പള്‍സര്‍ സുനി എട്ടുദിവസത്തേക്ക് ഇനി പൊലീസ് കസ്റ്റഡിയില്‍

Posted on: February 25, 2017 2:25 pm | Last updated: February 26, 2017 at 10:11 am

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളായ പള്‍സര്‍ സുനിയെയും വിജേഷിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിന് പത്തുദിവസത്തേക്കാണ് പൊലീസ് ഇവരെ ആവശ്യപ്പെട്ടിരുന്നതെങ്കിലും എട്ടുദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. സുനിയെ നുണപരിശോധന നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമായില്ല.

കാക്കനാട് ജയിലില്‍ നിന്നും ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പള്‍സര്‍ സുനിക്കായി രണ്ട് അഭിഭാഷകര്‍ ഹാജരായിരുന്നു. ഇതേറെ ആശയക്കുഴപ്പം ഉണ്ടാക്കി. പള്‍സര്‍ സുനിക്കായി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയ വി.സി പൗലോസായിരുന്നു ഒരു അഭിഭാഷകന്‍. മറ്റൊരാള്‍ അഡ്വ. ആളുരിന്റെ ജൂനിയറായിട്ടുളള അഭിഭാഷകനാണ്. വി.സി പൗലോസിന്റെ വക്കാലത്താണ് കോടതി പരിഗണിച്ചതും. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതികളെ കൊയമ്പത്തൂരില്‍ അടക്കം കൊണ്ടുപോയി പരിശോധന നടത്തണം. കൂടാതെ മൊബൈലും മെമ്മറി കാര്‍ഡും കണ്ടെടുക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.
ആവശ്യമില്ലാത്ത ആളുകളെ ബുദ്ധിമുട്ടിക്കരുതെന്നാണ് കോടതിയില്‍ ഹാജരാക്കവെ പള്‍സര്‍ സുനി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. സിനിമക്കാരെയാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയതുമില്ല. ആരുടെ ക്വട്ടേഷനാണെന്ന ചോദ്യങ്ങള്‍ക്കാകട്ടെ സുനി മറുപടി നല്‍കിയതുമില്ല.