ഗള്‍ഫുഡിന് ഉജ്വല തുടക്കം; ആയിരങ്ങളെത്തി

Posted on: February 27, 2017 7:35 pm | Last updated: February 27, 2017 at 7:35 pm

ദുബൈ: ലോകത്തിലെ വലിയ ഭക്ഷ്യ-പാനീയ ഉല്‍പന്ന പ്രദര്‍ശനമായ ഗള്‍ഫുഡിന് ഉജ്വല തുടക്കം. വിദേശങ്ങളില്‍ നിന്നടക്കം ആയിരക്കണക്കിന് വ്യാപാരികളും സ്ഥാപനങ്ങളും ആണ് വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് ആദ്യദിനം തന്നെ ഒഴുകിയെത്തിയത്. യു എ ഇ ധനകാര്യമന്ത്രിയും ദുബൈ ഉപ ഭരണാധികാരിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.

ഭക്ഷ്യമേഖലയിലെ നവീനതയിലേക്കുള്ള ലോകജാലകമാണ് ഗള്‍ഫുഡെന്ന് വേള്‍ഡ് ട്രേഡ് സെന്റര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ട്രിക്‌സീ ലോഹ്മിര്‍മാന്‍ഡ് പറഞ്ഞു. വിവിധ ഹാളുകളിലായി ഓരോ രാജ്യങ്ങള്‍ കൂറ്റന്‍ പവലിയനൊരുക്കി ഇടപാടുകാരെ കാത്തുനിന്നിരുന്നു. ഇന്ത്യയുടെ പവലിയന്‍ പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റി. ബസ്മതി അരി, സുഗന്ധ വ്യഞ്ജന വിതരണ കമ്പനികളാണ് ഇന്ത്യയില്‍ നിന്ന് കൂടുതലായി എത്തിയത്. വിവിധ രാജ്യങ്ങളുടെ ഭക്ഷ്യോല്‍പന്ന വൈവിധ്യതയുടെ നേര്‍കാഴ്ചയാണ് സന്ദര്‍ശകര്‍ക്ക് ലഭ്യമാകുന്നത്. പാനീയ, ആതിഥേയത്വ പ്രദര്‍ശനവും കൂട്ടത്തിലുണ്ട്. 120 രാജ്യങ്ങളില്‍ നിന്ന് 5,000 കമ്പനികളാണ് പങ്കെടുക്കുന്നത്. മാര്‍ച്ച് രണ്ട് വരെ നീണ്ടുനില്‍ക്കുന്ന ഗള്‍ഫുഡിന് ഒരു ലക്ഷം പേര്‍ എത്തുമെന്നാണ് പ്രതീക്ഷ. 22-ാമത് ഗള്‍ഫുഡാണ് ഇത്തവണത്തേത്.
ഹലാല്‍ ഉല്‍പന്നങ്ങള്‍ ലോകത്തു വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇത്തവണ ലോക രാജ്യങ്ങളുടെ ശ്രദ്ധ ഗള്‍ഫുഡിലേക്ക് തിരിയും. എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി ഏഴ് വരെയാണ് പ്രദര്‍ശനം.