Connect with us

Articles

'സമസ്ത'യും മഹല്ലുകളും തമ്മിലെന്ത്?

Published

|

Last Updated

കേരളത്തില്‍ നൂറ്റാണ്ടുകളായി നിലനിന്നു വരുന്ന സാമുദായിക പൊതുസംവിധാനമാണ് പള്ളികള്‍ കേന്ദ്രീകരിച്ചുള്ള മഹല്ലുകള്‍. മുസ്‌ലിം സമൂഹത്തിലെ എല്ലാതരം വിഭിന്നതകളെയും നീതിയുക്തം ഉള്‍ക്കൊള്ളാനും അവരുടെ പ്രാദേശിക പൊതുപ്രതിനിധാനമായി നിലകൊള്ളാനും ഈ കൂട്ടായ്മക്കു കഴിഞ്ഞിട്ടുണ്ട്. സമുദായത്തിലുണ്ടാകുന്ന സ്വാഭാവിക വൈവിധ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നില നില്‍ക്കെത്തന്നെ അവര്‍ക്കിടയില്‍ സംയോജനത്തിന്റെ കണ്ണിയായി വര്‍ത്തിക്കാനും മഹല്ലുകള്‍ക്കു സാധിച്ചു.
ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ മഹല്ലില്‍ ശാന്തിയും സമാധാനവും പുലരണമെന്ന് ആഗ്രഹിക്കുന്നവരാണ്. മഹല്ലു ഭരണസമിതികളിലടക്കം ഇത്തരത്തില്‍ നീതിയുക്തമായ നിഷ്പക്ഷ നിലപാടുള്ള ആളുകളായിരുന്നു അധികം. നിര്‍ഭാഗ്യവശാല്‍ “സമസ്ത”യുടെ സകല സംഘടനാ സംവിധാനവും സ്വാധീനവും ഉപയോഗപ്പെടുത്തി മഹല്ലുകളെ തങ്ങളുടെ ചൊല്‍പടിക്കു കൊണ്ടു വരാന്‍ ശ്രമിക്കുകയാണിപ്പോള്‍. ഖതീബ്- മുഅല്ലിം- മുഅദ്ദിന്‍ തുടങ്ങി ജീവനക്കാരുടെ നിയമനം, മഹല്ല് പരിപാടികളുടെ സ്വഭാവം, മഹല്ലില്‍ നടത്തുന്ന മത പ്രഭാഷകരുടെ ഗ്രൂപ്പ് തുടങ്ങി മതപരമായ ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ട വിഷയങ്ങള്‍ സംഘടനാവത്കരിക്കപ്പെട്ട് മലിനമാകുന്നതാണ് കാണുന്നത്. സംഘടനാ ബന്ധമുള്ള വിഷയങ്ങള്‍ പള്ളി-മിഹ്‌റാബുകളില്‍ വെച്ച് വൈകാരികമായി അവതരിപ്പിച്ച് പ്രതിയോഗികളെ കുത്തിയും തോണ്ടിയും നോവിക്കുന്നു. ജനങ്ങളെ ദീനിയ്യായി ഉത്ബുദ്ധരാക്കുകയെന്ന പ്രാഥമിക കടപ്പാട് സംഘടനാ ഭക്തരായ ഇമാമുമാര്‍ വിസ്മരിക്കു കയും ചെയ്യുന്നു. നിഷ്‌കളങ്ക ഹൃദയരായി ദീന്‍ പഠിക്കാനെത്തുന്ന കുരുന്നു മനസ്സില്‍ പോലും കക്ഷിത്വത്തിന്റെയും വിഭാഗീയതയുടെയും ഹീന ചിന്തകള്‍ അവര്‍ പാകി.

