ഫാസിലി വീട്ടിലെത്തുന്നു, 11 വര്‍ഷത്തിന് ശേഷം

തെളിവില്ലെന്ന് കണ്ട് കോടതി വിട്ടയക്കുന്ന കേസുകളുടെ കാര്യത്തില്‍ ശ്രദ്ധേയമായ ഒരു കാര്യം അതില്‍ ആരോപണവിധേയരാക്കപ്പെടുന്നവരില്‍ ഏറെപ്പേരും കശ്മീര്‍ സ്വദേശികളാണ് എന്നതാണ്. ഇപ്പോള്‍ വിട്ടയക്കപ്പെട്ടവരിലെ റഫീഖ് ഷാ, സ്‌ഫോടനം നടക്കുമ്പോള്‍ വിദ്യാര്‍ഥിയായിരുന്നു. സ്‌ഫോടന പരമ്പര നടന്ന ദിവസം ശ്രീനഗറിലെ പരീക്ഷാ ഹാളിലായിരുന്നു ഷാ. അതൊന്നും കണക്കിലെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പതിനൊന്ന് വര്‍ഷത്തിനിടെ ജാമ്യത്തിനുള്ള ശ്രമങ്ങളില്‍ ഒരിക്കല്‍പ്പോലും ഇക്കാര്യം പരിഗണിക്കാന്‍ നമ്മുടെ നീതിന്യായ സംവിധാനവും തയ്യാറായില്ല. ഈ അനുഭവങ്ങള്‍ കശ്മീരിലെ യുവാക്കളിലുണ്ടാക്കുന്ന ആഘാതം എത്രയായിരിക്കും? നാളെ ഏതെങ്കിലും കേസില്‍ കുടുക്കപ്പെടാനായി വളര്‍ന്നുവരുന്നവരാണ് തങ്ങളെന്ന ചിന്ത അവരിലുണ്ടാകുന്നുണ്ടാകില്ലേ? ഭരണകൂടം ലക്ഷ്യമിടുന്നവരാണ് തങ്ങളെന്ന തോന്നല്‍ അവരെ അകറ്റിനിര്‍ത്തുക, ഭരണകൂടത്തില്‍ നിന്ന് മാത്രമായിരിക്കുമോ?
Posted on: February 27, 2017 9:10 am | Last updated: February 27, 2017 at 9:10 am

42കാരനായ മുഹമ്മദ് ഹുസൈന്‍ ഫാസിലി ജമ്മു കശ്മീര്‍ ശ്രീനഗറിലെ ബുച്‌പോരയിലെ വീട്ടിലേക്ക് 11 വര്‍ഷത്തിന് ശേഷം തിരിച്ചെത്തുമ്പോഴേക്കും മാതാപിതാക്കള്‍ വൃദ്ധരായിട്ടുണ്ട്. സഹോദരങ്ങള്‍ക്ക് കുഞ്ഞുങ്ങളായി. 11 വര്‍ഷം മുമ്പ് ഡല്‍ഹി സ്‌ഫോടനപരമ്പരാക്കേസില്‍ ഉള്‍പ്പെട്ടുവെന്ന് ആരോപിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോകുമ്പോഴുണ്ടായിരുന്ന ഭൗതിക സാഹചര്യങ്ങളൊക്കെ മാറിയിരിക്കുന്നു. പുതിയ സാഹചര്യങ്ങളോട് ഇണങ്ങിച്ചേര്‍ന്ന്, വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ പാകത്തിലൊരു ജോലി സമ്പാദിക്കണം ഈ 42കാരന്. ഭീകരവാദിയെന്ന ആരോപണം ഈ ശ്രമത്തിന് വിഘാതമാകുമോ എന്ന ശങ്ക നിലനില്‍ക്കുന്നുണ്ട് ഫാസിലിക്ക്. തന്റെ യുവത്വം ജയിലില്‍ പാഴാക്കിയതിന് ആരാണ് ഉത്തരവാദിയെന്ന ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യം ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട് ഈ ‘ചെറുപ്പക്കാരന്‍’. ഈ കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഭരണകൂടത്തിനും നീതിന്യായ സംവിധാനത്തിനും ബാധ്യതയില്ലേ എന്നും. ഇതേ കേസില്‍ അറസ്റ്റിലായി പതിറ്റാണ്ടിലേറെ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിയേണ്ടി വന്ന മുഹമ്മദ് റഫീഖ് ഷായ്ക്കും ഇതേ ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാകും. ഇന്ത്യന്‍ യൂണിയനില്‍ ഉത്തരമില്ലാത്ത ഇത്തരം ചോദ്യങ്ങളുമായി ജീവിതം തുടരുന്ന ആദ്യത്തെയാളുകളല്ല ഇവരൊന്നും.
