ദുബൈയില്‍ എട്ട് മണിക്കൂറില്‍ 479 അപകടങ്ങള്‍

Posted on: February 28, 2017 7:22 pm | Last updated: February 28, 2017 at 7:22 pm

ദുബൈ: ദുബൈയില്‍ എട്ടു മണിക്കൂറിനുള്ളില്‍ 479 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ദുബൈ പോലീസ് ഹെഡ്ക്വാര്‍ടേഴ്‌സ് ഓപറേഷന്‍ ഡയറക്ടര്‍ ലെഫ്. കേണല്‍ മുഹമ്മദ് ജുമുഅ അമാന്‍ അറിയിച്ചു. മഴ ശക്തമായ ഞായറാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ രാത്രി പത്തു വരെയാണ് വാഹനാപകടങ്ങള്‍. വിവിധ റോഡുകളിലുണ്ടായ അപകടങ്ങളില്‍ ചിലത് ഗുരുതരമായിരുന്നുവെന്നു ലെഫ്. കേണല്‍ മുഹമ്മദ് ജുമുഅ അമാന്‍ പറഞ്ഞു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മഴ കാരണം സഹായമഭ്യര്‍ഥിച്ചു കൊണ്ട് 5,268 വിളികളാണ് ലഭിച്ചത്. കാറ്റടിക്കുന്ന സമയത്ത് വാഹനം നിയന്ത്രണം വിടാന്‍ സാധ്യതയുള്ളതുകൊണ്ട് ജാഗ്രതയോടെ വാഹനം ഓടിക്കാന്‍ ഡ്രൈവര്‍മാരെ അദ്ദേഹം ഓര്‍മിപ്പിച്ചു. കടലിലും കരയിലും കാറ്റടിക്കുന്നതിനാല്‍ മണല്‍ ഇളകിമറിയും. ഇതുമൂലം ദൂരക്കാഴ്ച നഷ്ടപ്പെടുന്നതും അപകടം വരുത്തും. മുന്നിലെയും പിന്നെലെയും വശങ്ങളിലെയും ചില്ലുകള്‍ തെളിമയുള്ളതാകണം. കാലാവസ്ഥാമാറ്റം കണക്കിലെടുത്തു കൂടുതല്‍ ജാഗ്രത പാലിച്ചു വാഹനമോടിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി. അബുദാബിയില്‍ കാലാവസ്ഥ മാറിയത് മൂലമുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സൈഹ് സദീറ ടണലില്‍ നിന്ന് പുറത്തേക്ക് കടന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.