ബാലവേദികളും വിദ്യാര്‍ഥി കൂട്ടായ്മകളും രൂപവത്കരിച്ച് പ്രതിയോഗി സംഘടനകളോടും സംഘടനാ രഹിതരോടും ശാത്രവം പുലര്‍ത്തുന്ന തലമുറകളെ വാര്‍ത്തെടുക്കുകയെന്ന മ്ലേച്ഛലക്ഷ്യത്തിനായി അവര്‍ പ്രവര്‍ത്തിച്ചു. കക്ഷി ഭേദമന്യെ പ്രദേശവാസികള്‍ ഒരുമയില്‍ പടുത്തുയര്‍ത്തിയ പൊതുസംവിധാനത്തെയാണ് ഇത്തരത്തില്‍ നിക്ഷിപ്ത താത്പര്യങ്ങളുടെ വിളനിലമാക്കി മാറ്റിയത്.
പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ വിട്ടു പോകാതെ കൂടെ നിന്ന മദ്‌റസകളെയും പരിസര മസ്ജിദുകളെയും മതപരമായ ഗുണകാംക്ഷയോടെ മുന്നോട്ടു നയിക്കുന്നതിനു പകരം സംഘടനാപരമായ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ഇടങ്ങളായി ഉപയോഗപ്പെടുത്തിയതിനെ പൊതു മനഃസാക്ഷി അംഗീകരിച്ചിട്ടില്ല. തങ്ങള്‍ വളര്‍ത്തുന്ന മദ്‌റസകളെയും പള്ളികളെയും പ്രത്യേക വിഭാഗം ഏകപക്ഷീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ പലയിടങ്ങളിലും ജനവികാരം പ്രകടമായി. പൊതുഇടം സംഘടനാ ഇംഗിതങ്ങള്‍ നടപ്പാക്കുന്ന സ്വകാര്യ ഇടമാക്കി ഉപയോഗിക്കപ്പെടുമ്പോള്‍ ജനങ്ങളില്‍ അസംതൃപ്തിയും അമര്‍ഷവും രൂപപ്പെടുമെന്നതു തീര്‍ച്ചയാണല്ലോ. ഇതിനെ മുതലെടുക്കാന്‍ ശ്രമിക്കുന്നവരുമുണ്ടാകാം. മഹല്ലു ശിഥിലീകരണത്തിന്റെ വിത്തുകള്‍ നാമ്പിടുന്നത് ഇങ്ങനെയാണ്.
വിഭാഗീയതകള്‍ക്കതീതമായി പ്രദേശവാസികളുടെ ഐക്യം കാംക്ഷിക്കുന്ന മഹല്ലു ഭരണസമിതികളുടെ സ്വപ്‌നങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന തരത്തിലാണ് “സമസ്ത”യുടെ നിയന്ത്രണങ്ങളും ശാസനകളും പലപ്പോഴും ഉണ്ടാകാറുള്ളത്. യഥാര്‍ഥത്തില്‍ മഹല്ലു സംവിധാനവും ഈ “സമസ്ത”യും തമ്മിലുള്ള ബന്ധം നാമമാത്ര വിഷയത്തിലാണ്. പ്രദേശവാസികള്‍ നിര്‍മിച്ചു പരിപാലിച്ചു കൊണ്ടു നടക്കുന്ന മദ്‌റസകളില്‍ “സമസ്ത” വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസനുസരിച്ച് അവരുടെ പാഠപുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ ഭരണസമിതികള്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷിച്ച് അനുമതി നല്‍കുന്നുവെന്നതു കൊണ്ട് പഠന സംബന്ധമായ പരിശോധന, പരീക്ഷാ നടത്തിപ്പ് എന്നീ അധികാരങ്ങള്‍ ബോര്‍ഡിനുണ്ടെന്നതു ശരിയാണ്. ഇതിനെല്ലാം ബോര്‍ഡ് ഫീസും ഈടാക്കുന്നു. ഇതില്‍ കവിഞ്ഞ് മറ്റു നിയന്ത്രണാധികാരങ്ങളോ ശാസനാവകാശങ്ങളോ ബോര്‍ഡിനോ അത് പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ക്കോ മഹല്ലുകള്‍ക്കു മേല്‍ “സമസ്ത”ക്ക് ഇല്ല എന്നതാണു വസ്തുത. മദ്‌റസകളില്‍ അധ്യാപകരെ നിയമിക്കുന്നതും ശമ്പളം നല്‍കുന്നതും ഇതര ചെലവുകള്‍ വഹിക്കുന്നതും നാട്ടുകാരാണ്. “സമസ്ത” ബോര്‍ഡിന്റെ ഭാഗത്തു നിന്ന് ഒരു ചില്ലിക്കാശു പോലും പ്രദേശവാസികള്‍ നടത്തുന്ന സ്ഥാപനത്തിലേക്കെത്തുന്നില്ല. പക്ഷേ, ഈ വസ്തുത തിരിച്ചറിയാത്ത സാധാരണക്കാരായ മഹല്ലു ഭാരവാഹികളും ജനങ്ങളും തങ്ങളുടെ മദ്‌റസകളെ”സമസ്ത മദ്‌റസ”കളെന്നു വിളിക്കുന്നു. ഈ പ്രയോഗത്തില്‍ കടിച്ചു തൂങ്ങി പ്രാദേശിക മേന്മക്കും മത താത്പര്യത്തിനും വിരുദ്ധമായ സംഘടനാ നിര്‍ദേശങ്ങളും ആഹ്വാനങ്ങളും മഹല്ലുകള്‍ക്കു നല്‍കുന്നു. ഇതംഗീകരിക്കല്‍ ബാധ്യതയാണെന്നു കരുതി പാവം പാമര ഭരണസമിതികള്‍ കീഴൊതുങ്ങിക്കൊടുക്കുന്നു. നിസ്വാര്‍ഥരായ മുഅല്ലിമുകളെ “സമസ്തക്കാരന”ല്ലാത്തതിന്റെ പേരില്‍ പിരിച്ചുവിടുക, സംഘടനാ പരിഗണനകളുടെ അടിസ്ഥാനത്തില്‍ അറിവോ കഴിവോ പരിഗണിക്കാതെ അധ്യാപകരെ നിയമിക്കുക തുടങ്ങിയ കല്‍പനകള്‍ ഉണ്ടാകുന്നത് നിറവേറ്റിക്കൊടുക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നു തെറ്റിദ്ധരിച്ച് ഭരണസമിതികള്‍ ഇതിനു തയ്യാറാകുന്നു. ഈ അറിവില്ലായ്മയുടെ ബലത്തിലാണ് ഈ “സമസ്ത” അമിതാധികാരങ്ങള്‍ പ്രയോഗിക്കാന്‍ മുതിരുന്നത്. മതപരമായ യാതൊരു ഗുണകാംക്ഷയുമില്ലാത്ത സംഘടനാ മുഷ്‌ക്കുകളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കേണ്ടത് മഹല്ലു ഭരണസമിതികളുടെ കര്‍ത്തവ്യമാണ്.
മദ്‌റസകളുടെ യാതൊരധികാരവുമില്ലാത്ത ബോര്‍ഡിന്റെ സാക്ഷ്യപത്രം കിട്ടിയെങ്കിലേ ഭരണസമിതി നിയമിച്ച മതാധ്യാപകന്റെ സര്‍വീസ് അംഗീകൃതമാകുകയും മദ്‌റസയുടെ ഔദ്യോഗിക മുഅല്ലിമായി പരിഗണിക്കപ്പെടുകയുള്ളൂവെന്നതും വിചിത്രമാണ്. നടത്തിപ്പിന്റെ പൂര്‍ണ ചെലവും ഉത്തരവാദിത്തവും വഹിക്കുന്ന മാനേജ്‌മെന്റു തന്നെയാണ് സ്ഥാപനത്തിലെ സേവനത്തിന്റെ കാര്യവും ഗുണമേന്മയും പരിഗണിച്ച് മുഅല്ലിംകള്‍ക്ക് സര്‍വീസ് അംഗീകാരം നല്‍കാന്‍ അധികാരമുള്ളവര്‍. എന്നാല്‍ ഇതും മാനേജ്‌മെന്റിന്റെ അവബോധമില്ലായ്മ മുതലെടുത്ത് “സമസ്ത” ഏറ്റെടുക്കുകയാണ്. അധികാരപത്രമായ എം എസ് ആര്‍ നല്‍കുന്നതിന് അവര്‍ നിശ്ചയിച്ച മാനദണ്ഡം വളരെ കഷ്ടമാണ്. എസ് കെ എസ് എസ് എഫിന്റെ യൂണിറ്റു കമ്മിറ്റിക്കു മുമ്പില്‍ അപേക്ഷ സമര്‍പ്പിച്ച് അവരുടെ ഒപ്പും സീലും ലഭിക്കാതെ ഒരു മുഅല്ലിമിന് അതു നേടിയെടുക്കാന്‍ സാധിക്കില്ല. അങ്ങനെ വരുമ്പോള്‍ തീവ്രസംഘടനാ പക്ഷപാതിത്വമുള്ളവരുടെ ദയാദാക്ഷിണ്യത്തിനു വിധേയമായിട്ടേ എം എസ് ആര്‍ ലഭിക്കുകയുള്ളൂ. ഒരു സംഘടനയുമായും ബന്ധമില്ലാത്തവരോ ഇതര സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരോ ആയ നിസ്വാര്‍ഥ ദീനീ സേവകര്‍ ഈ കുട്ടികളുടെ കണ്ണില്‍ കൊടിയപാതകം ചെയ്ത മഹാ ദ്രോഹികളാണ്. “സമസ്ത” അനുഭാവിയോ പോഷക സംഘടനാ മെമ്പറോ അല്ലെന്നതാണ് പാതകം. ഈ കാരണത്താല്‍ നിര്‍ദാക്ഷിണ്യം‘മുഅല്ലിം സര്‍വീസ് രേഖ നിഷേധിക്കുകയാണ്. ഫലമോ, ഈ എം എസ് ആറിനെ അധ്യാപക നിയമനത്തിനുള്ള യോഗ്യതയാക്കി ബോര്‍ഡ് നിശ്ചയിച്ചതിന്റെയടിസ്ഥാനത്തില്‍ നിയമനം നടത്തുന്ന മഹല്ലുകളിലും മദ്‌റസകളിലും സമസ്തക്കാരല്ലാത്ത മുഅല്ലിമുകള്‍ക്ക് അവസരം നിഷേധിക്കപ്പെടുകയാണ്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് രൂപവത്കൃതമായ, നാട്ടുകാരുടെ പരിശ്രമം കൊണ്ട് വളര്‍ച്ചയും പുരോഗതിയും കൈവരിച്ച മദ്‌റസാ പ്രസ്ഥാനമാണ് ഇന്നലെ പിറവി കൊണ്ട വിദ്യാര്‍ഥി സംഘടനകളുടെ അമിതാധികാരങ്ങള്‍ക്കും അവിവേകങ്ങള്‍ക്കും വിധേയമായി കുട്ടിച്ചോറാകുന്നത്.

