Connect with us

Kerala

പള്‍സര്‍ സുനിയുടെ ഒളിത്താവളത്തില്‍ നിന്ന് മൊബൈലും ടാബും കണ്ടെടുത്തു

Published

|

Last Updated

കൊച്ചി/ കോയമ്പത്തൂര്‍: യുവനടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനിയെയും കൂട്ടാളി വിജേഷിനെയും ഇരുവരും ഒളിവില്‍ താമസിച്ച കോയമ്പത്തൂരിലെ വാടക വീട്ടിലെത്തിച്ച് തെളിവെടുത്തു. കോയമ്പത്തൂര്‍ പീളമേടിലെ ശ്രീറാം നഗറില്‍ ചാര്‍ളിയെന്ന സുഹൃത്ത് വാടകക്കെടുത്ത് നല്‍കിയിരുന്ന വീട്ടിലെത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ നിന്ന് ഒരു മൊബൈല്‍ ഫോണും ടാബ്‌ലെറ്റും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. അതേസമയം, ആക്രമണത്തിനിടെ പള്‍സര്‍ സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
ഇതിനിടെ കോയമ്പത്തൂരില്‍ പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയ സുഹൃത്ത് ചാര്‍ളി ഒളിവില്‍ പോയി. കണ്ണൂര്‍ സ്വദേശിയാണ് പ്രതികളുടെ സഹായിയായ ചാര്‍ളി. പ്രതികളെയും കൊണ്ട് പോലീസ് തെളിവെടുപ്പിനായി എത്തുമെന്നറിഞ്ഞതിനെ തുടര്‍ന്നാണ് ചാര്‍ളി മുങ്ങിയത്. പ്രതികളെ സഹായിച്ചതിന് ചാര്‍ളിക്കെതിരെയും കേസെടുത്തിട്ടുണ്ട്. രാത്രിയിലെത്തിയ ചാര്‍ളിയാണ് വീട് വാടകക്കെടുത്തതെന്നും തന്നോടൊപ്പം നേരത്തെ ജോലി ചെയ്തിരുന്നവരാണെന്നാണ് പരിചയപ്പെടുത്തിയെന്നും വീട്ടുടമ പറഞ്ഞു. ഇതോടൊപ്പം പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാനെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ബജാജ് പള്‍സര്‍ ബൈക്കിന്റെ ഉടമസ്ഥനെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചാര്‍ളിയോടൊപ്പം താമസിക്കുന്ന തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി സെല്‍വനാണ് ബൈക്കിന്റെ ഉടമസ്ഥന്‍. പള്‍സര്‍ ബൈക്കുമായാണ് സുനിയും വിജേഷും കൊച്ചിയിലേക്കെത്തിയത്.
അതേസമയം, ബൈക്ക് മോഷണം പോയിരുന്നതായി സെല്‍വന്‍ പോലീസിനോട് പറഞ്ഞു. ബൈക്കിന്റെ താക്കോല്‍ ഇപ്പോഴും തന്റെ കൈയിലുണ്ടെന്നും പേപ്പറുകള്‍ പണയത്തിലാണെന്നും പറഞ്ഞ സെല്‍വന്‍, ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.
പിടിയിലാകുന്നതിന് മുമ്പ് സുനി കോയമ്പത്തൂരുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ താമസിച്ച വീട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തിയത്.
നടിയുടെ ചിത്രങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കോയമ്പത്തൂരില്‍ വെച്ച് ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇന്നലെ പുലര്‍ച്ചെ 4.10 ഓടെ ആലുവ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്.