ഓസ്‌കാര്‍ പുരസ്‌കാരപ്പട്ടികയില്‍ ഖത്വര്‍ ധനസഹായം ലഭിച്ച ചിത്രവും

Posted on: February 28, 2017 10:58 pm | Last updated: February 28, 2017 at 9:59 pm
SHARE

ദോഹ: വിദേശ ഭാഷാ വിഭാഗത്തില്‍ ഓസ്‌കാര്‍ അക്കാദമി പുരസ്‌കാരത്തിനു തിരഞ്ഞെടുത്തു ചിത്രം, ദി സെയില്‍സ്മാന്‍ നിര്‍മിച്ചത് ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ധനസഹായത്താല്‍. അവാര്‍ഡിനെ ചരിത്രപരം എന്നു വിശേഷിപ്പിച്ച് ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ട്വീറ്റ് ചെയ്തു. ചലച്ചിത്ര നിര്‍മാണത്തിന് സാമ്പത്തിക സഹായം നല്‍കി വരുന്ന അറബ് രാജ്യങ്ങളുടെ 48 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു അംഗീകാരം തേടിയെത്തുന്നത്. ഖത്വര്‍ സാമ്പത്തിക സഹായം നല്‍കിയ ഒരു ചിത്രത്തിന് രാജ്യാന്തര പ്രശസ്ത പുരസ്‌കാരം ലഭിക്കുന്നതും ആദ്യം.

അതേസമയം, ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ധന സഹായം നല്‍കിയ ചിത്രങ്ങള്‍ നേരത്തേയും ഓസ്‌കാര്‍ ചുരക്കപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഖത്വര്‍ ഭാഗിക ധനസഹായം നല്‍കിയ രണ്ടു ചിത്രങ്ങള്‍ ഓസ്‌കാറിനു നിര്‍ദേശിക്കപ്പെട്ടിരുന്നു. പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍
ആര്‍തര്‍ മില്ലറുടെ ഡെത്ത് ഓഫ് എ സെയില്‍സ്മാന്‍ എന്ന നാടകത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കേ ബന്ധം വേര്‍ പിരിയുന്ന യുവ ദമ്പതികളുടെ കഥ പറയുന്ന ചിത്രമാണ് ദി സെയില്‍സ്മാന്‍. ഇറാനിയന്‍ സംവിധാകന്‍ അശ്ഗര്‍ ഫര്‍ഹാദിയാണ് ചിത്രം ഒരുക്കിയത്.

അതിനിടെ കഴിഞ്ഞ ദിവസം ലോസ് ആഞ്‌ജെല്‍സില്‍ നടന്ന ഓസ്‌കാര്‍ പുരസ്‌കാര ദാനച്ചടങ്ങില്‍ അശ്ഗര്‍ പങ്കെടുത്തില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിലക്കില്‍ പ്രതിഷേധിച്ചാണ് അദ്ദഹം ചടങ്ങില്‍ നിന്നും വിട്ടു നിന്നത്. തന്റെതുള്‍പ്പെടെ ഏഴു രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും തങ്ങളെ മാനുഷികമായി അവഹേളിക്കുകയും ചെയ്യുന്ന അമേരിക്കന്‍ നടപടിയോട് വിയോജിച്ചു കൊണ്ടാണ് പങ്കെടുക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. തടസങ്ങള്‍ തകര്‍ത്തെറിഞ്ഞ് ലോകത്ത് പരസ്പര ബഹുമാനവും വിശ്വാസ്യതയും വളര്‍ത്തുന്നതില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഞങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമിടയില്‍ സഹാനുഭൂതി സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. മറ്റെപ്പോഴും ഉള്ളതിനേക്കാളേറെ സഹാനുഭൂതി ഇപ്പോള്‍ തങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസം ദോഹയില്‍ നടക്കുന്ന ഖുംറ ഫിലിം ഫെസ്റ്റിവലില്‍ അശ്ഗര്‍ ഫര്‍ഹാദി പങ്കെടുക്കും. ഖുംറ ഫെസ്റ്റിലെ സംവിധായകരുടെ സെഷനുകള്‍ അദ്ദേഹം നയിക്കും.