“സമസ്തയുടെ പള്ളി”, ‘”സമസ്തയുടെ മദ്‌റസ” എന്ന പ്രയോഗത്തിന്റെ പെരുമ പറഞ്ഞാണ് ഇത്തരം നിയന്ത്രണങ്ങളും ശാസനകളുമെല്ലാം നടപ്പിലാക്കി വരുന്നത്. വിദ്യാഭ്യാസബോര്‍ഡിന്റെ സിലബസനുസരിച്ച് അവരുടെ പാഠപുസ്തകങ്ങള്‍ അതിന്റെ വില വാങ്ങിച്ചു വിതരണം ചെയ്യുന്നു, പരീക്ഷാഫീസ് വാങ്ങിച്ച് പരീക്ഷകള്‍ നടത്തുന്നു എന്നതില്‍ കവിഞ്ഞ് മദ്‌റസകളുടെ നടത്തിപ്പിലോ വളര്‍ച്ചയിലോ മഹല്ലു ഭരണത്തിലോ ഈ “സമസ്ത”ക്കു യാതൊരു പങ്കുമില്ലെന്ന വസ്തുത മഹല്ല്- മദ്‌റസാ ഭരണസമിതികള്‍ തിരിച്ചറിയേണ്ടതുണ്ട്. ജീവനക്കാര്‍ക്കു ശമ്പളം നല്‍കുന്ന സര്‍ക്കാര്‍ അതിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇടപെടുന്നതിന്നു സമാനം മഹല്ലിന്റെ പള്ളികളിലും മദ്‌റസകളിലും ഈ “സമസ്ത” ഇടപെടുന്നതിന് എന്ത് ന്യായീകരണമാണുള്ളത്?

