പുനെയില്‍ നിലവാരമില്ലാത്ത പിച്ച് നിര്‍മിച്ചതില്‍ ബിസിസിഐ വിശദീകരണം നല്‍കണം: ഐസിസി

Posted on: February 28, 2017 9:26 pm | Last updated: February 28, 2017 at 9:29 pm

ന്യൂഡല്‍ഹി: ഇന്ത്യ- ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മല്‍സരം നടന്ന പുനെയിലെ പിച്ചിന് നിലവാരം ഇല്ലായിരുന്നുവെന്ന് ഐസിസി മാച്ച് റഫറി. നിലവാരമില്ലാത്ത പിച്ച് നിര്‍മിച്ചതില്‍ 14 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ബിസിസിഐയോട് ഐസിസി ആവശ്യപ്പെട്ടു. എന്നാല്‍ പിച്ചിനെക്കുറിച്ച് ബിസിസിഐയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ക്യൂറേറ്റര്‍ പാണ്ഡുരംഗ് സാല്‍ഗോന്‍ക്കര്‍ പറഞ്ഞു. ഡ്രൈ പിച്ച് ഒരുക്കിയാലുണ്ടാകുന്ന അപകടത്തെക്കുറിച്ച് പിച്ച് കമ്മിറ്റി തലവന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി.

ടീമിനെ ബാധിക്കുമെന്നറിഞ്ഞിട്ടും എന്തിനാണ് ഇത്തരമൊരു പിച്ചൊരുക്കിയത് എന്നു ചോദിച്ചപ്പോള്‍ മുകളില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ സാധിക്കുവെന്ന് പാണ്ഡുരംഗ്. ടീമിലെ ആരും സ്പിന്നിന് അനുകൂലമായി പിച്ചൊരുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ആരാണ് കമ്മിറ്റിയോട് ഇത്തരത്തില്‍ പിച്ചൊരുക്കാന്‍ പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.