മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഡിന്നറില്ല; മാധ്യമ കലി മാറാതെ ട്രംപ്

Posted on: February 27, 2017 9:14 am | Last updated: February 27, 2017 at 9:14 am

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള പോര് മുറുകുന്നു. ബി ബി സിയടക്കമുള്ള മാധ്യമങ്ങള്‍ക്ക് വൈറ്റ്ഹൗസില്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോടൊത്തുള്ള വിരുന്നില്‍ താന്‍ പങ്കെടുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിലെ ലേഖകന്മാരുടെ സംഘടന കാലങ്ങളായി നടത്തിവരുന്ന വിരുന്നില്‍ പങ്കെടുക്കില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ജനങ്ങളുടെ ശത്രുക്കളാണ് മാധ്യമ പ്രവര്‍ത്തകരെന്ന് വ്യക്തമാക്കിയ ട്രംപ് തനിക്കെതിരെ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളോട് കടുത്ത അസഹിഷ്ണുതയാണ് വെച്ചു പുലര്‍ത്തുന്നത്. പ്രസിഡന്റിനായി സംഘടിപ്പിക്കുന്ന ഈ ഡിന്നര്‍ പാര്‍ട്ടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമെ രാഷ്ട്രീയ പ്രവര്‍ത്തകരും സെലിബ്രിറ്റികളും വിശിഷ്ടാതിഥികളായി എത്താറുണ്ട്. എപ്രില്‍ 29നായിരുന്നു ഈ വര്‍ഷത്തെ ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്.
ട്വിറ്ററിലൂടെയാണ് ട്രംപ് ചടങ്ങിന് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്. പ്രസിഡന്റില്ലെങ്കില്‍ ചടങ്ങ് നടക്കില്ലെന്ന് റിപ്പോര്‍ട്ടര്‍മാരുടെ സംഘടനാ മേധാവി റോയിട്ടേഴ്‌സിന്റെ ജെഫ് മാസണ്‍ വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യം നല്‍കിയ ആദ്യ ഭേദഗതിയുടെ സ്മരാണാര്‍ഥമാണ് കാലങ്ങളായി ഇത്തരം ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത മാധ്യമവിരുദ്ധ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ പ്രതികരിച്ചു. മാധ്യമ പ്രവര്‍ത്തകരടക്കമുള്ള വിശിഷ്ടാതിഥികള്‍ക്ക് മുമ്പില്‍ അത്ര ഗൗരവമല്ലാത്തതോ തമാശ രൂപത്തിലോയുള്ള പ്രസിഡന്റിന്റെ പ്രസംഗമാണ് ചടങ്ങിലെ പ്രധാന ആകര്‍ഷണം. വൈറ്റ് ഹൗസും റിപ്പോര്‍ട്ടര്‍മാരും തമ്മിലുള്ള സൗഹൃദപരമായ ബന്ധം സ്ഥാപിക്കാനായാണ് ഈ പരിപാടി സംഘടിപ്പിക്കാറുള്ളത്. 1981ല്‍ റൊണാള്‍ഡ് റീഗണ്‍ മാത്രമാണ് ഡിന്നര്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്ന ഏക പ്രസിഡന്റ്.
വെടിയേറ്റ് ചികിത്സയിലായിരുന്നതിനാലാണ് അദ്ദേഹത്തിന് ചടങ്ങില്‍ സംബന്ധിക്കാന്‍ സാധിക്കാതിരുന്നത്.
മാധ്യമങ്ങളുമായും പൊതുജനങ്ങളുമായും നല്ല ബന്ധം പുലര്‍ത്തി ജനകീയ പ്രസിഡന്റ് എന്ന ഖ്യാതി നേടിയ ബാരക് ഒബാമക്ക് ശേഷം പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നിലപാട് ആഗോളതലത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയായിരിക്കുകയാണ്. മുസ്‌ലിം, കുടിയേറ്റ, സ്ത്രീവിരുദ്ധ നിലപാടുകളുമായി തിരഞ്ഞെടുപ്പിനെ സമീപിച്ച ട്രംപിന്റെ ക്രൂരമായ ഫാസിസ്റ്റ് നിലപാടുകള്‍ തുടക്കം മുതലേ മാധ്യമങ്ങള്‍ തുറന്നുകാട്ടിയിരുന്നു. പ്രസിഡന്റായ ശേഷവും ട്രംപിന്റെ മാനുഷ്യത്വവിരുദ്ധമായ നടപടികള്‍ക്കെതിരെ ആഗോള മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി. ഇതാണ് ട്രംപിനെയും വൈറ്റ് ഹൗസിനെയും ചൊടിപ്പിച്ചത്. ബി ബി സി, സി എന്‍ എന്‍, അല്‍ ജസീറ, തുടങ്ങിയ ഏഴ് മാധ്യമങ്ങളെയാണ് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം വിലക്കിയത്. ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നിലപാടില്‍ പ്രതിഷേധിച്ച് നിരവധി മാധ്യമ പ്രവര്‍ത്തകര്‍ വൈറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കുകയും ട്രംപിന്റെ നിലപാടില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.