Connect with us

Sports

ജെയ് ജെയ് ബഗാന്‍

Published

|

Last Updated

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്ലബ്ബ് മോഹന്‍ ബഗാന്‍ എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി. പ്ലേ ഓഫിലെ രണ്ടാം പാദത്തില്‍ മാലദ്വീപ് ക്ലബ്ബായ വലന്‍സിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബഗാന്‍ അനായാസം മുന്നേറിയത്. മാലദ്വീപില്‍ നടന്ന ആദ്യപാദം 1-1 ആയിരുന്നു. ഇരുപാദത്തിലുമായി 5-2നാണ് ബഗാന്റെ ജയം.

എ എഫ് സി കപ്പിന്റെ ഗ്രൂപ്പ് ഇയിലേക്കാണ് ബഗാന്റെ മുന്നേറ്റം. ഇന്ത്യന്‍ ക്ലബ്ബായ ബെംഗളുരു എഫ് സി, മസിയ, ധാക്ക അബാഹാനി ക്ലബ്ബുകളും ഗ്രൂപ്പ് ഇയിലുണ്ട്.
ജെജെ ലാല്‍പെഖുലയുടെ ഹാട്രിക്കാണ് (2, 45, 82) ബഗാന് തകര്‍പ്പന്‍ ജയമൊരുക്കിയത്. എണ്‍പത്തേഴാം മിനുട്ടില്‍ സോണി നോര്‍ദെയാണ് നാലാം ഗോള്‍ നേടിയത്. ഗോഡ്‌ഫ്രെ ഒമോദുവാണ് വലന്‍സിയയുടെ ആശ്വാസ ഗോളടിച്ചത്.
ബഗാന്‍ കോച്ച് സഞ്‌ജോയ് സെന്‍ അറ്റാക്കിംഗില്‍ സോണി നോര്‍ദെ, എഡ്വോര്‍ഡോ ഫെറേറ എന്നിവര്‍ക്ക് മുന്നിലായി ബല്‍വന്ദ് സിംഗിനെയും ജെജെ ലാല്‍പെഖുലയെയും അണിനിരത്തി.
യുവതാരം സാര്‍ഥക് ഗോലുവിന് അപ്രതീക്ഷിതമായി സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ അവസരം നല്‍കി.

വലന്‍സിയ മുന്നേറ്റത്തില്‍ ഗോഡ്ഫ്‌റെ ഒമോഡുവും അഹമ്മദ് മുജുതാബയും. ഇവര്‍ക്ക് പിന്തുണ നല്‍കാന്‍ അഹമ്മദ് റില്‍വാന്‍ തൊട്ടു പിറകില്‍. ക്യാപ്റ്റന്‍ ഷാപു അഹമ്മദ് ഗോള്‍ വല കാക്കുമ്പോള്‍ പ്രതിരോധത്തിലെ മറ്റൊരു പ്രധാന മുഖം ചിസി കാകയാണ്.
ആദ്യ പാദത്തിലേത് പോലെ ആദ്യ മിനുട്ടുകളില്‍ തന്നെ ബഗാന്‍ ലീഡെടുത്തു. രണ്ടാം മിനുട്ടില്‍ പ്രഭിര്‍ ദാസിന്റെ കോര്‍ണര്‍ കിക്കില്‍ ഉരുത്തിരിഞ്ഞ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ജെജെ എക്കൗണ്ട് തുറന്നത്. പ്രഭിറിന്റെ കിക്ക് ബോക്‌സിനുള്ളില്‍ ഉസാം കൈം കൊണ്ട് തട്ടിയതിനായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്. ജെജെയുടെ കിക്ക് വലന്‍സിയ ഗോളി മുഹമ്മദ് ഫൈസലിന് അവസരം നല്‍കാതെ വലയില്‍.
ഇരുപത്തിനാലാം മിനുട്ടില്‍ സോണി നോര്‍ദെ നാല് എതിര്‍ താരങ്ങളെ മറികടന്ന് ബല്‍വന്ദ് സിംഗിന് നല്‍കിയ പന്ത ്‌വളരെ മികച്ചതായിരുന്നു. ഗോള്‍ കീപ്പര്‍ ഫൈസലിനെ കീഴടക്കാന്‍ പക്ഷേ ബല്‍വന്ദ് സിംഗിന് സാധിച്ചു. ആദ്യപകുതിക്ക് പിരിയാനിരിക്കെയാണ് ബഗാന്റെ രണ്ടാം ഗോള്‍.
ബല്‍വന്ദ് സിംഗിന്റെ പാസിലാണ് ജെജെയുടെ രണ്ടാം ഗോള്‍. ഷോട്ട് ക്രോസ് ബാറിന്റെ അടിഭാഗത്ത് തട്ടി വലക്കുള്ളില്‍ കയറി. ആദ്യപകുതിക്ക് പിരിയുമ്പോള്‍ സ്‌കോര്‍ 2-0.
രണ്ടാം പകുതിയില്‍ തുടക്കത്തില്‍ സോണി നോര്‍ദെക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. എഡ്വോര്‍ഡോ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ നല്‍കിയ പന്ത് നോര്‍ദെക്ക് അനായാസം മുന്നോട്ട് ഓടിപ്പിടിക്കാന്‍ സാധിച്ചു. എന്നാല്‍ ഹെയ്തിയന്‍ താരത്തിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തായി.

അമ്പത്തിരണ്ടാം മിനുട്ടില്‍ വലന്‍സിയ തിരിച്ചടിച്ചു. ബഗാന്‍ ഡിഫന്‍ഡര്‍മാരായ അനസ് എടത്തൊടിക്കക്കും എഡ്വോര്‍ഡോക്കും മധ്യത്തില്‍ ലോംഗ് ബോള്‍ കൃത്യമായി സ്വീകരിച്ച ഒമോഡു ഗോളി ദേബ്ജിത്തിന് മുന്നൊരുക്കത്തിനുള്ള അവസരം നല്‍കാതെ ഫിനിഷ് ചെയ്തു, 2-1.
എഴുപത്തിമൂന്നാം മിനുട്ടില്‍ ബല്‍വന്തിന് മികച്ച അവസരം. പ്രഭിര്‍ നല്‍കിയ മനോഹരമായ പാസ് കണക്ട് ചെയ്യുന്നതില്‍ ബല്‍വന്ദിന് പിഴച്ചു.
തുടര്‍ന്നും ബഗാന്‍ ഇരച്ചു കയറി. ബല്‍വന്ദിന് വീണ്ടും സുവര്‍ണാവസരം. കാസുമി, പ്രഭിര്‍ സഘത്തിന്റെ മുന്നേറ്റത്തില്‍ ബല്‍വന്ദിന് ലഭിച്ച പന്ത് നേരിയ വ്യത്യാസത്തിന് പിറന്നു.
ജെജെയുടെ ഹാട്രിക്കാണ് അടുത്തത്. കാസുമിയും പ്രഭിര്‍ ദാസും നടത്തിയ ആസൂത്രിത മുന്നേറ്റം. പ്രഭിറിന്റെ ക്രോസ് ബോക്‌സിനുള്ളിലേക്ക്.
ഡൈവിംഗ് ഹെഡറിലൂടെ ജെജെ വലക്കുള്ളിലാക്കി, 3-1. മത്സരം അവസാനിക്കാന്‍ മൂന്ന് മിനുട്ട് ശേഷിക്കെ സോണി നോര്‍ദെയിലൂടെ ബഗാന്‍ ജയം ആധികാരികമാക്കി.

 

---- facebook comment plugin here -----

Latest