ചേളാരി വിഭാഗത്തിന്റെത് സംഘടിത ഫാസിസം: സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ

Posted on: February 27, 2017 11:30 pm | Last updated: February 27, 2017 at 11:30 pm

മലപ്പുറം: പൊതു മഹല്ലുകളും മദ്‌റസകളും പിടിച്ചെടുത്ത് സ്വകാര്യ സ്വത്താക്കാന്‍ ചേളാരി വിഭാഗം സമസ്ത നടത്തുന്ന ശ്രമം സംഘടിത ഫാസിസമാണെന്ന് കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ മുസ്‌ലിംകള്‍ക്കും അവകാശപ്പെട്ട പൊതുസംവിധാമാണ് ഇവയെല്ലാം. പൂര്‍വകാല ജനങ്ങളുടെ വഖ്ഫ് സ്വത്തുക്കളും സംഭാവനകളുമെല്ലാം അവക്ക് ലഭിച്ചിട്ടുണ്ട്. മദ്‌റസകളെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിന് ചേളാരി വിഭാഗം തയ്യാറാക്കിയ മാതൃകാ നിയമാവലി പൊതുമഹല്ലുകളെ സംഘടനാവത്കരിക്കുന്ന രൂപത്തിലാണ്.

കോഴിക്കോട് ഫ്രാന്‍സിസ് റോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദര്‍ശമനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നവര്‍ക്കായിരിക്കും മഹല്ല് ജനറല്‍ ബോഡി, മദ്‌റസാ കമ്മിറ്റി എന്നിവകളില്‍ അംഗത്വവും ഭാരവാഹിത്വവും അധ്യാപക തസ്തികകളും ജോലിയുമെന്ന നിയമാവലി അംഗീകരിക്കാനാകില്ല. ബലം ഉപയോഗിച്ച് മഹല്ലിലെ മറ്റുള്ളവരുടെ അവകാശങ്ങളും അവസരങ്ങളും സേവനാനുകൂല്യങ്ങളും നിഷേധിക്കരുത്. മഹല്ലുകളില്‍ മതപരമായ ആവശ്യങ്ങള്‍ക്കായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥനും പൊതുമഹല്ലുകളില്‍ ജനറല്‍ ബോഡി അംഗത്വം ലഭിക്കുന്നതിനും തിരഞ്ഞെടുക്കപ്പെടുന്ന പ്രവര്‍ത്തക സമിതി അംഗങ്ങളും ചേളാരി വിഭാഗക്കാരായിരിക്കണമെന്നും മാതൃകാ നിയമാവലിയിലുണ്ട്. മഹല്ലിലെ സാധാരണ ജനങ്ങള്‍ അറിയാതെ നടക്കുന്ന ഈ സംഘടനാവത്കരണം പരമ്പരാഗത മഹല്ല് സംവിധാനത്തെ തകര്‍ക്കുന്നതാണ്. മഹല്ല് കമ്മിറ്റിക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ ഇതേ വിഭാഗക്കാരെ മാത്രം നിയമിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. മദ്‌റസയില്‍ കുട്ടികളെ ചേര്‍ക്കുന്ന രക്ഷിതാക്കള്‍ ഇവരുടെ ആദര്‍ശം അനുസരിച്ച് ജീവിക്കുമെന്ന് അപേക്ഷാ ഫോറത്തല്‍ സാക്ഷ്യപ്പെടുത്തണം. മദ്‌റസാ അധ്യാപകര്‍ക്ക് എം എസ് ആര്‍ ലഭിക്കണമെങ്കില്‍ ഇവര്‍ക്ക് കീഴിലുള്ള സംഘടനകളുടെ അംഗീകാരം വേണം. ഇത് ലഭിക്കാത്ത അധ്യാപകന് മുഅല്ലിം ക്ഷേമ നിധിയില്‍നിന്ന് ഒരു ആനുകൂല്യമോ റെയ്ഞ്ചില്‍ അംഗത്വമോ ലഭിക്കില്ല. മാനേജ്‌മെന്റുകള്‍ നിയമിച്ച് ശമ്പളം നല്‍കിപ്പോരുന്ന അധ്യാപകന് ഇതെല്ലാം തടയുന്നത് അനീതിയാണെന്നും അവര്‍ പറഞ്ഞു.
മഹല്ലുകളും മദ്‌റസകളും സ്വകാര്യ സ്വത്താക്കാനുള്ള ശ്രമങ്ങളില്‍നിന്ന് ചേളാരി വിഭാഗം സമസ്തക്കാര്‍ പിന്തിരിയണം. ഇക്കാര്യം ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടി കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ ഒരുമാസക്കാലം നീണ്ടുനിന്ന ‘മഹല്ലുകള്‍ ശിഥിലമാകരുത്’ എന്ന ക്യാമ്പയിനിന്റെ സമാപനം ഇന്ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ വൈകീട്ട് അഞ്ചിന് നടക്കും. സമ്മേളനത്തില്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എം കെ അബ്ദുല്‍ലത്തീഫ് മൗലവി, പാണക്കാട് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍, പ്രൊഫ. എ പി അബ്ദുല്‍വഹാബ്, പി എം നിയാസ്, പി കെ ഫിറോസ് പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി, സെക്രട്ടറി പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍, സുന്നി യുവജന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഹസ്സന്‍ സഖാഫ് തങ്ങള്‍ നാദാപുരം, ജന. സെക്രട്ടറി പി അലി അക്ബര്‍ വഹബി ഉദരംപൊയില്‍, സദഖത്തുല്ല മൗലവി കാടാമ്പുഴ പങ്കെടുത്തു.