പച്ചപിടിച്ച് കുരുമുളക്; വരണ്ടുണങ്ങി റബ്ബര്‍

Posted on: February 27, 2017 9:19 am | Last updated: February 27, 2017 at 9:19 am
SHARE

കൊച്ചി: കയറ്റുമതിക്കാരുടെ വരവ് കുരുമുളക് വിപണിയെ വില തകര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തി. ടയര്‍ കമ്പനികളുടെ പിന്‍മാറ്റം റബ്ബര്‍ വിലയെ ബാധിച്ചു. അറേബ്യന്‍ ഓര്‍ഡറുകളുടെ അഭാവം ചുക്കിന് തിരിച്ചടിയായി. സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു.
കുരുമുളക് സംഭരിക്കാന്‍ കയറ്റുമതിക്കാര്‍ ഉത്സാഹിച്ചത് വിപണിയുടെ തിരിച്ചു വരവിന് വഴിതെളിച്ചു. ഈവാരം ഉത്തരേന്ത്യകാരും വിപണിയില്‍ താല്‍പര്യം കാണിക്കാം. വാങ്ങല്‍ താല്‍പര്യം വര്‍ധിച്ചാല്‍ അവധി വ്യാപാര രംഗത്തും ഉണവ് പ്രതീക്ഷിക്കാം. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ യുറോപ്യന്‍ ഷിപ്പ്‌മെന്റിന് ടണ്ണിന് 9475 ഡോളറും അമേരിക്കന്‍ കയറ്റുമതിക്ക് 9800 ഡോളറാണ്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 58,700 രൂപയിലും ഗാര്‍ബിള്‍ഡ് കുരുമുളക് 61,700 രൂപയിലുമാണ്.
കുരുമുളകിന്റെ വില തകര്‍ച്ചക്ക് തടയിടാന്‍ കര്‍ഷകര്‍ നടത്തിയ നീക്കം വിപണിക്ക് കരുത്തായി. ഒരു മാസത്തിനിടയില്‍ ഏതാണ്ട് 7000 രൂപയുടെ വില ഇടിവാണ് കുരുമുളകിന് സംഭവിച്ചത്. കയറ്റുമതിക്കാര്‍ വാരത്തിന്റെ രണ്ടാം പകുതിയില്‍ മുളകില്‍ താത്പര്യം കാണിച്ചു. നേരത്തെ ഉറപ്പിച്ച കച്ചവടങ്ങള്‍ക്ക് ആവശ്യമായ കുരുമുളകാണ് അവര്‍ ശേഖരിക്കുന്നത്. ഇതിനിടയില്‍ ഉത്പാദനം തുടക്കത്തില്‍ കണക്ക് കൂട്ടിയതിനെക്കാള്‍ കുറയുമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍.
സംസ്ഥാനത്ത് പകല്‍ ചുടു കനത്ത് മൂലം റബ്ബര്‍ ടാപ്പിംഗ് രംഗം നിശ്ചലമാണ്. ഓഫ് സീസണിലെ ഉയര്‍ന്ന വിലക്ക് വേണ്ടിയുള്ള ശ്രമത്തിലാണ് സ്‌റ്റോക്കിസ്റ്റുകള്‍. ഇതിനിടയില്‍ വിദേശത്തെ തളര്‍ച്ച മറയാക്കി ആഭ്യന്തര ടയര്‍ കമ്പനികള്‍ ചരക്ക് സംഭരണം കുറച്ചതോടെ നാലാം ഗ്രേഡ് 16,000 ല്‍ നിന്ന് 15,800 ലേക്ക് താഴ്ന്നു.
ടോക്കോമില്‍ തുടര്‍ച്ചയായി റബ്ബര്‍ വില താഴ്ന്നത് നിക്ഷേപകരെ വില്‍പ്പനക്കാരാക്കി. തായ്‌ലണ്ട് അവരുടെ കരുതല്‍ േശഖരത്തിലെ റബര്‍ റീലിസ് ചെയ്തത് അന്താരാഷ്ട്ര മാര്‍ക്കറ്റിനെ തളര്‍ത്തിയത്.
ഗള്‍ഫ് നാടുകളില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നും ചുക്കിന് ആവശ്യം കുറഞ്ഞത് ഉല്‍പ്പന്ന വില തളര്‍ത്തി. ഗ്രാമീണ മേഖലയില്‍ ചുക്ക് ഉയര്‍ന്ന അളവില്‍ സ്‌റ്റോക്കുണ്ടെന്നാണ് ഒരു വിഭാഗം വ്യാപാരികളുടെ പക്ഷം. വിവിധയിനം ചുക്ക് 13,000-14,000 രൂപയിലാണ്.
ജാതിക്ക, ജാതിപത്രി വിലകളില്‍ കാര്യമായ വ്യതിയാനമില്ല. ആഭ്യന്തര വ്യവസായികളും കയറ്റുമതിക്കാരും ഉത്പന്നം ശേഖരിച്ചു. ജാതിക്ക തൊണ്ടന്‍ 280-300 രൂപയിലും തൊണ്ടില്ലാത്തത് 500-525, ജാതിപത്രി 600-650 രൂപയിലും വിപണനം നടന്നു.
നാളികേരോത്പന്നങ്ങളുടെ നിരക്ക് കുറഞ്ഞു. എണ്ണക്ക് പ്രദേശിക വിപണികളില്‍ വില്‍പ്പന ചുരുങ്ങി. കൊച്ചിയില്‍ വെളിച്ചെണ്ണ 12,800 ല്‍ നിന്ന് 12,300 രൂപയായി. കൊപ്ര വില 8635-8700 രൂപയില്‍ നിന്ന് 8280-8400 രൂപയായി.
സ്വര്‍ണ വില ഉയര്‍ന്നു. പവന്‍ 22,120 രൂപയില്‍ നിന്ന് 22,400 രൂപയായി. ഒരു ്രഗാമിന്റെ വില 2800 രൂപ. ലണ്ടനില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണം 1234 ഡോളറില്‍ നിന്ന് 1260 ഡേളാറായി.

LEAVE A REPLY

Please enter your comment!
Please enter your name here