Connect with us

Articles

കരിപ്പൂരിനെ ആര്‍ക്കാണ് പേടി?

Published

|

Last Updated

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നാളെ മുതല്‍ മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിക്കുകയാണ്. വൈദ്യുതീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി ജി സി എ) അനുമതിയോടെയാണ് 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിക്കുന്നത്. സാധാരണ നടക്കാറുള്ള റീ കാര്‍പറ്റിങ് പ്രവൃത്തിക്കൊപ്പം ഇത്തവണ റണ്‍വേ ബലപ്പെടുത്തലും നടന്നിരുന്നു. 50 ശതമാനത്തോളം ബലപ്പെടുത്തിയ ശേഷമാണ് 18 മാസം നീണ്ട നവീകരണ പ്രവൃത്തിക്കൊടുവില്‍ മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിക്കുന്നത്. സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ റണ്‍വേക്ക് ബലക്ഷയമുള്ളതായി കണ്ടെത്തിയിരുന്നു. റണ്‍വേയുടെ സുരക്ഷ വര്‍ധിപ്പിക്കണമെങ്കില്‍ നവീകരണം ഒഴിവാക്കാനാകില്ലെന്നായിരുന്നു അതോറിറ്റിയുടെ നിലപാട്. ഇതേതുടര്‍ന്നാണ് റണ്‍വേ നവീകരണത്തിന്റെ ഭാഗമായി വിമാനത്താവളം ഭാഗികമായി അടച്ചിടാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നത്. 2015 മെയ് ഒന്നു മുതല്‍ ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് മണിവരെയാണ്

നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്്. നിലവിലെ റണ്‍വേയില്‍ അടിയന്തര പ്രവര്‍ത്തികള്‍ നടത്തിയാലേ ജംബോ ജെറ്റുകളായ 747, 777 വിമാനങ്ങള്‍ക്ക് ഉപയോഗിക്കാനാവൂ എന്നാണ് അധികൃതര്‍ അന്ന് നല്‍കിയ വിശദീകരണം. ഇത് മൂലം ഒരു ദിവസം ആറുമുതല്‍ എട്ട് വരെ മണിക്കൂറുകള്‍ വിമാനത്താവളം അടച്ചിടേണ്ടതായിവന്നു.
ഏറെ മുറവിളിക്കു ശേഷമാണ് കരിപ്പൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാവുന്നത്. 1979ല്‍ വിമാനത്താവള നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചു. 1982ല്‍ ശിലാസ്ഥാപനം. 1988 ഏപ്രിലിലാണ് വിമാനത്താവളം തുറന്നത്. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസുകളാണ് ഇവിടെ നിന്നു നടത്തിയിരുന്നത്. 1992 മുതല്‍ ഷാര്‍ജയിലേക്ക് നേരിട്ട് വിമാന സര്‍വീസ് തുടങ്ങി. 2006 ഫെബ്രുവരി 12നാണ് കരിപ്പൂര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കു കീഴിലാണ് വിമാനത്താവളം.
വിദേശ യാത്രക്ക് മുന്‍ കാലത്ത് കേരളീയരുടെ അവലംബം കപ്പലുകളായിരുന്നു. വ്യോമയാന ഗതാഗതം ചിറകു വിടര്‍ത്തിയതോടെ വിമാനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി. മുംബൈ വിമാനത്താവളമായിരുന്നു അന്ന് നമ്മുടെ പ്രധാന ആശ്രയം. കോഴിക്കോട് വിമാനത്താവളം നിലവില്‍ വന്നതു മുതല്‍ അതിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നുണ്ട്. മുംബൈ, മംഗളൂരു, കോയമ്പത്തൂര്‍ വിമാനത്താവള ലോബികളാണ് ഇതിന് പിന്നിലെന്നായിരുന്നു ശ്രുതി. നെടുമ്പാശ്ശേരിയില്‍ ബിസിനസ് സാമ്രാജ്യമുള്ള രാഷ്ട്രീയ ലോബിയുടെ കളികളും ഇതിന് പിന്നിലുണ്ടെന്നാണ് പറയുന്നത്. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയൊക്കെയാണെങ്കില്‍ കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരായ സമരങ്ങള്‍ എങ്ങനെ മഞ്ഞുകട്ടയിലെ ചിത്രപണികളാവാതിരിക്കും?
അന്തര്‍ദേശീയ യാത്രക്കാരുടെ എണ്ണം കണക്കാക്കുമ്പോള്‍ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തേതും മൊത്തം യാത്രികരുടെ എണ്ണം പരിഗണിക്കുമ്പോള്‍ ഒമ്പതാമത്തേതും വിമാനത്താവളമാണ് കരിപ്പൂര്‍. പ്രതിവര്‍ഷം 16,854 സര്‍വീസുകള്‍ പുറപ്പെടുന്ന കരിപ്പൂര്‍ വിമാനത്താളം യാത്രക്കാരുടെ നിരക്കില്‍ ലോകത്ത് 12-ാം സ്ഥാനത്താണ്. വലുപ്പത്തിന്റെ കാര്യത്തില്‍ ചെറുതാണെങ്കിലും സര്‍വീസുകളുടെ എണ്ണം നോക്കുമ്പോള്‍ വന്‍കിട വിമാനത്താവളങ്ങളുടെ പട്ടികയിലാണ് കരിപ്പൂരിന്റെ സ്ഥാനം. 27 ലക്ഷത്തോളം യാത്രക്കാരാണ് കരിപ്പൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്നത്. ഇവരില്‍ 80 ശതമാനവും എത്തുന്നത് മെയ് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവിലാണ്. പ്രതിവര്‍ഷം 120 കോടിയോളം രൂപയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വരുമാനം.
വിദേശത്തുനിന്ന് ഒട്ടേറെ വിനോദ സഞ്ചാരികള്‍ കരിപ്പൂര്‍ വഴി കേരളത്തിലെത്തുന്നുണ്ട്. ആയുര്‍വേദ ചികിത്സക്കും മറ്റും അവര്‍ തിരഞ്ഞെടുക്കുന്നത് മലബാറിലെ ആശുപത്രികളെയാണ്. ഹജ്ജ് യാത്രക്കാരാണ് വലിയ വിമാനങ്ങള്‍ക്ക്് നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ ഏറെ പ്രയാസം അനുഭവിക്കുന്നത്. ഹജ്ജ് ഹൗസ് കരിപ്പൂരായതിനാല്‍ യാത്രക്കാര്‍ മാത്രമല്ല, ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തേയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ഹാജിമാരില്‍ ബഹുഭൂരിപക്ഷവും മലബാറില്‍ നിന്നുള്ളവരാണ്. ഹജ്ജ് യാത്രികര്‍ നെടുമ്പാശ്ശേരിയെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.
28 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയില്‍ റണ്‍വേ അറ്റകുറ്റ പണി നടക്കുന്നത്. ആഴ്ചയില്‍ 52 സര്‍വീസുകള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്. എമിറേറ്റ്‌സ്, സൗദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ എന്നീ കമ്പനികളുടെ 747, 777 വിമാനങ്ങളെയാണ് 2015 മെയ് ഒന്നുമുതല്‍ വിമാനത്താവളത്തില്‍ ഇറക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്. യാത്രക്കാര്‍ കൂടുതലുള്ള റിയാദ്. ജിദ്ദ, ദുബൈ എന്നിവിടങ്ങളിലേക്കുള്ള വലിയ വിമാനങ്ങളാണ് മുടങ്ങിയിരിക്കുന്നത്. എയര്‍ അറേബ്യ, എമിറേറ്റ്‌സ്, സൗദിയ, ഇത്തിഹാദ്, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വേസ് തുടങ്ങിയവയാണ് കോഴിക്കോട് നിന്ന് സര്‍വീസ് നടത്തിയിരുന്ന വിദേശ വിമാന കമ്പനികള്‍.