ഡല്‍ഹി പോലീസിലെ ‘സ്‌പെഷല്‍ സെല്‍’ രജിസ്റ്റര്‍ ചെയ്ത 24 ഭീകരവാദ കേസുകള്‍ കോടതിയില്‍ തകര്‍ന്നുവീണതിന്റെ വിവരങ്ങള്‍ ജാമിയ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍ 2015ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലുണ്ട്. ഈ കേസുകളിലൊക്കെ കുറ്റാരോപിതരെ കോടതി വെറുതെവിടുകയാണ് ഉണ്ടായത്. കൃത്യമായ തെളിവുകളില്ലാതെ, നിരപരാധികളെ കേസില്‍ കുടുക്കുകയാണ് പോലീസ് ചെയ്തത് എന്ന പരാമര്‍ശം പല കേസുകളിലും കോടതികളില്‍ നിന്നുണ്ടായി. ഈ പട്ടികയിലേക്കാണ് ഡല്‍ഹിയിലെ സ്‌ഫോടനപരമ്പരാ കേസുമെത്തുന്നത്. ഈ കേസില്‍ ആരോപണവിധേയരായിരുന്ന മൂന്ന് പേരില്‍ ഫാസിലിയെയും റഫീഖ് ഷായെയും കുറ്റവിമുക്തരാക്കിയ കോടതി, മുന്നാമനായ താരിഖ് അഹ്മദ് ദറിനെ പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഡല്‍ഹി സ്‌ഫോടന പരമ്പരയിലെ ഉത്തരവാദിത്തം ആരോപിച്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലല്ല ശിക്ഷ വിധിച്ചത് എന്നത് പ്രത്യേകം ഓര്‍ക്കണം. നിരോധിത സംഘടനയായ ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് കോടതിയുടെ നടപടി. പത്ത് വര്‍ഷത്തിലധികം വിചാരണത്തടവ് അനുഭവിച്ച താരിഖ് അഹ്മദ് ദര്‍ ജയില്‍ മോചിതനാകുകയും ചെയ്തു.
2005 ഒക്‌ടോബര്‍ 29ന് ഡല്‍ഹിയിലെ സരോജിനി നഗര്‍ മാര്‍ക്കറ്റ്, പഹാട്ഗഞ്ച്, ഓഖ്‌ല ഫേസ് 2 എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത് 80 പേരാണ്, പരുക്കേറ്റത് 225 പേര്‍ക്കും. പതിനൊന്ന് കൊല്ലത്തിന് ശേഷം 2017 ഫെബ്രുവരി 16നാണ് ഈ കേസില്‍ ഡല്‍ഹി കോടതി വിധി പുറപ്പെടുവിച്ചത്. ആരോപണവിധേയരുടെ സ്ഥാനത്ത് ഡല്‍ഹി പോലീസ് നിര്‍ത്തിയ രണ്ട് പേരെ കോടതി കുറ്റവിമുക്തരാക്കുകയും മൂന്നാമനെ ഈ കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തപ്പോള്‍ സ്വാഭാവികമായി ഉയരുന്ന ചോദ്യമുണ്ട്, 80 പേരുടെ ജീവനെടുത്ത സ്‌ഫോടന പരമ്പര ആരുടെ സൃഷ്ടിയായിരുന്നു? അതാരുടെ സൃഷ്ടിയാണെന്ന് കണ്ടെത്താനാണോ ഡല്‍ഹി പോലീസ് ശ്രമിച്ചത്? അതോ ഏതാനും ചെറുപ്പക്കാരെ പ്രതിസ്ഥാനത്ത് നിര്‍ത്തി, കേസ് അവസാനിപ്പിക്കാനോ?
