വിവാഹ പാര്‍ട്ടിക്കിടെ അഭ്യാസ പ്രകടനം; യുവാവ് പോലീസ് വലയിലായി

Posted on: February 28, 2017 8:06 pm | Last updated: February 28, 2017 at 8:06 pm

ഷാര്‍ജ: ബന്ധുവിന് വിവാഹ സമ്മാനമായി തന്റെ കാര്‍ വായുവിലുയര്‍ത്തി അഭ്യാസം കാണിക്കുകയും അതിഥികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിന് ചിത്രങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.

യുവാവിന്റെ വീരേതിഹാസങ്ങള്‍ പകര്‍ത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെയാണ് പോലീസ് അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ യുവാവിനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിവാഹ ആഘോഷങ്ങള്‍ക്കെത്തിയ ജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാകും വിധത്തിലായിരുന്നു യുവാവിന്റെ പ്രകടനങ്ങള്‍.
അധികൃതരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വിവിധ ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ച് മറച്ചിരുന്നു. അതിനാല്‍തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്ന ദൃശ്യങ്ങളില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വ്യക്തമായിരുന്നില്ല. കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനു വേണ്ടി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയാണ് യുവാവ് റോഡിലൂടെ വാഹനമോടിച്ചിരുന്നത്. മറ്റ് യാത്രക്കാര്‍ക്ക് യാത്രാ തടസം ഉണ്ടാകും വിധത്തിലായിരുന്നു ഇയാളുടെ പ്രകടനമെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.
അതിഥികളുടെ ശ്രദ്ധയാകര്‍ഷിക്കുവാനായി മനഃപൂര്‍വമാണ് താന്‍ വാഹനമോടിച്ചതെന്ന് യുവാവ് സമ്മതിച്ചിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാന്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചിട്ടായിരുന്നു യുവാവ് വാഹനമോടിച്ചിരുന്നത് എന്നത് കടുത്ത ഗതാഗത ലംഘനമാണ്.
കൂടുതല്‍ നിയമ നടപടികള്‍ക്കായി യുവാവിനെ പ്രോസിക്യൂഷന് കൈമാറുമെന്ന് ഷാര്‍ജ പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപാര്‍ട്‌മെന്റ് ആക്ടിംഗ് ഡയറക്ടര്‍ കേണല്‍ ഡോ. അഹ്മദ് സഈദ് അല്‍ നൂര്‍ പറഞ്ഞു.