ആവശ്യമായ ബദല്‍ സംവിധാനം ഒരുക്കാതെയും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താതെയുമായിരുന്നു കരിപ്പൂര്‍ വിമാനത്താവളം അടച്ചിട്ടിരുന്നത്. ഇത് വന്‍ പ്രതിഷേധത്തിനിടം നല്‍കി. കരിപ്പൂരിന് അന്താരാഷ്ട്ര പ്രശസ്തി നേടികൊടുത്തത് ഈ വിമാനത്താവളമാണ്. ഈ പ്രദേശത്തിന്റെ സര്‍വതോന്മുഖ വികസനത്തിനും വിമാനത്താവളം നിമിത്തമായിട്ടുണ്ട്. 30 ലേറെ വര്‍ഷം പഴക്കമുള്ള റണ്‍വേക്ക് കാലങ്ങള്‍ കൊണ്ടും വിമാനങ്ങളുടെ ലാന്റിംഗും ടേക് ഓഫ് കൊണ്ടും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ മാറ്റങ്ങളാണ് റണ്‍വേ വിള്ളലിനും മറ്റും കാരണമാകുന്നത്. ടാബിള്‍ ടോപ് റണ്‍വേ എത്ര സുരക്ഷിതമാണോ അത് നൂറു കണക്കിന് യാത്രക്കാരുടെയും പരിസര വാസികളുടെയും ജീവന്‍ സുരക്ഷിതമാക്കും. റണ്‍വേ നവീകരണം നടത്താതിരിക്കുന്നത് വിമാന യാത്രക്കാര്‍ക്ക് മാത്രമല്ല, വിമാനത്താവള പരിസരത്തെ നിരവധി വീട്ടുകാരുടെയും ജീവന് ഭീഷണിയായിരിക്കും. വിള്ളലുള്ള റണ്‍വേയില്‍ വിമാനം വന്നിറങ്ങുമ്പോള്‍ വല്ല അപകടവും സംഭവിച്ചാല്‍ കത്തിപടരുന്നത് സമീപ പ്രദേശങ്ങളും കൂടിയായിരിക്കും. ഇത്തരമൊരു ദുരന്തം ഇല്ലാതാക്കാന്‍ റണ്‍വേ നവീകരണം കൂടിയേതീരൂ എന്ന സാഹചര്യമുണ്ടായിരുന്നു.
ഹജ്ജ് യാത്രികരില്‍ ഏറെയും കരിപ്പൂരിനെയാണ് ആശ്രയിച്ചിരുന്നത്. പ്രതി വര്‍ഷം 15,000 ത്തോളം പേരാണ് ഇതുവഴി ഹജ്ജിന് പോയിരുന്നത്. ആറായിരത്തോളം പേര്‍ ഉംറക്കും. ഹജജ് സര്‍വീസ് ഒഴിവാക്കിയതടക്കം കരിപ്പൂര്‍ വിമാനത്താവളത്തോട് അധികൃതര്‍ കടുത്ത അവഗണനയാണ് കാണിക്കുന്നത്. റണ്‍വേയില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് 2015 മെയ് ഒന്നിനാണ് വലിയ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്. എന്നാല്‍ റണ്‍വേയിലെ റീ കാര്‍പറ്റിങ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിട്ടും വലിയ വിമാനങ്ങളുടെ സര്‍വീസ് ഇല്ലാതാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഹജജ് എംബാര്‍ക്കേഷന്‍ ലിസ്റ്റില്‍ കരിപ്പൂര്‍ ഇത്തവണയും ഉള്‍പ്പെടില്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയും വ്യോമയാന മന്ത്രി അശോക് ഗജ്പതി രാജുവും വ്യക്തമാക്കിയതോടെ കേന്ദ്രം കരിപ്പൂരിനെ അവഗണിക്കുകയാണെന്ന വാദം ബലപ്പെട്ടിരിക്കുകയാണ്. കരിപ്പൂര്‍ വിമാനത്താവള പ്രശ്‌നത്തില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും ജന പ്രതിനിധികളും വേണ്ടവിധം ഇടപെടുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാറില്‍ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തിയാല്‍ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയും. നമ്മുടെ രാഷ്ട്രീയ നേതൃത്വവും ജന പ്രതിനിധികളും മലബാര്‍ ചേംബര്‍ ഓഫ് കാമേഴ്‌സ് പോലുള്ള മലബാറിന്റെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളും ഇക്കാര്യത്തില്‍ കൂടുതല്‍ ശുഷ്‌കാന്തി കാണിക്കേണ്ടതുണ്ട്. 2002ല്‍ ഉദ്യോഗസ്ഥ പിന്തുണയോടെ രാഷ്ട്രീയതലത്തില്‍ നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലായിരുന്നു കരിപ്പൂരിന് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് അനുവദിച്ചത്. അന്നത്തെ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഡി വിജയകുമാര്‍ അടക്കമുള്ളവര്‍ ഔദ്യോഗിക തലത്തില്‍ പിന്തുണ നല്‍കിയപ്പോള്‍ ഇ അഹമ്മദ് എം പി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലുകള്‍ കാര്യങ്ങള്‍ എളുപ്പമാക്കി.

