പകല്‍ച്ചൂട് പൊള്ളിക്കുന്നു; ഉഷ്ണതരംഗ സാധ്യത

Posted on: March 1, 2017 1:15 am | Last updated: March 1, 2017 at 2:22 pm

കണ്ണൂര്‍; തുലാമഴയുടെ അഭാവത്തില്‍ നേരത്തെയെത്തിയ വേനലില്‍ സംസ്ഥാനം പൊള്ളുന്നു. ഏതാനും ദിവസങ്ങളായി കേരളത്തിലെ പകല്‍ച്ചൂട് വര്‍ധിക്കുന്നത് വരും ദിവസങ്ങളില്‍ വരാനിരിക്കുന്ന അത്യുഷ്ണത്തിന്റെ സൂചനയാണെന്ന് കാലാവസ്ഥാ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൂട് കടുക്കുന്നത് ഏതാനും വര്‍ഷമായുള്ള പ്രവണതയായി കണക്കാക്കുന്നുണ്ടെങ്കിലും ഇക്കുറി തുലാമഴ പെയ്യാതിരുന്നത് ചൂടിന്റെ കാഠിന്യം വര്‍ധിപ്പിക്കും.

ഈ നില തുടര്‍ന്നാല്‍ മാര്‍ച്ച് രണ്ടാം വാരത്തോടെ സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടൊപ്പം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ കാണപ്പെട്ടിരുന്ന ഉഷ്ണതരംഗം എന്ന പ്രതിഭാസം ഇത്തവണ സംസ്ഥാനത്തെ മൂന്നോ നാലോ ജില്ലകളിലുണ്ടാകാനിടയുണ്ടെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.
ചരിത്രത്തിലാദ്യമായി കഴിഞ്ഞ വര്‍ഷമാണ് ഉഷ്ണതരംഗം കേരളത്തിലെ രണ്ട് ജില്ലകളില്‍ രേഖപ്പെടുത്തിയത്. കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ഉഷ്ണതരംഗം അനുഭവപ്പെട്ടത്. പകല്‍ച്ചൂടിന്റെ വര്‍ധന ഇക്കുറി കൂടുതല്‍ ജില്ലകളില്‍ ഉഷ്ണതരംഗം ഉണ്ടാകാന്‍ സാധ്യതയുള്ളതിന്റെ ലക്ഷണമായിരിക്കാമെന്ന് കാര്‍ഷിക സര്‍വകലാശാലയിലെ കാലാവസ്ഥാവിഭാഗം ശാസ്ത്രജ്ഞനായ ഡോ. സി എസ് ഗോപകുമാര്‍ പറഞ്ഞു.

ചൂടിന്റെ കാഠിന്യം കണക്കിലെടുത്താല്‍ കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത കണക്കാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പകല്‍ താപനില ഇപ്പോള്‍ത്തന്നെ പല ജില്ലകളിലും 35 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഇന്നലെ 37 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ, ഏറണാകുളം ജില്ലകളിലും ഇന്നലെ 35 ഡിഗ്രി സെല്‍ഷ്യസിനുമേല്‍ കണക്കാക്കി. മുന്‍ വര്‍ഷങ്ങളില്‍ ഫെബ്രുവരിയില്‍ ഇത്രയധികം അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നിട്ടില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വര്‍ഷംതോറും 0.01 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്ന പ്രവണതയുണ്ടെങ്കിലും ഇക്കുറി അതിന്റെ തോത് നേരത്തെ തന്നെ ഉയര്‍ന്നതായാണ് കണക്കാക്കുന്നത്. ഫെബ്രുവരിയുടെ തുടക്കത്തില്‍ രാത്രി ചൂട് കുറവായിരുന്നുവെങ്കിലും മാസാവസാനത്തോടെ രാത്രിയിലും ഉഷ്ണം അനുഭവപ്പെട്ടു തുടങ്ങി. ഈ അവസ്ഥക്ക് ഇനിയും മാറ്റം വരുമെന്നാണ് കണക്കുകൂട്ടല്‍. മാര്‍ച്ച് രണ്ടാം വാരത്തോടെ രാത്രി ചൂടും വര്‍ധിക്കും.

കഴിഞ്ഞ ഏതാനും വര്‍ഷത്തെ പ്രവണതയനുസരിച്ച് സംസ്ഥാനത്ത് സൂര്യാഘാതത്തിനുള്ള സാധ്യതയും ഏറെയാണ്. മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യത്തോടെയോ സൂര്യാഘാതത്തിന് സാധ്യത നിലനില്‍ക്കുന്നുവെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി സംസ്ഥാനത്തെ ഭൂമിയുടെ ഉപയോഗത്തിലുള്ള വ്യത്യാസവും ഇപ്പോഴത്തെ കാലാവസ്ഥയെ ഗണ്യമായി സ്വാധീനിക്കുന്നുണ്ടെന്ന് സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ ശാസ്ത്രജ്ഞന്‍ ഡോ. കെ കമലാക്ഷന്‍ പറഞ്ഞു. അമിത ജലചൂഷണവും തോട്ട വിളകള്‍ വര്‍ധിച്ചതും നെല്‍പ്പാടം പോലുള്ള തണ്ണീര്‍ തടങ്ങള്‍ ഇല്ലാതായതും കാലാവസ്ഥാ മാറ്റത്തിന് പ്രധാന കാരണമായി മാറുന്നതായി ഭൗമശാസ്ത്ര പഠനകേന്ദ്രം സമര്‍പ്പിച്ച പുതിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.