നാട്ടുകാരുടെ പൊതുമഹല്ലുകളും മദ്‌റസകളും അതിനു കീഴില്‍ നില്‍ക്കാന്‍ തയ്യാറുള്ള എല്ലാ വിഭാഗം മുസ്‌ലിംകള്‍ക്കും അവകാശപ്പെട്ട ഒരു പൊതു സംവിധാനമാണ്. പൂര്‍വകാല മുസ്‌ലിംകളുടെ വഖ്ഫു സ്വത്തുക്കളും സംഭാവനകളുമെല്ലാം ആ നിലക്കുള്ളതാണ്. അവയുടെ നിര്‍മാണത്തിലും നടത്തിപ്പിലുമെല്ലാം എല്ലാവരുടെയും സഹായ- സഹകരണങ്ങളുണ്ട്. പൊതുമഹല്ലു സംവിധാനത്തില്‍ തുടര്‍ന്നു പോകാന്‍ താത്പര്യമുള്ളവരെയെല്ലാം ഉള്‍ക്കൊണ്ടു കൊണ്ട് മഹല്ലുകളും മദ്‌റസകളും മുസ്‌ലിം സമുദായത്തിന്റെ അംഗീകൃത ഏകകമായി നിലകൊള്ളേണ്ടതാണ്. പക്ഷേ, മദ്‌റസകളിലെ പാഠ്യപദ്ധതിയുടെ ബലത്തില്‍ മഹല്ലുകള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിനായി “സമസ്ത” വിദ്യാഭ്യാസ ബോര്‍ഡ് തയ്യാറാക്കിയ മാതൃകാനിയമാവലി പൊതുമഹല്ലുകളെ തീര്‍ത്തും “സമസ്ത”വത്കരിക്കുന്ന രൂപത്തിലുള്ളതാണ്.
ഇപ്പോള്‍ കോഴിക്കോട് ഫ്രാന്‍സിസ് റോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “സമസ്ത കേരള ജംഇയ്യത്തുല്‍ഉല”മായുടെ ആദര്‍ശമനുസരിച്ചു മാത്രം ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കണമെന്നും “സമസ്ത” പണ്ഡിതന്മാരെക്കൊണ്ടു മാത്രം സ്വദേശീയരും വിദേശീയരുമായ വിദ്യാര്‍ഥികള്‍ക്കു ദര്‍സ് സ്ഥാപിക്കണമെന്നും ഇതില്‍ വിവരിച്ചിരിക്കുന്നു. “സമസ്തക്കാര്‍”ക്കു മാത്രമേ ജനറല്‍ബോഡി അംഗത്വമുള്ളൂവത്രേ. അതില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നതാണു പ്രവര്‍ത്തക സമിതി.

