എബിവിപിക്കെതിരെ ഐസയുടെ മാര്‍ച്ച്; ഗുര്‍മെഹര്‍ കൗര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറി

Posted on: February 28, 2017 3:21 pm | Last updated: February 28, 2017 at 3:21 pm

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ എബിവിപി അതിക്രമങ്ങള്‍ക്കെതിരെ ഐസയുടെ മാര്‍ച്ച് തുടങ്ങി. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. അതിനിടെ എബിവിപിക്കെതിരെ നിലപാടെടുത്ത കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗര്‍ താന്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് അറിയിച്ചു.

എബിവിക്കെതിരെ നിലപാടെടുത്തതിന്റെ പേരില്‍ ഗുര്‍മെഹര്‍ കൗറിനെ ബലാത്സംഗം ചെയ്യുമെന്ന് എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. വീരേന്ദ്ര സേവാഗ്, യോഗേശ്വര്‍ യാദവ് തുടങ്ങിയ കായിക താരങ്ങളും കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവും കൗറിനെതിരെ രംഗത്ത് വന്നിരുന്നു. ശക്തമായ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കൗര്‍ സമരത്തില്‍ നിന്ന് പിന്‍മാറിയത്. തനിക്ക് പറയാനുള്ളത് പറഞ്ഞെന്നും ഇനി നിങ്ങള്‍ പ്രക്ഷോഭം തുടരണമെന്നും പറഞ്ഞുകൊണ്ടാണ് ഗുര്‍മെഹര്‍ കൗര്‍ പിന്‍മാറിയത്.