വ്രതമിരുന്ന് പ്രമേഹം അകറ്റാം

Posted on: February 25, 2017 12:38 pm | Last updated: February 25, 2017 at 12:01 pm

വാഷിംഗ്ടണ്‍: പ്രമേഹത്തെ നേരിടാന്‍ വ്രതത്തിന് സാധിക്കുമെന്ന് പഠനം. ചിട്ടയോട് കൂടിയ ഉപവാസത്തിലൂടെ ശരീരത്തിലെ ആഗ്നേയ ഗ്രന്ഥികള്‍ക്ക് സ്വയം ഉത്പാദന ശേഷി ലഭിക്കുമെന്നും ഇതുവഴി രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കുമെന്നും ജേണല്‍ സെല്ലിലൂടെ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്നും വ്രതവും കഠിന ഉപവാസവും പ്രമേഹത്തെ നേരിടാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എലികളിലാണ് വിജയകരമായ ഈ പരീക്ഷണം ശാസ്ത്രജ്ഞന്മാര്‍ നടത്തിയത്.

ആഗ്നേയഗ്രന്ഥിയില്‍ ബീറ്റാ കോശങ്ങള്‍ സ്വയം ഉത്പാദിക്കപ്പെടാന്‍ വ്രതം കൊണ്ട് സാധിക്കുമെന്നും പ്രത്യേക രീതിയിലുള്ള ഉപവാസമാണിതിന് വേണ്ടതെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ബീറ്റാ കോശങ്ങളാണ് രക്തത്തിലെ പഞ്ചസാരയേയും നിയന്ത്രിച്ച് ഇന്‍സുലിന്‍ ഹോര്‍മോണുകളെ പുറത്തുവിടാന്‍ ഈ കോശങ്ങള്‍ക്ക് സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം അഞ്ച് ദിവസത്തെ വ്യത്യസ്തമായ ഉപവാസവും 25 ദിവസത്തെ ഇഷ്ടഭോജനവും അടങ്ങുന്ന പ്രത്യേക പഥ്യമാണ് ഗവേഷകര്‍ നിര്‍ദേശിക്കുന്നത്.