Connect with us

Kerala

കോര്‍പറേറ്റ് അധിനിവേശങ്ങള്‍ക്കെതിരെ മാധ്യമസമൂഹം ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കോര്‍പറേറ്റ് അധിനിവേശങ്ങള്‍ക്കെതിരെ മാധ്യമസമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതികമായ വളര്‍ച്ച മൂല്യങ്ങളുടെ കാര്യത്തില്‍ പ്രതിഫലിച്ചിട്ടുണ്ടോയെന്ന് മാധ്യമങ്ങള്‍ സ്വയം പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം..

കോര്‍പറേറ്റ് അധിനിവേശങ്ങള്‍ക്കെതിരെ മാധ്യമസമൂഹം ജാഗ്രത പാലിക്കണം. സാങ്കേതികമായ വളര്‍ച്ച മൂല്യങ്ങളുടെ കാര്യത്തില്‍ പ്രതിഫലിച്ചിട്ടുണ്ടോയെന്ന് മാധ്യമങ്ങള്‍ സ്വയം പരിശോധിക്കേണ്ടതുണ്ട്. 2015ലെ സ്വദേശാഭിമാനികേസരി പുരസ്‌കാരം മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന് സമ്മാനിച്ചു.

സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് ദേശസേവനത്തിനായിരുന്നു മാധ്യമനടത്തിപ്പ്. അത് ബിസിനസായി ഇക്കാലത്ത് പൊതുവില്‍ മാറി. പത്രപ്രവര്‍ത്തനം പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്ന അക്കാലത്തെ അവസ്ഥയില്‍ നിന്ന് ഇന്ന് തൊഴില്‍മേഖലയായി. എന്നാല്‍, ഇക്കാലത്തും പത്രപ്രവര്‍ത്തനത്തെ മഹനീയ സേവനരംഗമായി കരുതി ജീവിതം നീക്കിവെച്ച ഒട്ടേറെ പേരുണ്ട്. സ്വന്തം പ്രയത്‌നത്തിലൂടെ നാടിനെ പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചവരുണ്ട്. അത്തരക്കാരെ കണ്ടെത്തി ആദരിക്കാനാണ് സ്വദേശാഭിമാനികേസരി പുരസ്‌കാരം നല്‍കുന്നത്.

പത്രപ്രവര്‍ത്തകരുടെയും പത്രഉടമകളുടെയും താത്പര്യങ്ങള്‍ തമ്മില്‍ വൈരുദ്ധ്യം ഉണ്ടാകാതിരുന്നാലേ മാതൃകാപരമായ പത്രപ്രവര്‍ത്തനം സാധ്യമാകൂ. ഇന്ന് മാധ്യമരംഗത്തെ ചെറുഗ്രൂപ്പുകള്‍ പോലും അപ്രത്യക്ഷമാകുകയും വന്‍കിട കോര്‍പറേറ്റുകള്‍ മാധ്യമമേഖലയാകെ കൈയടക്കുകയുമാണ്. സംസ്ഥാനങ്ങളുടെ സാംസ്‌കാരികത്തനിമപോലും ഇല്ലായ്മ ചെയ്യപ്പെടുന്ന അവസ്ഥയാണ് ഇത്തരം പ്രവണതയിലൂടെ ഉണ്ടാകുന്നത്. ഇതുപോലുള്ള അധിനിവേശങ്ങള്‍ക്കെതിരെ മാധ്യമസമൂഹം ജാഗ്രത പാലിക്കണം.

കേരളത്തില്‍ നൂറിലേറെ വര്‍ഷം പാരമ്പര്യമുള്ള പത്രസ്ഥാപനങ്ങളുള്ളത് അഭിമാനമാണ്. ഇത്തരം സ്ഥാപനങ്ങള്‍ നമ്മുടെ ഭാഷയുടേയും സംസ്‌കാരത്തിന്‍േറയും തനത് സ്വഭാവങ്ങള്‍ ശക്തിപ്പെടുത്താന്‍ കൂടുതല്‍ ശ്രദ്ധവെയ്ക്കണം.
സമൂഹമാധ്യമങ്ങളുടെ മലവെള്ളപ്പാച്ചിലുള്ള ഇക്കാലത്തെ പത്രപ്രവര്‍ത്തനം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ്. ഏതു വാര്‍ത്തയും പ്രത്യേകിച്ച് എഡിറ്ററില്ലാതെ സെന്‍സേഷണലായി കൈകാര്യം ചെയ്യുന്ന നവമാധ്യമങ്ങളെ അതിജീവിച്ചാണ് മാധ്യമങ്ങള്‍ മുന്നോട്ടുപോകുന്നത്. സമൂഹമാധ്യമങ്ങളെപ്പോലെ അഭിപ്രായം പ്രകടിപ്പിക്കാന്‍ പത്രങ്ങള്‍ക്ക് പരിമിതിയുണ്ട്. ഉത്തരവാദിത്തത്തോടെ അത്തരമൊരു മല്‍സരത്തിന് മലയാള പത്രരംഗത്തെ പ്രാപ്തനാക്കിയ വ്യക്തിത്വമാണ് തോമസ് ജേക്കബിന്റേത്.

Latest