Connect with us

Kerala

പണിമുടക്ക് പൂര്‍ണം; ബേങ്കിംഗ് മേഖല സ്തംഭിച്ചു

Published

|

Last Updated

തിരുവനന്തപുരം: പൊതുമേഖലാ ബേങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തിയ പണിമുടക്കില്‍ ബേങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. സംസ്ഥാനത്ത് 7,000 ബേങ്ക് ശാഖകളിലായി 45,000 ഓളം ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കി. ബേങ്ക് ജീവനക്കാരുടെ ഒമ്പത് പ്രമുഖ യൂനിയനുകളുടെ പൊതുവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂനിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടന്നത്. പ്രധാന നഗരങ്ങളില്‍ ജീവനക്കാര്‍ പ്രകടനവും പൊതുയോഗവും നടത്തി. തിരുവനന്തപുരത്ത് സ്റ്റ്യാച്യുവില്‍ സ്റ്റേറ്റ് ബേങ്ക് ശാഖക്ക് സമീപമായിരുന്നു യോഗം. രാജ്യത്തെമ്പാടും പത്ത് ലക്ഷത്തോളം ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.

സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് യൂനിയനുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുമേഖലാ ബേങ്കുകള്‍, ഷെഡ്യൂള്‍ഡ് ബേങ്കുകള്‍, ഗ്രാമീണ ബേങ്കുകള്‍, സഹകരണ ബേങ്കുകള്‍ എന്നിവയിലെ ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കില്‍ പങ്കെടുത്തു. ബി എം എസില്‍ അഫിലിയേറ്റ് ചെയ്ത സംഘടനകളായ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബേങ്ക് വര്‍ക്കേഴ്‌സ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബേങ്ക് ഓഫീസേഴ്‌സ് എന്നിവ സമരത്തില്‍ നിന്ന് വിട്ടു നിന്നു.
പ്രമുഖ ബേങ്കുകളായ എസ് ബി ഐ, പഞ്ചാബ് നാഷണല്‍ ബേങ്ക്, ബേങ്ക് ഓഫ് ബറോഡ തുടങ്ങിയവയുടെ പണിമുടക്ക് ബേങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഐ സി ഐ സി ഐ, ആക്‌സിസ് ബേങ്ക് തുടങ്ങിയ പുതുതലമുറ ബേങ്കുകള്‍ പ്രവര്‍ത്തിച്ചെങ്കിലും മറ്റു ബേങ്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ചെക് ക്ലിയറന്‍സ് തടസ്സപ്പെട്ടു.

ബേങ്കുകളിലെ കിട്ടാക്കടത്തിന് ഉയര്‍ന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കുക, മനഃപൂര്‍വം കടമടക്കാത്തവര്‍ക്ക് നേരെ ക്രിമിനല്‍ നടപടി തുടങ്ങുക, ജീവനക്കാരുടെ വേതനസേവന കരാറുകള്‍ പുതുക്കുക, നോട്ട് നിരോധന സമയത്ത് അധിക ജോലി ചെയ്ത ജീവനക്കാര്‍ക്ക് അധിക കൂലി നല്‍കുക തുടങ്ങിയവയാണ് ബേങ്ക് യൂനിയനുകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍. അഞ്ച് അസോസിയേറ്റ് ബേങ്കുകളെ എസ് ബി ഐയില്‍ ലയിപ്പിക്കുന്നതിനെയും യൂനിയനുകള്‍ എതിര്‍ക്കുന്നുണ്ട്.

 

Latest