രാജ്യത്ത് നടക്കുന്ന സ്‌ഫോടനങ്ങളില്‍ ഭൂരിപക്ഷത്തിലും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാരെ പ്രതിസ്ഥാനത്തു നിര്‍ത്തി കേസ് അവസാനിപ്പിക്കുന്ന ജോലിയാണ് ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് ചെയ്യുന്നത്. ജാമിയ ടീച്ചേഴ്‌സ് അസോസിയേഷന്‍ കണക്കെടുത്ത ഡല്‍ഹി പോലീസിലെ സ്‌പെഷല്‍ ചാര്‍ജ് ചെയ്ത 24 കേസുകളില്‍ മാത്രമല്ല ഇത് സംഭവിച്ചിട്ടുള്ളത്. മുംബൈ മലേഗാവ്, ഹൈദരാബാദിലെ മക്ക മസ്ജിദ് തുടങ്ങി പല കേസുകളിലും ഇതുപോലെ നിരപരാധികള്‍ ദീര്‍ഘകാലം വിചാരണത്തടവുകാരായി. ഇതൊക്കെ പുറത്തുവരുമ്പോഴും എന്തുകൊണ്ടിത് ആവര്‍ത്തിക്കപ്പെടുന്നുവെന്ന ചോദ്യം രാജ്യം അഭിമുഖീകരിക്കുന്നില്ല. നിരപരാധികള്‍ കേസില്‍ കുടുക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കാന്‍ നടപടിയുണ്ടാകുന്നുമില്ല. കേസിലെ പങ്കാളിത്തം സംശയലേശമെന്യെ തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികളെ വിട്ടയക്കാന്‍ ഉത്തരവിടുന്ന കോടതികള്‍ക്ക് അന്വേഷണത്തിലെ പാളിച്ചകളെക്കുറിച്ച് പരിശോധന വേണമെന്ന തോന്നല്‍ ഉണ്ടാകുന്നതേയില്ല.
80 പേരുടെ ജീവനെടുത്ത സ്‌ഫോടന പരമ്പരയില്‍ ആരോപണ വിധേയര്‍ കുറ്റവിമുക്തരാക്കപ്പെടുമ്പോള്‍ യഥാര്‍ഥ കുറ്റവാളികളാരെന്ന ചോദ്യം ബാക്കിയാണെന്ന വസ്തുതയെ കോടതിയോ മറ്റ് സംവിധാനങ്ങളോ കണക്കിലെടുക്കുന്നതേയില്ല. തികച്ചും സാങ്കേതികമായ നടപടിക്രമം മാത്രമായി അന്വേഷണവും വിചാരണയും മാറുമ്പോള്‍ ഒരു ദശകത്തിലധികം വിചാരണത്തടവ് അനുഭവിക്കേണ്ടി വന്ന നിരപരാധിയുടെ വേദന, അവകാശനിഷേധം, അവന്റെ കുടുംബം അനുഭവിക്കേണ്ടി വരുന്ന വേദന, സാമൂഹികമായ ഒറ്റപ്പെടല്‍, ഇത്തരം കേസുകള്‍ നിരവധിയായി കെട്ടിച്ചമക്കപ്പെടുമ്പോള്‍ സംശയത്തിന്റെ നിഴലിലേക്ക് നീക്കിനിര്‍ത്തപ്പെടുന്ന ഒരു സമുദായം നേരിടേണ്ടിവരുന്ന അരക്ഷിതാവസ്ഥ, അവസരം പാര്‍ത്തിരിക്കുന്ന തീവ്രവര്‍ഗീയതയുടെ വക്താക്കള്‍ ഇതിനെ ഉപയോഗിക്കുന്ന രീതി ഇതേക്കുറിച്ചൊന്നും ആലോചനകള്‍ ഉണ്ടാകുന്നതേയില്ല. ജൈവിക പ്രക്രിയക്ക് സ്ഥാനമില്ലാത്ത, സാമൂഹിക നീതി ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്ന് തോന്നാത്ത, സാങ്കേതിക നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണം മാത്രമായി കേസുകള്‍ മാറുമ്പോള്‍ അതുണ്ടാക്കുന്ന അവിശ്വാസം അതെത്ര വലുതായിരിക്കുമെന്ന് ഇന്ത്യന്‍ യൂണിയന്‍ എന്ന സങ്കല്‍പ്പത്തെക്കുറിച്ചും അതിനെ ഭരിക്കുന്ന ഭരണഘടനയിലെ വ്യവസ്ഥകളെക്കുറിച്ചുമൊക്കെ ഓര്‍മയുള്ളവരുടെ വേവലാതിയാകേണ്ടതാണ്. അതൊന്നും ഇതുവരെ ഉണ്ടായിട്ടില്ല, ഇനിയങ്ങോട്ട് ഉണ്ടാകുമെന്ന് തോന്നുന്നുമില്ല.