വോട്ടവകാശമോ അഭിപ്രായ അവകാശമോ ഭരണാവകാശമോ ഇല്ലാത്ത മഹല്ല് അംഗത്വത്തിന് മാത്രം “സമസ്ത” വ്യവസ്ഥ ചെയ്തിട്ടില്ല. പക്ഷേ, കമ്മിറ്റിയോട് അംഗത്വത്തിന് അപേക്ഷിക്കേണ്ടതുണ്ട്. ഇതിനുള്ള അപേക്ഷാ ഫോമില്‍ ഇതേ “സമസ്ത”യുടെ ആശയാദര്‍ശമനുസരിച്ചു ജീവിക്കാന്‍ തയ്യാറാണെന്ന് സത്യസാക്ഷ്യപ്പെടുത്തി ഒപ്പു വെക്കണം. കമ്മിറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന സ്ഥാപനങ്ങളില്‍ മതപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി നിയമിക്കുന്നവര്‍ ഇവരുടെ “സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ”യുടെ വിശ്വാസാചാര പ്രകാരം വിശ്വസിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ആയിരിക്കണം പോലും. എത്ര ജുഗുപ്‌സാവഹമാണിത്! പൊതു മഹല്ലുകളില്‍ അംഗത്വത്തിനും ജനറല്‍ബോഡി അംഗത്വത്തിനും അതില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന പ്രവര്‍ത്തക സമിതിക്കും, നിയമനോദ്യോഗസ്ഥന്മാര്‍ക്കുമൊക്കെ ഇ കെ സമസ്തക്കാരായിരിക്കണമെന്നു വ്യവസ്ഥ ചെയ്ത “മാതൃകാ നിയമാവലി”യാണ് പ്രസിദ്ധീകരിക്കുന്നത്. ഇതനുസരിച്ചാണ് നാടുകളിലുടനീളം രജിസ്‌ട്രേഷന്‍ നടക്കുന്നത്. മഹല്ലിലെ സാധാരണജനങ്ങള്‍ അറിയാതെ അഥവാ അവര്‍ക്ക് ഇതു സംബന്ധിച്ച യാതൊരു വകതിരിവുമില്ലാതെ നടക്കുന്ന ഈ സംഘടനാവത്കരണം സമുദായത്തിന്റെ അഭിമാനമായ, പരമ്പരാഗതമായി നിലനിന്നു പോരുന്ന പൊതു മഹല്ലു സംവിധാനത്തെ തകര്‍ക്കുകയല്ലേ ചെയ്യുക?

(കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയാണ് നജീബ് മൗലവി)

 

 

Latest