നിവര്‍ന്നുനിന്ന് ‘സെയില്‍സ്മാന്‍’; പേടിച്ച് ‘വൈറ്റ് ഹെല്‍മെറ്റ്‌സ്’

Posted on: February 28, 2017 5:33 am | Last updated: February 27, 2017 at 11:35 pm

വാഷിംഗ്ടണ്‍: ട്രംപിന്റെ മുസ്‌ലിം, അഭയാര്‍ഥിവിരുദ്ധ നിലപാടിനെ തുടര്‍ന്ന് രാഷ്ട്രീയമായി ചര്‍ച്ച ചെയ്യപ്പെട്ട ഓസ്‌കാര്‍ ചടങ്ങില്‍ ശ്രദ്ധേയനായി ഇറാന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി. മികച്ച വിദേശ ഭാഷ സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ‘ദി സെയ്ല്‍സ് മാന്റെ’ സംവിധായകനായ അസ്ഗര്‍ അമേരിക്കയില്‍ വസിക്കുന്ന ഇറാന്‍ പൗരന്മാരെ പ്രതിനിധികളാക്കി അവാര്‍ഡ് വാങ്ങുകയും ട്രംപിനെതിരെ പ്രതിഷേധിക്കുകയും ചെയ്തപ്പോള്‍ ചടങ്ങില്‍ സംബന്ധിക്കാനായില്ലെങ്കിലും സിറിയന്‍ ഡോക്യുമെന്ററി പ്രവര്‍ത്തകര്‍ അമേരിക്കയോട് വിധേയത്വം കാണിച്ചു.
അസ്ഗറിന് പകരം അവാര്‍ഡ് വാങ്ങാനായി പ്രതിനിധിയായി ഇറാന്‍ വംശജനായ യു എന്‍ എന്‍ജിനിയര്‍ അനൗഷേഹ് അന്‍സാരിയാണ് വേദിയിലെത്തിയത്. വേദിയില്‍വെച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ അസ്ഗറിന്റെ പ്രസ്താവന വായിക്കുകയും ചെയ്തു. മനുഷ്യത്വരഹിതമായ നിലപാടാണ് ട്രംപ് സ്വീകരിക്കുന്നതെന്നും ലോകത്തെ ‘ഞങ്ങളുടെ യു എസ്’ എന്നും ‘ഞങ്ങളുടെ ശത്രുക്കള്‍’ എന്നും രാണ്ടായി തരം തിരിക്കുന്ന ട്രംപ് ശൈലി ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും അസ്ഗര്‍ വ്യക്തമാക്കി. തന്റെ രാജ്യത്തെയും അമേരിക്ക വിലക്കിയ ആറ് മുസ്‌ലിം രാജ്യത്തെയുമുള്ള പൗരന്മാരോടുള്ള ബഹുമാനമാണ് ഈ അസാന്നിധ്യത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതത്തിന്റെയും പൗരത്വത്തിന്റെയും പേരില്‍ ജനങ്ങളെ മുന്‍വിധിയോടെ കാണുന്ന യു എസ് രാഷ്ട്രീയത്തെ അസ്ഗര്‍ ശക്തമായി വിമര്‍ശിച്ചു. നിറ കൈയടിയോടെയാണ് അസ്ഗറിന്റെ വാക്കുകള്‍ ഓസ്‌കാര്‍ സദസ്സ് സ്വീകരിച്ചത്.

അതേസമയം, ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തില്‍ പുരസ്‌കാരം നേടിയ സിറിയയില്‍ നിന്നുള്ള ‘വൈറ്റ്‌ഹെല്‍മെറ്റ്‌സി’ന്റെ ഛായാഗ്രാഹകരിലൊരാളായ ഖാലിദ് ഖത്വീബിന് വിസ ലഭിച്ചെങ്കിലും ചടങ്ങില്‍ സംബന്ധിക്കാനായി അമേരിക്കയിലെത്താനായില്ല. സിറിയയിലെ വിമതരെ പിന്തുണക്കുന്ന വൈറ്റ് ഹെല്‍മെറ്റ്‌സ് എന്ന സന്നദ്ധ സംഘടനയായിരുന്നു ഡോക്യുമെന്ററിയുടെ ഇതിവൃത്തം. സിറിയയിലെ ആഭ്യന്തര കലാപത്തെ രൂക്ഷമായി വിമര്‍ശിച്ച ‘വൈറ്റ് ഹെല്‍മെറ്റ്‌സ്’ഛായാഗ്രാഹകന്റെ പ്രസ്താവന സംവിധായകന്‍ ഒര്‍ലാന്‍ഡോ വോണ്‍ ഈന്‍സിയെഡെല്‍ വായിച്ചു. എന്നാല്‍ അദ്ദേഹം ട്രംപിന്റെ യാത്രാ വിലക്കിനെ കുറിച്ചോ സിറിയന്‍ അഭയാര്‍ഥികള്‍ക്കെതിരായ നിലപാടിനെ കുറിച്ചോ പ്രതികരിച്ചില്ല.
സിറിയ, ഇറാന്‍ തുടങ്ങി ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സന്ദര്‍ഭത്തിലായിരുന്നു ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ഇറാന്‍ സിനിമയുടെ സംവിധായകരും സിറിയന്‍ ഡോക്യുമെന്ററിയുടെ അണിയറ പ്രവര്‍ത്തകരും ആശങ്കയുമായി രംഗത്തെത്തിയത്. തീവ്രവാദികളായി മുദ്രകുത്തിയ ട്രംപിനെതിരെ പ്രതികരിച്ച അസ്ഗര്‍ പുരസ്‌കാര ചടങ്ങിനെത്തില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ചടങ്ങിന് സംബന്ധിക്കാനുള്ള സമ്മര്‍ദം ചെലുത്തുന്നതിലായിരുന്നു ‘വൈറ്റ്‌ഹെല്‍മെറ്റ്‌സ്’ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധപുലര്‍ത്തിയത്. നയതന്ത്ര ഇടപെടലുകളിലൂടെയും മറ്റും ചടങ്ങില്‍ പങ്കെടുക്കാനുള്ള യു എസ് വിസ ഇവര്‍ കൈക്കലാക്കി. ഖാലിദ് ഖത്വീപിന് വിസ ലഭിച്ചെങ്കിലും സാങ്കേതിക കാരണത്താല്‍ യാത്ര തടസ്സപ്പെടുകയായിരുന്നു.