യു പി വിഭജനം ചര്‍ച്ചയാക്കി ബി എസ് പി

Posted on: February 28, 2017 8:48 am | Last updated: February 27, 2017 at 11:50 pm

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങള്‍ കൂടി ശേഷിക്കേ സംസ്ഥാന വിഭജനം ചര്‍ച്ചയിലേക്ക് ഒരിക്കല്‍ കൂടി കൊണ്ടുവന്ന് ബി എസ് പി മേധാവി മായാവതി. ബി എസ് പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യു പി നാല് ചെറു സംസ്ഥാനങ്ങളായി വിഭജിക്കുമെന്ന് ഗോരഖ്പൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ മായാവതി പറഞ്ഞു. മുന്‍ ബി എസ് പി സര്‍ക്കാര്‍ നിര്‍ദേശിച്ചത് പോലെ പൂര്‍വാഞ്ചല്‍ അടക്കമുള്ള സംസ്ഥാനങ്ങളാകും നിലവില്‍ വരികയെന്നും അവര്‍ പറഞ്ഞു.

മാര്‍ച്ച് നാലിന് ആറാം ഘട്ട വോട്ടെടുപ്പിന് പൂര്‍വാഞ്ചല്‍ ബൂത്തിലേക്ക് പോകുമ്പോള്‍ പഴയ സ്വപ്‌നത്തിന് ജീവന്‍ വെപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് മായാവതിയുടെ ശ്രമം. ഇനി ഈ വിഷയത്തില്‍ മറ്റ് പാര്‍ട്ടികള്‍ കൂടി അഭിപ്രായം പറയാന്‍ നിര്‍ബന്ധിതരാകും.
2011ല്‍ അധികാരം വിട്ടൊഴിയുന്നതിന്റെ തൊട്ടു മുമ്പാണ് മായാവതി സര്‍ക്കാര്‍ സംസ്ഥാന വിഭജന പ്രമേയം പാസ്സാക്കിയത്. ഹരിത് പ്രദേശ് (പടിഞ്ഞാറന്‍ യു പി), പൂര്‍വാഞ്ചല്‍ (കിഴക്കന്‍ യു പി), ബുന്ദേല്‍ഖണ്ഡ്, അവധ് എന്നിങ്ങനെ സംസ്ഥാനത്തെ വിഭജിക്കുമെന്ന് ഈ പ്രമേയം വ്യക്തമാക്കുന്നു. യു പി വലിയ സംസ്ഥാനമായിരിക്കുന്നത് ക്രമസമാധാന പാലനത്തിലും സന്തുലിത വികസനത്തിലും വലിയ ആഘാതമുണ്ടാക്കുന്നുവെന്നാണ് മായാവതിയുടെ വാദം. ഭരണകക്ഷിയായ എസ് പിയെ അടിക്കാനുള്ള വടിയായും അവര്‍ ഇതിനെ ഉപയോഗിക്കുന്നു. 2007ലാണ് മായാവതി ഈ വിഷയം ആദ്യമായി ഉയര്‍ത്തിയത്. ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കര്‍ സംസ്ഥാന വിഭജനത്തിന് അനുകൂലമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ‘ഭാഷായി രാജ്യ’ എന്ന പുസ്തകത്തില്‍ നിന്ന് വ്യക്തമാകുന്നത്. അംബേദ്കറെ മുന്‍നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ബി എസ് പി സ്വാഭാവകമായും ഈ ആശയത്തിന്റെ കൂടെ നില്‍ക്കുന്നു.

2011ല്‍ നിയമസഭയില്‍ സംസ്ഥാന വിഭജന പ്രമേയം കൊണ്ടുവന്നപ്പോള്‍ ബി ജെ പിയും കോണ്‍ഗ്രസും അതിനെ അനുകൂലിച്ചിരുന്നു. 2007ല്‍ 206 സീറ്റുകള്‍ നേടിയ ബി എസ് പി 2012ല്‍ 80 സീറ്റുകളിലേക്ക് കൂപ്പുകുത്തിയതോടെ അവര്‍ക്കു തന്നെ ഈ വിഷയം ആത്മവിശ്വാസത്തോടെ സഭക്കകത്തും പുറത്തും ഉന്നയിക്കാന്‍ കഴിയാത്ത സ്ഥിതിയായി. മറ്റ് പാര്‍ട്ടികള്‍ ഈ പ്രമേയം ഒരിക്കലും ചര്‍ച്ചയാക്കിയതുമില്ല.
വിഭജന കാര്യത്തില്‍ മൗനം പാലിക്കുന്ന ബി ജെ പി, ബുന്ദേല്‍ഖണ്ഡിനും പൂര്‍വാഞ്ചലിനും പ്രത്യേക വികസന ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്. വലിയ സംസ്ഥാനത്തിന്റെ ഭാഗമായി നില്‍ക്കണമെന്നാണ് യു പിയിലെ ജനങ്ങളുടെ പൊതു വികാരമെന്ന വിലയിരുത്തലാണ് എസ് പിക്കുള്ളത്.