സഊദിയില്‍ മയക്കുമരുന്ന് വേട്ടക്കും ബോധവല്‍കരണത്തിനുമായി പുതിയ പദ്ധതി

Posted on: February 27, 2017 12:07 pm | Last updated: February 27, 2017 at 12:07 pm

ദമ്മാം: ദേശീയ സുരക്ഷയുടെ ഭാഗമായി രാജ്യത്ത് പ്രത്യേകിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപകമാകുന്ന മയക്കുമരുന്നിനെതിരെ സമഗ്രവും പ്രത്യേകവുമായ പദ്ധതി സഊദി കിരീടാവകാശിയും അഭ്യന്തര മന്ത്രിയുമായ ക്രൗണ്‍ പ്രിന്‍സ് മുഹമ്മദ് നായിഫ് അംഗീകരിച്ചു. നാഷനല്‍ ആന്റി നാര്‍ക്കോട്ടിക് ചെയര്‍മാന്‍ കൂടിയായ രാജകുമാരന്‍ ബന്ധപ്പെട്ട പ്രവിശ്യാ ഗവര്‍ണര്‍മാര്‍ക്കും മന്ത്രാലയങ്ങള്‍ക്കും സുരക്ഷാ സേനയുടെ കമാന്റര്‍മാര്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ കൈമാറിയതായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പുതിയ നയത്തിന്റെയും തന്ത്രങ്ങളുടെയും ഭാഗമായി നാഷനല്‍ ആന്റി നാര്‍ക്കോട്ടിക് വിഭാഗത്തിന്റെയും ബന്ധപ്പെട്ട സമിതികളുടെയും കീഴില്‍ പരീലനവും ബോധവല്‍കരണ പരിപാടികളും സംഘടിപ്പിക്കും.

തതടിസ്ഥാനത്തില്‍ ഫെബ്രുവരി 28 മുതല്‍ മെയ് 26 വരെ നീളുന്ന െ്രെതമാസ കാമ്പയിന്‍ ആചരിക്കുന്നതായി നാഷനല്‍ ആന്റി നാര്‍ക്കോട്ടിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ഷെറീഫ് അറിയിച്ചു. ഇത് മയക്കു മരുന്ന് വിപാടന യജ്ഞത്തിന്റെ രണ്ടാം ഘട്ടമാണ്. കഴിഞ്ഞ പതിനെട്ട് മാസമായി വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ തുടരുന്ന മയക്കുമരുന്നു വിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനമായിരുന്നു ആദ്യ ഘട്ടം. ഇത് പ്രധാനമായും സ്‌കൂള്‍, സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവരെയും സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍, പള്ളി ഇമാമുകള്‍, പ്രബോധകര്‍ എന്നിവരെയും സൈനിക വിഭാഗങ്ങളെയും ഉദ്ദേശിച്ചായിരുന്നു.