Connect with us

Gulf

മുലപ്പാലിന് പകരം നല്‍കുന്ന ഉത്പന്നങ്ങളെ നിയന്ത്രിക്കാന്‍ നിയമം തയ്യാറാകുന്നു

Published

|

Last Updated

ദോഹ: കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്, മുലപ്പാലിന് പകരം നല്‍കുന്ന വസ്തുക്കളെ നിയന്ത്രിക്കുന്ന കരടു നിയമത്തിന് പൊതു ആരോഗ്യ മന്ത്രാലയം അന്തിമരൂപം നല്‍കി. കരടുനിയമം അംഗീകാരത്തിനായി ഉടന്‍ സമര്‍പ്പിക്കുമെന്നും നിയമം നടപ്പിലായാല്‍ മുലപ്പാലിന് പകരം നല്‍കുന്ന ഉത്പന്നങ്ങളെ പ്രചരിപ്പിക്കുന്നത് നിരോധിക്കുമെന്നും മന്ത്രാലയത്തിലെ ഹെല്‍ത്ത് പ്രമോഷന്‍, സാംക്രമികേതര രോഗം വകുപ്പ് ഡയറക്ടര്‍ ഡോ. ശൈഖ അല്‍ അനൂദ് ബിന്‍ത് മുഹമ്മദ് അല്‍ താനി അറിയിച്ചു.

ലോകാരോഗ്യ സംഘടനയിലെ ലോകാരോഗ്യ സമ്മേളനം അംഗീകരിച്ച മുലപ്പാല്‍ പ്രചാരണത്തിനുള്ള അന്താരാഷ്ട്ര ആരോഗ്യ നയമായ മുലപ്പാലിന് പകരമുള്ള ഉത്പന്നങ്ങളുടെ വിപണത്തിനുള്ള അന്താരാഷ്ട്ര ചട്ടത്തെ പിന്‍പറ്റിയുള്ളതായിരിക്കും പുതിയ നിയമം. മുലപ്പാലിന് പകരമുള്ള ഉത്പന്നങ്ങളുടെ വിപണത്തിനുള്ള അന്താരാഷ്ട്ര ചട്ടത്തില്‍ 1998ലാണ് ഖത്വര്‍ ഒപ്പുവെച്ചത്. ഇതിന്റെ ശിപാര്‍ശ പ്രകാരമുള്ള നിയമം, മുലപ്പാലിന് പകരം നല്‍കുന്ന ഉത്പന്നങ്ങളുടെ പ്രചാരണം തടയുന്നതാണ്. ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളില്‍ മാത്രമെ അത്തരം ഉത്പന്നങ്ങള്‍ ഡോക്ടര്‍മാര്‍ കുട്ടികള്‍ക്ക് കുറിച്ചുനല്‍കാവൂ. ഇത്തരം ഉത്പന്നങ്ങളുടെ പ്രചാരണത്തിനുള്ള പരിപാടികളില്‍ ആരോഗ്യസേവന ദാതാക്കള്‍ പങ്കെടുക്കാന്‍ പാടില്ല. ശിശു സൗഹൃദ ആശുപത്ര സംരംഭവുമായി ബന്ധപ്പെട്ട വര്‍ക്‌ഷോപ്പില്‍ സംസാരിക്കുകയായിരുന്നു ശൈഖ അല്‍ അനൂദ്. കുഞ്ഞുങ്ങള്‍ മുലപ്പാല്‍ നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പദ്ധതി. ഗര്‍ഭിണികളെയും പ്രസവിച്ചവരെയും കുടുംബത്തെയും പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്ന ആശുപത്രി അന്തരീക്ഷം സൃഷ്ടിക്കുക, ഏറെ ഉത്തേജനം പകരുന്ന വിവരജ്ഞരായ ഉയര്‍ന്ന കഴിവുള്ള രീതിയില്‍ ആശുപത്രി ജീവനക്കാരെ മാറ്റുക തുടങ്ങിയവ ഉള്‍പ്പെടുന്നതാണിത്. രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ശിശു സൗഹൃദ പദ്ധതി നടപ്പാക്കും.

നിലവില്‍ അഞ്ച് സര്‍ക്കാര്‍- പൊതു ആശുപത്രികള്‍ ശിശു സൗഹൃദമാകുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പാലൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ജോലി ചെയ്യുന്ന ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ വിലയിരുത്തി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ചെയ്യുകയാണ് ജീവനക്കാര്‍ വേണ്ടത്. ഇതിനായി പ്രത്യേക ശില്‍പ്പശാല നടത്തുകയാണ് മന്ത്രാലയം. പാലൂട്ടുന്നതിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ബോധവത്കരിക്കുന്നതിന് മന്ത്രാലയം ഉടനെ പ്രചാരണം ആരംഭിക്കും. മാതാവിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്ന അബദ്ധജഡിലമായ ധാരണ കാരണം രാജ്യത്ത് കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്ന നിരക്ക് വളരെ കുറവാണ്. ചില സ്ത്രീകള്‍ക്ക് ഇണയില്‍ നിന്നും കുടുംബത്തില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. മാത്രമല്ല മുലപ്പാല്‍ നല്‍കുന്നത് സംബന്ധിച്ച് കൃത്യമായ അറിവും പലര്‍ക്കുമില്ലെന്ന് ഡോ. അല്‍ അനൂദ് പറഞ്ഞു.
പ്രസവാവധിയുടെ സമയം ദീര്‍ഘിപ്പിക്കുന്നതിന് ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് ആരോഗ്യ മന്ത്രാലയം പ്രവര്‍ത്തിക്കും. നിലവില്‍ അമ്പത് ദിവസത്തെ പ്രസവാവധിയാണ് തൊഴില്‍ നിയമം അനുവദിക്കുന്നത്. കുഞ്ഞിന് ഒരു വയസ്സാകുന്നത് വരെ മാതാക്കള്‍ക്ക് ദിവസം ഒരു മണിക്കൂര്‍ ഇടവേള അനുവദിക്കും.

 

Latest