സുരക്ഷ വേണ്ടെന്ന് ഇറോം ശര്‍മിള

Posted on: February 28, 2017 12:10 am | Last updated: February 28, 2017 at 12:03 am
SHARE

ഇംഫാല്‍: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം മണിപ്പൂര്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സുരക്ഷാ അകമ്പടി വേണ്ടെന്ന് ഇറോം ശര്‍മിള.

തനിക്ക് ആരുമായും ശത്രുതയില്ലെന്നും ആരെയും പേടിക്കേണ്ടതില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് പ്രജാ (പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് ) നേതാവ് ഇറോം ശര്‍മിള സുരക്ഷാ വാഗ്ദാനം തള്ളിയത്. സായുധ സൈനികര്‍ ചുറ്റും നിന്നുള്ള ഇത്തരം വി ഐ പി സംസ്‌കാരം അംഗീകരിക്കാനാകില്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്- ഇറോം ശര്‍മിള പറഞ്ഞു.
അതേസമയം, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുള്ളതു കൊണ്ടാണ് അവര്‍ക്ക് സുരക്ഷയൊരുക്കുന്നതെന്ന് സംസ്ഥാന അഡീഷനല്‍ ചീഫ് സെക്രട്ടറി ജെ സുരേഷ് ബാബു പറഞ്ഞു.
എന്നാല്‍, ഇപ്പോള്‍ സംസ്ഥാന സായുധ സേനയിലെ ആറ് ഉദ്യോഗസ്ഥര്‍ ഇറോം ശര്‍മിളയെ നിരന്തരം പിന്തുടരുന്നുണ്ടെന്ന് പ്രജാ പാര്‍ട്ടി കണ്‍വീനര്‍ ഇരന്ദ്രോ പറഞ്ഞു.