ഇത്തരത്തിലുള്ള കോടതിവിധികള്‍, കുറച്ച് കാലത്തേക്കെങ്കിലും സമൂഹത്തിന് മുന്നിലും രാഷ്ട്രീയ – ഭരണ നേതൃത്വത്തിന് മുന്നിലും ചോദ്യങ്ങളുയര്‍ത്തിയിരുന്നു മുന്‍കാലങ്ങളില്‍. വലിയ ഫലം പ്രദാനം ചെയ്തില്ലെങ്കിലും നിരപരാധികളെ കേസില്‍ക്കുടുക്കുന്നതിനെക്കുറിച്ച് ജനത്തെ അറിയിക്കാന്‍ പാകത്തിലുള്ള സംവാദങ്ങളെങ്കിലും നടന്നിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തിലെത്തിയ ശേഷം സൃഷ്ടിക്കപ്പെട്ട അസഹിഷ്ണുതയുടെ അന്തരീക്ഷം, ഇത്തരം വിധികളെ നിസ്സംഗമായി സ്വീകരിക്കുക എന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നുവെന്ന് സംശയിക്കണം. അതുകൊണ്ടാണ് പതിനൊന്ന് വര്‍ഷത്തിലേറെ ജയിലില്‍ കഴിയേണ്ടി വന്ന നിരപരാധികളെക്കുറിച്ചും ജയിലിനുള്ളില്‍ അവര്‍ നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങളെക്കുറിച്ചും വലിയ ചര്‍ച്ച ഉയരാതെ പോയത്. അത്തരം ചര്‍ച്ചകളിലേക്ക് കടക്കുന്നത് രാജ്യസ്‌നേഹ – ദ്രോഹ തുലനങ്ങളിലേക്ക് എത്തുമോ എന്ന ശങ്ക ആരും പറയാതെ തന്നെ എല്ലാവരുടെയും മനസ്സിലുയരുന്നുണ്ടാകണം.
ഡല്‍ഹി സ്‌ഫോടനപരമ്പരാക്കേസിന് മറ്റൊരധ്യായം കൂടിയുണ്ട്. കേസിലുള്‍പ്പെട്ടുവെന്ന് ഡല്‍ഹി പോലീസ് ആരോപിച്ച മൂന്ന് പേര്‍ക്കും ഇതുമായി ബന്ധമില്ലെന്ന് കാണിച്ച് ആന്ധ്രാ പ്രദേശ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് 2009ല്‍ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും വിവിധ ഏജന്‍സികള്‍ക്കും ലഭിച്ചിരുന്നു. അതു കണക്കിലെടുത്ത് ഒരു പുനഃപരിശോധനക്ക് അന്ന് ഭരണം കൈയാളിയിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ ആലോചിച്ചതേയില്ല. നിരപരാധികളായ ചെറുപ്പക്കാരാണ് അഴിക്കുള്ളില്‍ കിടക്കുന്നത് എങ്കില്‍ അത് അനീതിയാണല്ലോ എന്ന തോന്നല്‍ റിപ്പോര്‍ട്ട് ലഭിച്ച ഏജന്‍സികളിലെ ഉദ്യോഗസ്ഥമേധാവികള്‍ക്കുമുണ്ടായില്ല. അഴിക്കുള്ളില്‍ കിടക്കുന്നത് മുസ്‌ലിംകള്‍, അതും കശ്മീരില്‍ നിന്നുള്ളവര്‍. ഡല്‍ഹിയിലല്ലെങ്കില്‍ മറ്റൊരിടത്ത് സ്‌ഫോടനം നടത്തിയവരോ അതിന് പദ്ധതിയിട്ടവരോ ആയിരിക്കുമെന്ന ഉറപ്പ് സര്‍ക്കാറിന്, അതിന് കീഴിലുള്ള ഏജന്‍സികള്‍ക്ക് ഒക്കെ ഉണ്ടായിട്ടുണ്ടെന്ന് ചുരുക്കം. അതുകൊണ്ടാകണം, നിരപരാധിയാണെന്ന് പൊലീസിലെ ഒരു വിഭാഗം റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ അത് പരിശോധിക്കപ്പെടാതെ പോകുന്നത്.
മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ ആന്ധ്ര പൊലീസ് പിടികൂടിയവരെയൊക്കെ വെറുതെവിട്ട് കോടതി വിധി വന്നപ്പോള്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു. നഷ്ടപരിഹാരം നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അന്ന് ആന്ധ്ര ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. നിരപരാധികളെ കേസില്‍ കുടുക്കിയാലും കുടുക്കിയതാണെന്ന് പിന്നീട് തെളിഞ്ഞാലും ഈ രാജ്യത്ത് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ലെന്ന സന്ദേശമാണ് ഇതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. അത്തരം സന്ദേശങ്ങള്‍ നല്‍കുന്ന ഭരണകൂടം നിലനില്‍ക്കുമ്പോള്‍ ജയിലില്‍ കഴിയുന്നവര്‍ നിരപരാധിയാണെന്ന റിപ്പോര്‍ട്ട് ആരെങ്കിലും മുഖവിലക്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതാണ് അബദ്ധം.
തെളിവില്ലെന്ന് കണ്ട് കോടതി വിട്ടയക്കുന്ന കേസുകളുടെ കാര്യത്തില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം അതില്‍ ആരോപണവിധേയരാക്കപ്പെടുന്നവരില്‍ ഏറെപ്പേരും കശ്മീര്‍ സ്വദേശികളാണ് എന്നതാണ്. ഇപ്പോള്‍ വിട്ടയക്കപ്പെട്ടവരിലെ റഫീഖ് ഷാ, സ്‌ഫോടനം നടക്കുമ്പോള്‍ വിദ്യാര്‍ഥിയായിരുന്നു. സ്‌ഫോടന പരമ്പര നടന്ന ദിവസം ശ്രീനഗറിലെ പരീക്ഷാ ഹാളിലായിരുന്നു ഷാ. അതൊന്നും കണക്കിലെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പതിനൊന്ന് വര്‍ഷത്തിനിടെ ജാമ്യത്തിനുള്ള ശ്രമങ്ങളില്‍ ഒരിക്കല്‍പ്പോലും ഇക്കാര്യം പരിഗണിക്കാന്‍ നമ്മുടെ നീതിന്യായ സംവിധാനവും തയ്യാറായില്ല. ഈ അനുഭവങ്ങള്‍ കശ്മീരിലെ യുവാക്കളിലുണ്ടാക്കുന്ന ആഘാതം എത്രയായിരിക്കും? നാളെ ഏതെങ്കിലും കേസില്‍ കുടുക്കപ്പെടാനായി വളര്‍ന്നുവരുന്നവരാണ് തങ്ങളെന്ന ചിന്ത അവരിലുണ്ടാകുന്നുണ്ടാകില്ലേ? ഭരണകൂടം ലക്ഷ്യമിടുന്നവരാണ് തങ്ങളെന്ന തോന്നല്‍ അവരെ അകറ്റിനിര്‍ത്തുക, ഭരണകൂടത്തില്‍ നിന്ന് മാത്രമായിരിക്കുമോ?
കുറ്റവാളിയെന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി കണക്കാക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന നമ്മുടെ നിയമ വ്യവസ്ഥ, ഈ ആളുകളുടെ കാര്യത്തില്‍ മാത്രം നിരപരാധിയെന്ന് തെളിയിക്കപ്പെടും വരെ കുറ്റവാളിയായി കണക്കാക്കുന്ന രീതിയിലേക്ക് മാറിപ്പോയിരിക്കുന്നു.