പോകുന്ന സൗകര്യങ്ങളെ സംബന്ധിച്ചും അല്‍ ഖാതിര്‍ വിവരിച്ചു. വീട്ടിലെ സൗകര്യത്തില്‍ നിന്ന് കളി കാണാനാണ് ആളുകള്‍ക്ക് താത്പര്യം. സ്റ്റേഡിയത്തിനകത്തെ അനുഭവം വ്യത്യസ്ത തലത്തിലുള്ളതാക്കാനുള്ള വഴികളെ കുറിച്ച് പഠിക്കുന്നുണ്ട്. കൂടുതല്‍ സ്റ്റേഡിയങ്ങളിലും ഇരിപ്പിടത്തിന്റെ പിറകില്‍ സ്‌ക്രീന്‍ ഘടിപ്പിക്കുന്നുണ്ട്. റിപ്ലേകള്‍ കാണാനും സ്റ്റേഡിയത്തിന്റെ ആരവത്തില്‍ മുങ്ങിപ്പോയി കളിയുടെ രസച്ചരട് മുറിയാതിരിക്കാനും ഇതിലൂടെ സാധിക്കും. പുതിയ സാങ്കേതികവിദ്യക്ക് അനുസരിച്ച് സ്റ്റേഡിയങ്ങളെ എങ്ങനെ രൂപാന്തരപ്പെടുത്താം എന്നതിനെ കുറിച്ച് നിറയെ വെല്ലുവിളികളുമുണ്ട്.

2020ലെ ഒളിംപിക്‌സിന് വേദിയാകുന്ന ടോക്യോ സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ട്. നൂതന സാങ്കേതികവിദ്യകളെ സമര്‍ഥമായി ഉപയോഗിച്ചു കൊണ്ടായിരിക്കും ടോക്യോ ഒളിംപിക്‌സ്. കായിക പരിപാടികള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാനുള്ള ലക്ഷ്യവുമുണ്ട്. ലോകകപ്പുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരുന്ന മോശം പ്രതികരണവും വിമര്‍ശവുമെല്ലാം എസ് സി നിരന്തരം ഖണ്ഡിക്കാറുണ്ട്. രാജ്യത്തെ ബ്രാന്‍ഡ് ചെയ്യാന്‍ സ്ഥാപിച്ച ബ്രാന്‍ഡ് ഖത്വര്‍ 2011 മുതല്‍ കൂടുതല്‍ ജനകീയമായിരുന്നു. ഇതുസംബന്ധിച്ച് രാജ്യത്തുടനീളം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അല്‍ ഖാതിര്‍ പറഞ്ഞു. രാജ്യത്തെ കായിക മാധ്യമ വികസനമാണ് ഫോറം കേന്ദ്രീകരിച്ചത്.

 

---- facebook comment plugin here -----

Latest