Connect with us

Gulf

കതാറയിലെ ചുമരുകളില്‍ ജീവന്‍ വിടര്‍ന്ന് ഛായങ്ങള്‍

Published

|

Last Updated

കതാറയുടെ ചുമരില്‍ ചിത്രം പെയിന്റ് ചെയ്യുന്ന കലാകാരി

ദോഹ: ഛായങ്ങളില്‍ വിടര്‍ന്ന ചിത്രങ്ങള്‍ക്ക് ജീവിതത്തിന്റെ തുടിപ്പു നല്‍കി കതാറയിയിലെ ചുമരുകള്‍. വ്യത്യസ്ത ഭാവങ്ങളും നിറങ്ങളും നിറഞ്ഞ 104 ചുമര്‍ ചിത്രങ്ങളാണ് അനുഗ്രഹീത കലാകാരമന്‍മാര്‍ വരഞ്ഞൊരുക്കിയത്. കതാറ സംഘടിപ്പിച്ച രണ്ടാമത് ചുമര്‍ചിത്രമെഴുത്ത് മേളയുടെ ഭാഗമായാണ് കലാവൈഭവങ്ങളുടെ നിറങ്ങള്‍ വിരിഞ്ഞത്. കതാറയുടെ ചുമരുകള്‍ കലാകാരന്‍മാരുടെ ബ്രഷിനൊപ്പം എന്ന സന്ദേശത്തിലായിരുന്നു ചിത്രമെഴുത്ത്.

ഛായാചിത്രം വരയിലെ വൈദഗ്ധ്യവും സാങ്കേതികത്തികവും നിറഞ്ഞതായിരുന്നു ചുമര്‍ ചിത്രങ്ങള്‍. ഖത്വറിന്റെ വ്യക്തിത്വവും കതാറയുടെ കഥയും സംയോജിപ്പിച്ചു കൊണ്ടുള്ള അര്‍ഥവത്തായ ചിത്രങ്ങള്‍ വരയാനാണ് കലാ പ്രതിഭകളോട് സംഘാടകര്‍ ആവശ്യപ്പെട്ടത്. മഴ പൊഴിയും കാലാവസ്ഥയെയും അതിജയിക്കാവുന്ന വിധം നൂതന സംവിധാനങ്ങള്‍ കൂടി ഉപയോഗിച്ചാണ് ചിത്രകലാ പ്രവര്‍ത്തകര്‍ മേളയില്‍ പങ്കുചേര്‍ന്നത്. ഈ മാസം അഞ്ചിന് ആരംഭിച്ച പെയിന്റിംഗില്‍ ജീവിക്കുന്ന ചിത്രങ്ങളാണ് ചുമരുകളില്‍ പതിഞ്ഞത്.
പതിനാറു രാജ്യങ്ങളില്‍ നിന്നായി 54 കലാകാരന്‍മാരും കലാകാരികളുമാണ് ഈ വര്‍ഷത്തെ ചുമര്‍ ചിത്രമേളയില്‍ പങ്കെടുത്തതെന്ന് കതാറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്വി പറഞ്ഞു. ചിത്രകലാ രംഗത്തെ തങ്ങളുടെ മികവുകളും വൈവിദ്യങ്ങളും പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് പരിപാടി സമാപിക്കുന്നത്. എല്ലാ കലാ മേന്മകളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരിക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന കതാറയുടെ ഈ സംരംഭത്തിന്റെ പ്രധാന്യം രണ്ടാം എഡിഷനില്‍ പങ്കെടുക്കാന്‍ രംഗത്തു വന്ന ചിത്രകലാ പ്രതിഭകള്‍ ആണെന്നും അദ്ദേഹം പറഞ്ഞു. സഊദിയില്‍ നിന്നും യു എ ഇയില്‍ നിന്നുമുള്ള കലാകാരന്‍മാര്‍ ഈ മേളയില്‍ പങ്കെടുക്കുന്നതിനു മാത്രമായി ദോഹയിലെത്തിയിരുന്നു.

പങ്കെടുത്ത എല്ലാ ചിത്രകാര്‍ക്കും അദ്ദേഹം പ്രത്യേകം അഭിനന്ദനം അറിയിച്ചു. തങ്ങളുടെ സര്‍ഗവൈഭവങ്ങള്‍ ചിത്രങ്ങളായി പ്രദര്‍ശിപ്പിക്കാനുള്ള മികച്ച അവസരമാണ് അവര്‍ ഉപയോഗപ്പെടുത്തിയത്. അനുഭവങ്ങളും അറിവും ചരിത്രവും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന് ലഭിച്ച സന്ദര്‍ഭംകൂടിയായാണ് ചുമര്‍ചിത്ര മേളയെ കലാകാരന്‍മാര്‍ ഉപയോഗിച്ചത്. ഒരാള്‍ക്ക് രണ്ടു ചുമരിടങ്ങളാണ് ചിത്ര രചനക്കായി അനുവദിച്ചത്. ഇതുവഴി 104 ചിത്രങ്ങളാണ് കതാറയുടെ ചുമരുകളില്‍ നിറം വിടര്‍ത്തിയത്. ആയിരക്കണക്കിനു ആസ്വാദര്‍ക്കു മുന്നില്‍ ഈ ചിത്രങ്ങള്‍ ഇനി കാഴ്ചയൊരുക്കും.

Latest