ഭൂരിഭാഗം പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തില്‍

Posted on: February 27, 2017 9:04 am | Last updated: February 27, 2017 at 12:44 pm

പാലക്കാട്: സംസ്ഥാനത്തെ 41 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ മുപ്പതും നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ റീ സ്ട്രക്ചറിംഗ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡിന്റെ (റിയാബ്) കണക്കുകളാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ദയനീയ ചിത്രം വരച്ചുകാണിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലെ സ്ഥാപനങ്ങള്‍ പ്രതിവര്‍ഷം 59 കോടി നഷ്ടമുണ്ടാക്കുന്നതായും പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാനുള്ള കഴിഞ്ഞ ബജറ്റിലെ നിര്‍ദേശങ്ങള്‍ വേണ്ടത്ര ഫലം കണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടം 25 കോടിയായി വര്‍ധിച്ചിട്ടുണ്ട്. കിന്‍ഫ്രയെ കൂടാതെ ഒമ്പത് സെക്ടറുകളിലായി മൊത്തം 41 സ്ഥാപനങ്ങളാണ് വ്യവസായ വകുപ്പിന് കീഴിലുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഒമ്പത് എണ്ണം മാത്രമാണ് ലാഭം നേടിയത്. നടപ്പ് സാമ്പത്തിക വര്‍ഷം 11 സ്ഥാപനങ്ങള്‍ ലാഭത്തിലായതായാണ് വിലയിരുത്തല്‍. ഇതില്‍ മൂന്നെണ്ണത്തിന് നാമമാത്രമായ ലാഭം മാത്രമേ നേടാനായുള്ളൂ.
മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം ടേണ്‍ ഓവര്‍ 1,247 കോടിയില്‍ നിന്ന് 1,302 ആയി ഉയര്‍ന്നു. അതേസമയം, സര്‍ക്കാറിന്റെ നഷ്ടം 33.57 കോടിയില്‍ നിന്ന് 58.92 കോടിയായി ഉയര്‍ന്നു. നഷ്ടത്തിന്റെ അമ്പത് ശതമാനവും ഇലക്ട്രിക്കല്‍, ടെക്‌സ്റ്റൈല്‍ മേഖലയില്‍ നിന്നാണ്.
ടേണ്‍ ഓവര്‍ വര്‍ധിച്ചിട്ടും ആറ് സ്ഥാപനങ്ങള്‍ക്ക് കുടുതല്‍ നഷ്ടമാണ് സംഭവിച്ചത്. ടേണ്‍ ഓവര്‍ കുറഞ്ഞിട്ടും നിലമെച്ചപ്പെടുത്തിയ നാല് സ്ഥാപനങ്ങളുമുണ്ട്. ഈ നാല് സ്ഥാപനങ്ങളുടെയും ബാലന്‍സ് ഷീറ്റ് ഇപ്പോഴും നെഗറ്റീവിലാണെങ്കിലും ഭാവിയില്‍ ലാഭത്തിലായേക്കാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്, സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ഗിംഗ്‌സ്, കാഡ്‌കോ, സില്‍ക് എന്നീ അഞ്ച് സ്ഥാപനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടത്തില്‍ നിന്ന് കരകയറി. ലാഭത്തിലുണ്ടായിരുന്ന മൂന്നെണ്ണം നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായ പരമ്പരാഗത വ്യവസായ മേഖലക്ക് നോട്ട് നിരോധനം കനത്ത പ്രത്യാഘാതമായി. വാളയാര്‍ മലബാര്‍ സിമന്റ്‌സ് പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കാമായിരുന്നിട്ടും മാനേജ്‌മെന്റിന്റെ കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനമാണ് കമ്പനിയുടെ തകര്‍ച്ചയിലേക്ക് തള്ളിയതെന്ന് റിയാബിന്റെ റിപ്പോര്‍ട്ടിലുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ വേണ്ടത്ര ഇടപെടാത്തപക്ഷം പല പൊതുമേഖലാ സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ട സ്ഥിതിയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും റിയാബ് നല്‍കുന്നുണ്ട്.