Connect with us

Kerala

പള്‍സര്‍ സുനി മതില്‍ചാടി എത്താന്‍ അഭിഭാഷകര്‍ സഹായിച്ചെങ്കില്‍ അവരും കുറ്റവാളികള്‍: അഡ്വ. ഉദയഭാനു

Published

|

Last Updated

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതികളെ കോടതിമുറിക്കുള്ളില്‍ നിന്നും പൊലീസ് പിടികൂടുന്നത് തടസപ്പെടുത്താന്‍ ശ്രമിച്ച അഭിഭാഷകരുടെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്ത്. കുറ്റവാളിക്ക് ആവശ്യമായ നിയമസഹായം എവിടെ വരെയെന്ന നിയന്ത്രണരേഖ തിരിച്ചറിയാന്‍ ഓരോ അഭിഭാഷകര്‍ക്കും ബാധ്യതയുണ്ടെന്നും അഭിഭാഷകരായ അഡ്വ.സി.പി ഉദയഭാനുവും, അഡ്വ. സെബാസ്റ്റ്യന്‍പോളും ഓര്‍മ്മിപ്പിക്കുന്നു. അഭിഭാഷകര്‍ക്ക് അവരുടെ തൊഴില്‍പരമായ ചുമതലകള്‍ അനുസരിച്ച് ഏത് കൊടുംകുറ്റവാളിക്ക് വേണ്ടി ഹാജരാകുന്നതിനും യാതൊരു നിയമതടസവുമില്ല. എന്നാല്‍ കുറ്റവാളിക്ക് ആവശ്യമായ നിയമസഹായം എവിടെവരെയെന്ന നിയന്ത്രണരേഖ തിരിച്ചറിയാന്‍ ഓരോ അഭിഭാഷകനും ബാധ്യതയുണ്ടെന്നും ഉദയഭാനു വ്യക്തമാക്കുന്നു.

മുഖ്യപ്രതികള്‍ക്ക് പിന്‍വശത്തെ മതില്‍ ചാടിക്കടന്ന് വരാനും ഉച്ചസമയം തിരഞ്ഞെടുക്കാനും കോടതിക്ക് അകത്തെത്തി ഒളിഞ്ഞു നില്‍ക്കാനും സൗകര്യം ചെയ്ത് നല്‍കിയത് ആരാണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. അപ്രകാരം ചെയ്തത് അഭിഭാഷകര്‍ ആണെങ്കില്‍ തീര്‍ച്ചയായും അക്ഷന്തവ്യമായ ഒരു കുറ്റകൃത്യത്തില്‍ അവരും പങ്കാളികളാകും. കുറ്റവാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നിയമവിധേയമായി മാത്രം ചെയ്തുകൊടുക്കാനുളള ഉത്തരവാദിത്വമാണ് അഭിഭാഷകനുളളത്. അവര്‍ നിയമലംഘകരാണെങ്കില്‍ അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുളള അന്വേഷണ സംഘത്തിന്റെ ചുമതലയെ ഒരു വിധത്തിലും തടസപ്പെടുത്താന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ലെന്നും ഉദയഭാനു കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest