Connect with us

National

പൂച്ചയെന്ന് കരുതി ആറ് വയസ്സുകാരന്‍ കളിച്ചത് കടുവക്കുട്ടികള്‍ക്ക് ഒപ്പം

Published

|

Last Updated

ബംഗളൂരു: പൂച്ചക്കുട്ടികളെന്ന് കരുതി ആറ് വയസ്സുകാരന്‍ രണ്ട് ദിവസം കളിച്ചത് കടുവക്കുട്ടടികള്‍ക്ക് ഒപ്പം. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം.

വീടിന് സമീപത്തെ പുല്‍ച്ചെടികള്‍ക്ക് ഇടയില്‍ നിന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിക്ക് രണ്ട് “പൂച്ചക്കുട്ടി”കളെ ലഭിച്ചത്. ഉടന്‍ തന്നെ അവന്‍ അവയെ കൈയിലെടുത്ത് വീട്ടില്‍ കൊണ്ടുവന്നു. പിന്നെ പാലും പഴവും കൊടുത്ത് പോറ്റി. കണ്‍വെട്ടത്ത് നിന്ന് മാറാന്‍ അനുവദിക്കാതെ അവരെ പരിലാളിച്ചു. മാതാപിതാക്കളും ഒപ്പം ചേര്‍ന്നതോടെ ആറ് വയസ്സുകാരന്‍ സന്തോഷവാന്‍.

എന്നാല്‍ “പൂച്ചക്കുട്ടി”കളുടെ രൂപഭാവത്തില്‍ സംശയം തോന്നിയ അയല്‍വാസികളാണ് ആദ്യം ഇവ കടുവക്കുട്ടികളാണ് എന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും അവരെത്തി ഇവ “കടുവക്കുട്ടി”കളാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. കടുവക്കുട്ടികളെ പിന്നീട് പത്ത് കിലോമീറ്റര്‍ അകലെ കാട്ടില്‍ തുറന്നുവിട്ടു.

അമ്മക്കടുവ സമീപത്തെങ്ങാനും ഉണ്ടായിരുന്നുവെങ്കില്‍ കുട്ടിയുടെ ജീവന്‍ അപകടത്തിലാകാന്‍ അത് മതിയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടുവകള്‍ക്ക് സാധാരണ ഒറ്റ പ്രസവത്തില്‍ ആറ് കുട്ടികള്‍ വരെ ഉണ്ടാകും. പത്ത് ദിവസങ്ങള്‍ക്ക് ശേമാണ് ഇവ കണ്ണ് തുറക്കുക. പിന്നീട് രണ്ട് വയസ്സാകും വരെ ഇവ അമ്മക്കടുവയുടെ സംരക്ഷണത്തില്‍ തന്നെയാകും കഴിയുകയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Latest