മതവിദ്വേഷ പ്രചാരണം പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

Posted on: February 27, 2017 8:56 am | Last updated: February 27, 2017 at 12:41 pm
SHARE

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മതം ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെ സെക്രട്ടറിമാര്‍ക്കും പ്രസിഡന്റുമാര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്ത് നല്‍കി. മത വികാരത്തെ പ്രചാരണവേദിയില്‍ ഉപയോഗപ്പെടുത്തരുതെന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രധാനമായും ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് മതത്തെ ഉപയോഗപ്പെടുത്തുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് കമ്മീഷന്‍ ഇടപെട്ടത്. പ്രചാരണവേദിയില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ അവിടെ മാത്രം ഒതുങ്ങിനില്‍ക്കുന്ന കാലമല്ല ഇതെന്നും ടി വി, പത്ര മാധ്യമങ്ങള്‍, സമൂഹ മാധ്യമങ്ങള്‍ വഴി എല്ലായിടത്തും എത്തുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ ഇത് സ്വാധീനിക്കും. ഇവിടങ്ങളിലെ സമാധാനത്തെയും ഐക്യത്തെയും ഇത് ബാധിക്കുമെന്നും കമ്മീഷന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഏതെങ്കിലും മത വിഭാഗത്തെ പരോക്ഷമായി പരാമര്‍ശിക്കുന്ന ഇത്തരം പ്രസ്താവനകള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഒഴിവാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ മതവും ജാതിയും വംശവും ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ 123(3) വകുപ്പില്‍ അദ്ദേഹത്തിന്റെ മതം എന്ന് പ്രത്യേകം പരാമര്‍ശിക്കുന്നത് സ്ഥാനാര്‍ഥിയുടെയും ഏജന്റുമാരുടെയും വോട്ടറുടെയും മതവും ജാതിയുമാണെന്നും ഇതിനാല്‍ മതവും ജാതിയും ഉപയോഗിച്ച് വോട്ട് പിടിക്കുന്നത് അഴിമതിക്ക് തുല്യമായ പ്രവര്‍ത്തിയാണെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഖബര്‍സ്ഥാന് ഭൂമി അനുവദിക്കുകയാണെങ്കില്‍ ശ്മശാനത്തിനും അനുവദിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ വിമര്‍ശിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. റമസാന് വൈദ്യുതിയുണ്ടെങ്കില്‍ ദീപാവലിക്കും വൈദ്യുതി വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ മൂന്ന് ഘട്ടം പിന്നിട്ടപ്പോള്‍ ബി ജെ പി കുറേക്കൂടി ശക്തമായി വര്‍ഗീയ വിഭജന തന്ത്രങ്ങള്‍ ഉപയോഗിക്കുന്നുവെന്നും പ്രധാനമന്ത്രി തന്നെ ഇതിന് നേതൃത്വം നല്‍കുകയാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
മുസ്‌ലിംകള്‍ സമാജ്‌വാദി പാര്‍ട്ടിക്കാണ് വോട്ട് രേഖപ്പെടുത്തുന്നതെങ്കില്‍ ഫലമില്ലെന്നും അത് ബി ജെ പിക്കാണ് ഗുണകരമാകുകയെന്നും ബി എസ് പി നേതാവ് മായാവതിയും പ്രസംഗിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശക്തമായ മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്.
ഇതിന് പുറമെ ബി ജെ പി ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ വോട്ട് രേഖപ്പെടുത്തുമ്പോള്‍ പാര്‍ട്ടി ചിഹ്നം ധരിച്ചതിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here