ശരീര വേദനകള്‍ വരകളില്‍ ഒളിപ്പിച്ച് കലാകാരന്‍

Posted on: February 28, 2017 9:08 pm | Last updated: February 28, 2017 at 9:08 pm

ദുബൈ: കൊഴിഞ്ഞുപോകുന്ന ഓരോ നിമിഷവും പ്രവേഷ് ചന്ദ്ര എന്ന ചിത്രകാരന്റെ ശരീര പേശികള്‍ ഓരോന്നായി നശിച്ചുകൊണ്ടിരിക്കുകയാണ്. എന്നാലും തന്റെ ശരീരവിഷമതകള്‍ മറന്ന് ചിത്രങ്ങളുടെ ലോകത്ത് വ്യാപൃതനാവുകയാണ് തൃശൂര്‍ തൃപ്രയാര്‍ സ്വദേശിയായ മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന പ്രത്യേക രോഗം പിടിപെട്ട് ശരീരം തളര്‍ന്ന ഈ 32കാരന്റെ വലിയ ആഗ്രഹമാണ് താന്‍ വരച്ച വര്‍ണങ്ങളുടെ ഒരു പ്രദര്‍ശനം ദുബൈയില്‍ നടത്തുകയെന്നത്. അതിന് വേണ്ടി നന്മ നിറഞ്ഞ ഒരു പ്രവാസിയുടെ സഹായത്താല്‍ ഭാര്യയേയും മകളെയും കൂട്ടി ദുബൈയില്‍ എത്തിയതാണ് പ്രവേഷ് ചന്ദ്ര.
ഇദ്ദേഹം വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം മാര്‍ച്ച് മൂന്നി (വെള്ളി)ന് ഉച്ചക്ക് മൂന്നു മുതല്‍ ഖിസൈസ് നെല്ലറ റസ്റ്റോറന്റില്‍ നടക്കും. ഇതിന് വേണ്ടി വീല്‍ ചെയറിലിരുന്നു കൊണ്ട് തന്റെ ശേഷി കുറഞ്ഞ കൈകളാല്‍ കൂടുതല്‍ ഛായാചിത്രം ഒരുക്കുന്ന തിരക്കിലാണ് ഈ കലാകാരന്‍. കയറിക്കിടക്കാന്‍ ഒരു സെന്റ് ഭൂമി പോലുമില്ലാത്ത ഇദ്ദേഹം തന്റെ ശോചനീയാവസ്ഥകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ വരകളുടെ ലോകത്ത് കുടുതല്‍ ചമയങ്ങള്‍ ചേര്‍ത്ത് മറച്ചുപിടിക്കുകയാണ്.

പ്രവേഷ് ചന്ദ്രക്ക് ചെറുപ്പത്തില്‍ തന്നെ രോഗം പിടികൂടിയിരുന്നു. ശരീരത്തിലെ ഓരോ ഭാഗത്തും ശേഷിക്കുറവ് അനുഭവപ്പെട്ടുതുടങ്ങി. 10-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അസുഖം തിരിച്ചറിയുന്നത്. അപ്പോഴേക്കും രോഗം പൂര്‍ണമായി പിടികൂടിയിരുന്നു. പിന്നെ വരകള്‍ക്ക് കൂട്ടായി വില്‍ചെയറിന്റെ സാന്നിധ്യമായി. സന്തോഷവും സന്താപവും ലോകത്തിന്റെ വര്‍ണക്കാഴ്ചകളും ദുരിതങ്ങളും ഈ ഇരിപ്പടത്തില്‍ നിന്ന് ചമയിച്ചെടുത്തു. ഈ രോഗത്തിന് ഇതുവരെ ഫലപ്രദമായി ഒരു മരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് അല്‍ ശിഫാ അല്‍ ഖലീജ് മെഡിക്കല്‍ സെന്റര്‍ ഡയറക്ടറും ചെയര്‍മാനുമായ ഡോ. മുഹമ്മദ് കാസിം പറയുന്നു. ഈ അപൂര്‍വ രോഗം കുടുതലായി കാണുന്നത് പുരുഷന്‍മാരിലാണ്. ഫിസിയോത്തോറാപ്പി പോലെയുള്ള ചില ചികിത്സാ രീതി നിലവിലുണ്ടെങ്കിലും അതൊന്നും അത്ര ഫലപ്രദല്ലെന്ന് ഡോ. മുഹമ്മദ് കാസിം പറഞ്ഞു. കേരളത്തില്‍ ഈ അസുഖം ബാധിച്ച 60 പേരുടെ കൂട്ടായ്മ നിലവിലുണ്ട്. അതില്‍ അംഗമാണ് പ്രവേഷ് ചന്ദ്ര.
ഒരു മുഖമൊന്ന് മനസില്‍ പതിഞ്ഞാല്‍ അത് കാന്‍വാസില്‍ പതിയാന്‍ അഞ്ച് മിനുറ്റ് മതി. ലൈവായി വരക്കുന്ന രീതിയാണ് പ്രവേഷ് ചന്ദ്ര സ്വീകരിക്കുന്നത്. കേരളത്തില്‍ ഇതിനകം 14ലധികം ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. പല പ്രമുഖരും ഇദ്ദേഹത്തിന്റെ നേരിട്ടുള്ള വരകളിലുടെയുള്ള ചിത്രങ്ങള്‍ വാങ്ങിയിട്ടുണ്ട്.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദിന്റെ ചിത്രവുമായാണ് ഇദ്ദേഹം വന്നിട്ടുള്ളത്. ചിത്രം ശൈഖ് മുഹമ്മദിന് കൈമാറാന്‍ വലിയ ആഗ്രഹമുണ്ട്. ശരീരിക അവശതകള്‍ എല്ലാം അറിഞ്ഞിട്ടും ജീവിതത്തിലേക്ക് കൂട്ടായിവന്ന ഭാര്യ സരിതയുടെ വലിയ പിന്തുണയാണ് തന്നെ മുന്നോട്ട് നടത്തുന്നതെന്ന് ഇദ്ദേഹം പറയുന്നു. കൗസല്യയാണ് മകള്‍.