ഇയാന്‍ പറയുന്നു: ‘ഞാന്‍ അല്ല ഹീറോ; ചെയ്തത് സ്വാഭാവിക പ്രതികരണം’

Posted on: February 25, 2017 12:19 pm | Last updated: February 25, 2017 at 12:00 pm

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ എന്‍ജിനിയര്‍മാര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ച ഇയാന്‍ ഗ്രില്ലോട്ട് താരമാകുന്നു. കൊല്ലപ്പെട്ട ശ്രീനിവാസന്റെ സഹപ്രവര്‍ത്തകന്‍ അലോക് രക്ഷപ്പെട്ടത് ഇയാന്റെ അവസരോചിതമായ ഇടപെടലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുമ്പോഴും താന്‍ അല്ല ഹീറോയെന്നും തന്നെ വാഴ്‌ത്തേണ്ടതില്ലെന്നുമാണ് ഇയാന്‍ പറയുന്നത്. സ്വാഭാവികമായ പ്രതികരണമാണ് തന്നില്‍ നിന്നുണ്ടായതെന്നും ഇയാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

അപകട നില തരണം ചെയ്ത ഇയാന്റെ കൈയ്യിലും നെഞ്ചിലുമാണ് വെടിയേറ്റത്. ശ്രീനിവാസന്റെ നേരെ വെടിയുതിര്‍ക്കുമ്പോള്‍ ഇയാന്‍ പ്രതിയായ ആഡം പുരിന്റോണിന്റെ പിന്നിലായിരുന്നു. അക്രമിയുടെ തോക്കിലെ ഉണ്ട തീര്‍ന്നെന്ന ധാരണയില്‍ കീഴ്‌പ്പെടുത്താനുള്ള ശ്രമം ഇയാന്‍ നടത്തുകയായിരുന്നു. എന്നാല്‍ തന്റെ പ്രതീക്ഷ തെറ്റിച്ച് അക്രമി വീണ്ടും വെടിയുതിര്‍ത്തതായി ഇയാന്‍ ആശുപത്രി കിടക്കയില്‍ നിന്ന് പറയുന്നു.
കടുത്ത വംശീയ വാദിയായ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയ ശേഷം അമേരിക്കയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന അസഹിഷ്ണുതക്കെതിരെ പ്രതികരിക്കുന്ന പൗരന്‍ എന്ന നിലയിലാണ് ഇയാന്റെ ഇടപെടലിനെ വ്യാഖാനിക്കുന്നത്. ട്രംപിനെതിരെ ജനകീയ പ്രക്ഷോഭം നടത്തുന്ന സംഘടനകളും കൂട്ടായ്മകളും ഇയാന്റെ പ്രസ്താനയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാക്കുകയാണ്.