Connect with us

Gulf

പ്രവാസി പെന്‍ഷന്‍ തുക 3000 രൂപയാക്കാന്‍ ശിപാര്‍ശ

Published

|

Last Updated

ദോഹ: പ്രവാസിക്ഷേമ പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് 60 വയസായാല്‍ ലഭിക്കുന്ന പ്രതിമാസ പെന്‍ഷന്‍ ആയിരം രൂപയില്‍ നിന്ന് മുവായിരം രൂപയാക്കി ഉയര്‍ത്താന്‍ ശിപാര്‍ശ. മാര്‍ച്ച് മൂന്നിന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ പ്രവാസി കാര്യങ്ങള്‍ക്കായുള്ള സമിതിയാണ് ഇതു സംബന്ധിച്ച് സര്‍ക്കാറിനു മുന്നില്‍ ശിപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ക്ഷേമനിധിയില്‍ അടക്കുന്ന തുക തിരികെ നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ജോലി നഷ്ടപ്പെട്ട് തിരിച്ചു പോകുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴിലും സംരംഭവും ആരംഭിക്കാന്‍ സഹായിക്കുന്നതുള്‍പ്പെടെ പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട ചില പദ്ധതികളും ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന.
പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്ന പ്രവാസികള്‍ക്ക് അടച്ച തുകയേക്കാള്‍ ഉയര്‍ന്ന തുകയുടെ സാമ്പത്തിക സഹായങ്ങള്‍ തിരിച്ചു നല്‍കുന്നതിന് പദ്ധതിയില്‍ വ്യവസ്ഥയുണ്ടെന്ന് ആസൂത്രണ ബോര്‍ഡ് പ്രവാസി സമിതി അംഗം കെ കെ ശങ്കരന്‍ പറഞ്ഞു. അംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും വിദ്യാഭ്യാസം, വിവാഹം, ചികിത്സ, മരണം തുടങ്ങിയ ഘട്ടങ്ങളില്‍ സഹായം അനുവദിക്കുന്നുണ്ട്. മറ്റു ക്ഷേമപദ്ധതിളില്‍ ഉപഭോക്തൃ വിഹിതത്തിനു പുറമേ തൊഴിലുടമയുടെ വിഹിതവും സര്‍ക്കാറില്‍ അടക്കുന്നുണ്ട്. എന്നാല്‍ പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ ഗുണഭോക്താക്കളുടെ വിഹിതം മാത്രമേയുള്ളൂ. ബാക്കി തുക സര്‍ക്കാറാണ് വഹിക്കുന്നത്.

പെന്‍ഷന്‍ തുക 3000 ആയി ഉയര്‍ത്തുമ്പോള്‍ നിരവധി പേര്‍ക്ക് അതൊരു ആശ്വാസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികള്‍ക്കായുള്ള കാരുണ്യ, ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ തുക ഈ ബജറ്റില്‍ നീക്കിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലാനിംഗ് ബോര്‍ഡില്‍ നിര്‍ദേശങ്ങല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെട്ട് തിരിച്ചു പോകുന്നവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിന് കുറഞ്ഞ പലിശ നിരക്കില്‍ ബേങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് പരിഗണനിയിലുള്ളത്. പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നതിന് ഇപ്പോള്‍ ഓണ്‍ലൈന്‍ സംവിധാനമുണ്ട്. ഓണ്‍ലൈന്‍ വഴി പണമടക്കാനും സാധിക്കും. കൂടുതല്‍ പേര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനാണ് നടപടികള്‍ എളുപ്പമാക്കിയത്. ഗള്‍ഫില്‍ വെച്ച് മരണപ്പടുന്നവരുടെ കുടുംബങ്ങള്‍ക്ക് അരലക്ഷം രൂപയുടെ ധനസഹായം ലഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചിട്ടുണ്ട്.
കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ നോര്‍ക ഹെല്‍പ്പ് ഡസ്‌ക് ആരംഭിക്കുന്നതു സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതി തേടിയിട്ടുണ്ട്. എയര്‍പോര്‍ട്ട് നോര്‍ക ഹെല്‍പ് ഡസ്‌കുകള്‍ പ്രവാസി മലയാളികള്‍ക്ക് ഗുണം ചെയ്യും.

റീജ്യനല്‍ ഓഫീസുകള്‍ക്ക് പുറമേ ജില്ലാ കലക്ടറേറ്റുകളോട് ചേര്‍ന്ന് നോര്‍ക സെല്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുന്നതിനും ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് ശങ്കരന്‍ അറിയിച്ചു. ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത സംഘടനകളെ നോര്‍ക പ്രതിനിധികളായി നിശ്ചയിച്ച് പ്രവാസി മലയാളികള്‍ക്ക് കേരള സര്‍ക്കാറിന്റെയും നോര്‍കയുടെയും സേവനങ്ങള്‍ ലഭ്യമാക്കുന്നതു സംബന്ധിച്ചും ആലോചനകളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

Latest