Connect with us

National

സാക്കിര്‍ നായിക്കിൻെറ ആവശ്യങ്ങൾ തള്ളി; നേരിട്ട് ഹാജരാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

Published

|

Last Updated

മുംബൈ: ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ ആവശ്യപ്പെട്ട് വിവാദ മതപ്രഭാഷകന്‍ ഡോ. സാക്കിര്‍ നായിക്കിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇത് നാലാം തവണയാണ് നായിക്കിന് ഇഡി നോട്ടീസ് നല്‍കുന്നത്. ചോദ്യങ്ങളുടെ പട്ടികയും ആവശ്യമായ രേഖകളുടെ വിവരവും അയച്ചുതരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച സാക്കിര്‍ നായിക്ക് അഭിഭാഷകന്‍ മുഖേന എന്‍ഫോ്‌ഴ്‌സ്‌മെന്റ് ഡയറക്‌ടേറ്റിന് കത്ത് നല്‍കിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരാകാമെന്നും നായിക്ക് അറിയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ എല്ലാം തള്ളിയാണ് നായിക്കിന് എതിരെ വീണ്ടും സമന്‍സ് അയച്ചിരിക്കുന്നത്.

നേരിട്ട് ഹാജരാകുകയല്ലാതെ സാക്കിര്‍ നായിക്കിന് മുന്നില്‍ വേറെ വഴികള്‍ ഒന്നുമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. സാക്കിര്‍ നായിക്കിന്റെ സഹോദരി നൈല നൂറാനിയോടും ഈ ആഴ്ച നേരിട്ട് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാക്കിര്‍ നായിക്ക് രൂപീകരിച്ച് ആറ് വ്യാജ കമ്പനികളുടെ 90 ശതമാനം ഓഹരി പങ്കാളിത്തവും നൈല നൂറാനിയുടെ പേരിലാണ്.

കണക്കില്‍പ്പെടാത്ത പണം വെളുപ്പിക്കല്‍ കേസില്‍ സാക്കിര്‍ നായികുമായി ബന്ധപ്പെട്ട കമ്പനികളുടെ ഡയറക്ടര്‍ ആമിര്‍ ഗസ്ദറിനെ രണ്ടാഴ്ച മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു. സാക്കിര്‍ നായിക്കിന് ലഭിച്ച വിദേശ പണം വിവിധ കമ്പനികളിലൂടെ കൈകാര്യം ചെയ്തത് ആമിര്‍ ഗസ്ദറാണ്.

Latest