ഖത്വറില്‍ 38 സ്വകാര്യ സ്‌കൂളുകളില്‍ ഈ വര്‍ഷം ഫീസ് വര്‍ധിക്കും

Posted on: February 27, 2017 10:39 pm | Last updated: February 27, 2017 at 10:39 pm

ദോഹ: 38 സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ലഭിച്ച 127 അപേക്ഷകളില്‍ 89 എണ്ണം തള്ളി. സ്വകാര്യ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാര്‍ഥി രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നു മുതല്‍ ആരംഭിക്കും. ഒക്‌ടോബര്‍ 12 വരെ രജിസ്‌ട്രേഷന്‍ പ്രക്രിയ തുടരുന്നതാണെന്നും സ്വകാര്യ സ്‌കൂള്‍ ലൈസന്‍സ് വിഭാഗം മേധാവി ഹമദ് മുഹമ്മദ് അല്‍ഗാലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ സ്‌കൂളുകളില്‍ എം ഇ എസിനും ലിറ്റില്‍ ഫഌവര്‍ പ്രൈവറ്റ് കിന്‍ഡര്‍ഗാര്‍ട്ടനും ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

14 കെ ജികള്‍ക്കും സ്‌കൂളുകള്‍ക്കും മൂന്ന് ശതമാനവും നാല് സ്‌കൂളുകള്‍ക്ക് എട്ട് ശതമാനവും മൂന്ന് കെ ജികള്‍ക്ക് ഒമ്പത് ശതമാനവും ഒരു കെ ജിക്കും ഒരു സ്‌കൂളിനും നാല് ശതമാനവും നാല് കെ ജികള്‍ക്ക് 14, 12, 11, അഞ്ച് ശതമാനം വീതവും ഫീസ് വര്‍ധിപ്പിക്കാനാണ് അനുമതി നല്‍കിയത്. ഒരു സ്‌കൂളിന് 6.6ഉം മറ്റ് രണ്ട് സ്‌കൂളുകള്‍ക്ക് ഏഴും ശതമാനം ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സീറ്റ് ബുക്ക് ചെയ്യാനുള്ള സമയം മാര്‍ച്ച് ഒന്ന് മുതല്‍ മെയ് ഒന്ന് വരെയാണ്. അതേസമയം, അപേക്ഷകളില്‍ 70 ശതമാനവും തള്ളിക്കളയുകയാണുണ്ടായത്. സ്‌കൂളിന്റെ സാമ്പത്തിക നിലവാരം പഠിക്കുന്നതിനായി മൂന്ന് വര്‍ഷത്തെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് അപേക്ഷയോടൊപ്പം നല്‍കണമെന്ന നിര്‍ദേശം പാലിക്കാതിരിക്കല്‍, ഫീസ് കൂട്ടുന്നതിനു വസ്തുതാപരമായ കാരണങ്ങള്‍ ബോധിപ്പിക്കാതിരിക്കല്‍, വിദ്യാഭ്യാസ ഘടകങ്ങളുമായി ബന്ധപ്പെടാത്ത കാരണങ്ങള്‍ പരാമര്‍ശിക്കല്‍ തുടങ്ങിയ കാരണങ്ങളാലാണ് അപേക്ഷകള്‍ തള്ളിയതെന്ന് ഹമദ് അല്‍ ഗാലി വ്യക്തമാക്കി. മൊത്തം സ്വകാര്യ സ്‌കൂളുകളില്‍ പകുതിയോളം ഫീസ് വര്‍ധനക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. പതിനഞ്ച് ശതമാനം ഫീസ് വര്‍ധിപ്പിക്കാന്‍ ആറ് കെ ജികള്‍ക്ക് മാത്രമാണ് അനുമതി ലഭിച്ചത്. പുതിയ അധ്യയന വര്‍ഷത്തില്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനു 2016 ഡിസംബര്‍ ഒന്നു മുതല്‍ 11 വരെയായിരുന്നു സമയം നിശ്ചയിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാല് ഘട്ടങ്ങളിലൂടെയുള്ള പ്രക്രിയക്ക് ശേഷമാണ് ഫീസ് നിരക്ക് വര്‍ധന തീരുമാനമെടുത്തത്. പ്രൈവറ്റ് സ്‌കൂള്‍ ലൈസന്‍സിംഗ് ഓഫീസിലെ പ്രത്യേക സംഘം അപേക്ഷകള്‍ പരിശോധിക്കുന്നതാണ് ആദ്യഘട്ടം. പിന്നീട് സാമ്പത്തിക പരിശോധന സംഘവും ശേഷം പ്രൈവറ്റ് സ്‌കൂള്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കലുമാണ്.