Connect with us

Eranakulam

ന്യായവിലക്ക് അരി ലഭ്യമാക്കാന്‍ സപ്ലൈകോ

Published

|

Last Updated

കൊച്ചി: സംസ്ഥാനത്തുടനീളം വിവിധയിനം അരിയും പഞ്ചസാരയും ന്യായവിലക്ക് ലഭ്യമാക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ നടപടികളെടുത്തിട്ടുണ്ടെന്ന് സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ആവശ്യമുള്ളയിടങ്ങളില്‍ പ്രത്യേകമായി അരിക്കടകള്‍ തുടങ്ങാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ വേണ്ടത്ര മണ്‍സൂണ്‍ ലഭിക്കാത്തത് മൂലമുണ്ടായ വരള്‍ച്ച നെല്ല് ഉത്പാദനത്തെ ദോഷകരമായി ബാധിച്ചു. അതിനാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ജയ അരിക്ക് വില വര്‍ധന ഉണ്ടായിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ആവശ്യക്കാരുള്ള കുറുവ അരി എല്ലായിടത്തും ലഭ്യമാക്കി. കുറുവ അരി കിലോക്ക് 25 രൂപ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നുണ്ട്. സപ്ലൈകോ ടെന്‍ഡര്‍ മുഖേന ലഭിക്കുന്ന പച്ചരി തികയാതെ വരുമ്പോള്‍ എഫ് സി ഐയില്‍ നിന്ന് വരുത്തിച്ച് നല്‍കുന്നുണ്ട്. കിലോക്ക് 23 രൂപ നിരക്കിലാണ് ഇത് ലഭ്യമാക്കുന്നത്.

ആന്ധ്ര ജയ അരിക്ക് പകരമായി ലഭ്യമാക്കിയ ജയയുടെ ഗുജറാത്ത്, കര്‍ണാടക, ഝാര്‍ഖണ്ഡ് ഇനങ്ങളോട് മധ്യ, തെക്കന്‍ കേരളത്തിലെ ഉപഭോക്താക്കള്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ല. ഇതും ജയ ആന്ധ്രയുടെ വില വര്‍ധനവിനും ലഭ്യതക്കുറവിനും ഇടയാക്കുന്നുണ്ട്. എങ്കിലും ജയ, മട്ട അരിക്കായി ജനുവരി മാസം മുതല്‍ ഇതുവരെ നാല് ടെന്‍ഡറുകള്‍ നടത്തി. 5.6 ലക്ഷം ക്വിന്റല്‍ ജയ അരിയും 5.4 ലക്ഷം ക്വിന്റല്‍ മട്ട അരിയും വാങ്ങി. ഗുജറാത്ത്, ഝാര്‍ഖണ്ഡ് ഇനം ജയയും എഫ് സി ഐയില്‍ നിന്ന് ലഭിക്കുന്ന പുഴുക്കലരിയും കുറുവ അരിയും ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാക്കി. ജയ അരിയുടെയും മട്ട അരിയുടെയും കുറവ് നികത്തുന്നുണ്ടെന്നും സപ്ലൈകോ സി എം ഡി അറിയിച്ചു.
പൊതുമേഖലാ സ്ഥാപനമായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ കുട്ടനാടന്‍ മട്ട അരി കിലോ ഗ്രാമിന് 33 രൂപ നിരക്കില്‍ വില്‍പനക്ക് ലഭ്യമാക്കുന്നുണ്ട്. സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന തടയുന്നതിനും ലഭ്യത ഉറപ്പ് വരുത്തുന്നതിനും എല്ലാ നടപടികളും കേരള സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ സ്വീകരിക്കുന്നുണ്ട്.

ഉത്തരേന്ത്യയിലെ കടുത്ത വരള്‍ച്ച കാരണം കരിമ്പ് കൃഷിയിലുണ്ടായ വിളനഷ്ടം മൂലം പഞ്ചസാര വില രാജ്യത്തുടനീളം വര്‍ധിച്ചിട്ടുണ്ട്. എങ്കിലും സപ്ലൈകോ 40 രൂപക്ക് മുകളില്‍ വില നല്‍കി വാങ്ങുന്ന പഞ്ചസാര, കിലോക്ക് 22 രൂപ നിരക്കില്‍ സബ്‌സിഡിയോട് കൂടി വിതരണം ചെയ്യുന്നുണ്ട്. ഏകദേശം 40,000 ക്വിന്റല്‍ പഞ്ചസാര കിലോക്ക് ഓരോ മാസവും വന്‍തുക നഷ്ടം സഹിച്ച് വിതരണം ചെയ്യുന്നുണ്ടെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
സപ്ലൈകോയില്‍ ലഭ്യമായ അരി, സബ്‌സിഡി നിരക്ക്, അഞ്ച് കിലോക്ക് മുകളില്‍ വാങ്ങുന്നതിനുതിനുള്ള നിരക്ക് എന്ന ക്രമത്തില്‍: പച്ചരി 23, 26. 50; പുഴുക്കലരി 25, 26. 50; മട്ട 24,34. 50; ജയ (ആന്ധ്ര) 25, 37; ജയ (ആന്ധ്ര ഒഴികെ) 25, 33; കുറുവ 25, 33; പഞ്ചസാര 22, 40. 50; കുട്ടനാടന്‍ മട്ട അരി 33 (അഞ്ച് കിലോക്ക് മുകളില്‍).