കാശ്മീർ: പരുക്ക് കുറക്കുന്ന രീതിയിൽ പെല്ലറ്റ് ഗണ്ണുകൾ പരിഷ്കരിക്കാൻ തീരുമാനം

Posted on: February 28, 2017 3:05 pm | Last updated: February 28, 2017 at 3:05 pm

ന്യൂഡല്‍ഹി: കാശ്മീരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതിന് പരുക്കുകള്‍ കുറക്കുന്ന രീതിയില്‍ പരിഷ്‌കരിച്ച പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് പഠിച്ച പാര്‍ലിമെന്ററി സമിതി പെല്ലറ്റ് ഗണ്ണുകള്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി മുതിര്‍ന്ന സിആര്‍പിഎഫ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

പെല്ലറ്റ് ഗണ്ണിന്റെ വായ്ഭാഗത്ത് ഡിഫ്‌ളക്ടര്‍ ഘടിപ്പിച്ച് പെല്ലറ്റുകള്‍ മുകളിലേക്ക് പോകുന്നത് തടയുവാനാണ് ശ്രമിക്കുന്നത്. ഇതുവഴി പെല്ലറ്റ് ഗണ്‍ ശരീരത്തില്‍ പതിക്കുമ്പോഴുണ്ടാകുന്ന പരുക്ക് കുറയ്ക്കാനാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഡിഫ്‌ളക്ടര്‍ നിര്‍മിക്കുന്നതിനായി ബിഎസ്എഫിന്റെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിരന്തരം സംഘര്‍ഷം അരങ്ങേറുന്ന കാശ്മീരില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കാലങ്ങളായി പെല്ലറ്റ് ഗണ്ണുകളാണ് പ്രധാനമായും ഉപയോഗിച്ച് വരുന്നത്. ഇത് കണ്ണിലും മറ്റും തറച്ച് ഗുരുതര പരുക്കേല്‍ക്കുന്നതായി പരാതി ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ബദല്‍ മാര്‍ഗം ആരാഞ്ഞത്. പെല്ലറ്റ് ഗണ്ണുകള്‍ക്ക് പകരം മുളക്‌പൊടി ഷെല്ലുകള്‍ ഉപയോഗിക്കുന്നതും ചര്‍ച്ച ചെയ്തിരുന്നു.