Connect with us

Malappuram

വനത്തില്‍ കുളം പണിയാന്‍ സ്ഥലം കണ്ടെത്തി

Published

|

Last Updated

കരിയംമുരിയം വനത്തില്‍ കാട്ടുമൃഗങ്ങള്‍ക്ക് വെള്ളത്തിനായി കുളങ്ങള്‍ പണിയാനുള്ള സ്ഥലം പരിശോധിക്കുന്ന വനപാലകരുടെ നേതൃത്വത്തിലുള്ള സംഘം

നിലമ്പൂര്‍: കരിയംമുരിയം വനത്തില്‍ കാട്ടുമൃഗങ്ങള്‍ക്ക് വെളളം ലഭിക്കാനായി കുളങ്ങള്‍ പണിയാനുളള സ്ഥലങ്ങള്‍ കണ്ടെത്തി. കരിയംമുരിയം ഔട്ട്‌പോസ്റ്റിന്റെ കീഴില്‍ രണ്ടും മുണ്ടപ്പൊട്ടിയില്‍ ഒരു കുളവുമാണ് പണിയുന്നത്. ചെമ്പന്‍കൊല്ലിക്ക് സമീപമുളള നറുക്കുംപൊട്ടി വനത്തിലും സാമിക്കുന്നിന് സമീപമുളള പന്നിച്ചോല വനത്തിലുമാണ് കരിയംമുരിയത്ത് പണിയുന്ന കുളങ്ങള്‍. റെയ്ഞ്ച് ഓഫീസര്‍ ഷെമീറിന്റെ നിര്‍ദേശപ്രകാരം ഫോറസ്റ്റര്‍ കെ ഗിരീഷിന്റെ നേതൃത്വത്തിലുളള സംഘമാണ് വനത്തിനുളളില്‍ സ്ഥലങ്ങള്‍ കണ്ടെത്തിയത്.

ചെമ്പന്‍കൊല്ലിയില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ ദൂരമുണ്ട് നറുക്കുംപൊട്ടിയിലേക്ക്. ആവി പറക്കുന്ന ആനപിണ്ടത്തെ ചവിട്ടിയായിരുന്നു യാത്ര. വളരെ അകലെയല്ലാതെ ആനക്കൂട്ടത്തിന്റെ സാന്നിധ്യവും സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കുളങ്ങള്‍ക്ക് 20 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയും രണ്ടര മീറ്റര്‍ ആഴവുമുണ്ടാകും. കാട്ടുമൃഗങ്ങള്‍ക്ക് യഥേഷ്ടം കയറാനും ഇറങ്ങാനും കഴിയുന്ന രീതിയില്‍ വശങ്ങള്‍ ചരിച്ചായിരിക്കും കുളങ്ങള്‍ പണിയുക. പ്രവൃത്തിയുടെ എസ്റ്റിമേറ്റ് റെയ്ഞ്ച് ഓഫീസര്‍ തിങ്കളാഴ്ച നോര്‍ത്ത് ഡി എഫ് ഒക്ക് സമര്‍പ്പിക്കും. അടുത്ത ആഴ്ച കുളങ്ങളുടെ നിര്‍മ്മാണം തുടങ്ങും. രൂക്ഷമായ ജലക്ഷാമമാണ് വനത്തില്‍ അനുഭവപ്പെടുന്നത്.

 

Latest