ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് പിണറായി

Posted on: March 1, 2017 12:38 am | Last updated: March 1, 2017 at 12:38 am

തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡം അനുസരിച്ച് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് പിണറായി വിജയന്‍. ടി പി വധക്കേസിലെ പ്രതികള്‍ക്ക് ഇളവ് നല്‍കിയോ എന്ന കാര്യം ഇപ്പോള്‍ കൃത്യമായി പറയാനാകില്ല. നിയമപ്രകാരം 14 വര്‍ഷം ശിക്ഷ അനുഭവിച്ചവര്‍ക്ക് മാത്രമാണ് ഇളവിന്റെ ആനുകൂല്യം ലഭിക്കുക. അതുകൊണ്ടുതന്നെ മാനദണ്ഡമനുസരിച്ച് ടി പി കേസിലെ പ്രതികളെ ഈ ഇളവില്‍ പരിഗണിക്കാനാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ജയിലില്‍ കഴിയുന്നവരില്‍ ആര്‍ക്കും അനധികൃതമായി സര്‍ക്കാര്‍ ശിക്ഷായിളവിന് ശിപാര്‍ശ ചെയ്തിട്ടില്ല. അത്തരം വാര്‍ത്തകള്‍ അവാസ്തവമാണ്. 1,850 തടവുകാരെ മോചിപ്പിക്കുന്നു എന്നതും തെറ്റാണ്. തടവുകാര്‍ക്കുള്ള ഇളവ് തീരുമാനിച്ചത് മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച അതേ മാനദണ്ഡപ്രകാരമാണ്. അതില്‍ യാതൊരു വ്യതിയാനവും വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 14 വര്‍ഷം ജീവപര്യന്തം ശിക്ഷ അനുഭവിച്ചവര്‍ക്ക് പ്രത്യേക ഇളവ് നല്‍കുന്നത് സര്‍ക്കാറിന്റെ വിവേചനാധികാരമാണ്. ഇതിനെ ഗുണ്ടകളെ സംരക്ഷിക്കുന്നുവെന്ന തരത്തില്‍ ആക്ഷേപിക്കേണ്ടതില്ല. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് തയ്യാറാക്കിയ പട്ടികയുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നടപടികള്‍ സ്വീകരിച്ചത്.

അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അംഗീകരിച്ച പട്ടികയില്‍ തീരുമാനമെടുക്കാന്‍ വൈകുകയാണുണ്ടായത്. വാടകക്കൊലയാളി, ജാതി, മത, വര്‍ഗീയ, രാജ്യദ്രോഹക്കുറ്റങ്ങളില്‍ ഉള്‍പ്പെട്ടവര്‍, കള്ളക്കടത്ത്, കൊല, സര്‍ക്കാര്‍, ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അതിക്രമം, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമം, നാര്‍ക്കോട്ടിക് നിയമപ്രകാരം പിടിയിലായവര്‍, അയല്‍ സംസ്ഥാനത്തെ കോടതികളില്‍ ശിക്ഷിക്കപ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ പട്ടികയില്‍ ഇടം നേടിയിട്ടില്ല. 2,262 പേരുടെ പട്ടികയാണ് ജയില്‍ വകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചത്.
ഇതേക്കുറിച്ച് പ്രത്യേക കമ്മിറ്റി പരിശോധിച്ച് നല്‍കിയ പട്ടികയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഗുണ്ടകള്‍ക്ക് ശിക്ഷായിളവ് നല്‍കിയെന്നത് യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തടവുശിക്ഷയില്‍ ഇളവ് നല്‍കിയ 1,850 പേരുടെ പട്ടികയില്‍ ടി പി കേസില്‍ വാടകക്കൊലയാളികളെന്ന് കോടതി വിശേഷിപ്പിച്ചവരും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ഇതേക്കുറിച്ച് അന്വേഷിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.