2006ല്‍ കരിപ്പൂരിനെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിലും പ്രവാസികളുടെയും രാഷ്ട്രീയ സാമൂഹിക സംഘടനകളുടെയും കാര്യമായ ഇടപെടലുണ്ടായിരുന്നു. കരിപ്പൂരില്‍ നിന്ന് രാത്രി സര്‍വീസിന് അനുമതി നല്‍കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ ഒരു ഘട്ടത്തിലെ നിലപാട്. പിന്നീട് രാജ്യത്തെ ആദ്യ ലീഡ് – ഇന്‍ -ലൈറ്റ്, ഒബ്‌സ്ട്രക്ഷന്‍ ലൈറ്റ് എന്നിവ സ്ഥാപിച്ചാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിമാനത്താവളമായി കരിപ്പൂര്‍ മാറിയത്.
റണ്‍വേയുടെ റീ സ്‌ട്രെങ്തനിങ് നടത്തുകയും ബലപ്പെടുത്തുന്ന ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതോടെ ഒട്ടേറെ വിദേശ വിമാന കമ്പനികള്‍ പരിശോധന നടത്തുകയും സര്‍വീസ് നടത്താന്‍ തയാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റണ്‍വേകളിലൊന്നാണ് കരിപ്പൂരിലേതെന്നു ഡി ജി സി എയും സൂചിപ്പിച്ചിരുന്നു. എന്നാല്‍, റണ്‍വേ നീളം കൂട്ടിയാല്‍ മാത്രമേ വലിയ വിമാനങ്ങളെ അനുവദിക്കൂ എന്ന നിലപാടിലാണ് ഇപ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റി. ഇതിനായി 575 ഏക്കര്‍ ഭൂമിയാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. നീളം കുറഞ്ഞ റണ്‍വേയുള്ള ലക്‌നൗ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നുണ്ട്. കോഡ് ഇനത്തില്‍പ്പെട്ട വലിയ വിമാനങ്ങള്‍ 16 വര്‍ഷം കരിപ്പൂരില്‍ സര്‍വീസ് നടത്തിയതുമാണ്. സൗദി, എയര്‍ ഇന്ത്യ ജംബോ, എമിറേറ്റ്‌സ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയതോടെ മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രവാസികള്‍ തീര്‍ത്തും ദുരിതത്തിലായിരിക്കുകയാണ്. വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് ഹജ്ജ് യാത്രക്കാരെയും ബാധിച്ചിട്ടുണ്ട്. 24 മണിക്കൂറും സര്‍വീസുകള്‍ ആരംഭിക്കാനിരിക്കെ പഴയ പ്രതാപത്തിലേക്ക് കരിപ്പൂരിനെ തിരിച്ചുകൊണ്ടുവരാന്‍ ശക്തമായ രാഷ്ട്രീയ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാണ്.

Latest