Connect with us

National

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ബസുകളില്‍ മയക്കുമരുന്ന് കടത്തുന്നു

Published

|

Last Updated

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് അന്തര്‍ സംസ്ഥാന ബസുകളില്‍ മയക്കുമരുന്ന് കടത്ത് നിര്‍ബാധം തുടരുന്നു. ഇത് തടയാന്‍ അന്തര്‍ സംസ്ഥാന ബസുകളില്‍ ഫലപ്രദമായ പരിശോധനക്കുള്ള സംവിധാനം ഇല്ലെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. കാര്യക്ഷമമായ പരിശോധന നടത്തി ഇത്തരം കുറ്റകൃത്യങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് സൗകര്യങ്ങള്‍ ചെയ്ത് തരണമെന്ന് അഭ്യര്‍ഥിച്ച് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വിഭാഗം സര്‍ക്കാറിന് കത്തയച്ചിട്ടുണ്ട്. കേരളത്തിലേക്ക് ഉള്‍പ്പെടെ ബെംഗളൂരുവില്‍ നിന്ന് അന്തര്‍ സംസ്ഥാന ബസുകള്‍ വഴി മയക്കുമരുന്ന് എത്തുന്നതായി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കേരള സര്‍ക്കാറിനെ അറിയിച്ചിരുന്നു. പാഴ്‌സലുകള്‍ പരിശോധിക്കാനുള്ള സംവിധാനം പല അന്തര്‍ സംസ്ഥാന ബസുകളിലുമില്ലെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സാക്ഷ്യപ്പെടുത്തുന്നു. യാത്രക്കാരില്‍ നിന്ന് മതിയായ രേഖകളും പല ബസുകാരും വാങ്ങുന്നില്ല. രേഖകള്‍ വാങ്ങി സൂക്ഷിക്കണമെന്നതാണ് വ്യവസ്ഥ. ഉന്നത തലത്തില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ബ്യൂറോ അധികൃതര്‍ പറഞ്ഞു. കേരളത്തില്‍ നടക്കുന്ന ഉന്നത തല പോലീസ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം വേണമെന്നതാണ് എന്‍ സി ബിയുടെ ആവശ്യം.

കേരളത്തിലേക്കുള്ള മയക്കുമരുന്നുകളില്‍ നല്ലൊരു ശതമാനം എത്തുന്നത് കര്‍ണാടകയില്‍ നിന്നാണ്. വില പിടിപ്പുള്ള മയക്കുമരുന്നുകളും മറ്റും ബസുകളില്‍ കയറ്റി അയക്കാന്‍ പ്രത്യേക ലോബി തന്നെ രഹസ്യമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. നിയമപാലകര്‍ക്ക് ഇവര്‍ നല്ലൊരു തുക പ്രതിമാസം കൈമടക്കായി നല്‍കുന്നതിനാല്‍ പലപ്പോഴും ഈ ലോബി നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുന്നതും പതിവാണ്.
മലയാളികള്‍ ഉള്‍പ്പെടെ അന്യസംസ്ഥാനക്കാര്‍ ഏറെ താമസിക്കുന്ന ബെംഗളൂരു നഗരത്തില്‍ കഞ്ചാവ് മുതല്‍ കൊക്കെയ്ന്‍ വരെയുള്ള ഏത് മയക്കുമരുന്നും എളുപ്പത്തില്‍ ലഭിക്കുമെന്നതാണ് അവസ്ഥ. ലഹരിവസ്തുക്കളുടെ ഉപയോഗം ബംഗളൂരുവില്‍ വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും അമിത ഉപയോഗമാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും മറ്റു സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളും ബെംഗളൂരുവില്‍ വ്യാപകമാകാന്‍ കാരണമാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ നഗരത്തിലെ മയക്കുമരുന്ന് കേസുകള്‍ മൂന്നിരട്ടിയായി വര്‍ധിച്ചു. 289 പേരെയാണ് ബെംഗളൂരു പോലീസ് കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തത്. 2014 വര്‍ഷത്തേതിനെക്കാള്‍ 203 പേര്‍ അധികമാണ് ഇത്. പുതുവത്സര രാവില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമ സംഭവം ബെംഗളൂരുവിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിരുന്നു.