ഹജ്ജ്: ഇറാന്‍ പ്രതിനിധികള്‍ സഊദിയില്‍

Posted on: February 25, 2017 11:57 am | Last updated: February 25, 2017 at 11:57 am

റിയാദ്: കഴിഞ്ഞ വര്‍ഷം ഹജ്ജ് കര്‍മ്മത്തില്‍ നിന്ന് വിട്ടു നിന്ന ഇറാന്‍ ഈ വര്‍ഷം വീണ്ടും തീര്‍ഥാടകരെ അയക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്‍ പ്രതിനിധികളുമായി സഊദി മന്ത്രി സഊദിയില്‍ കൂടിക്കാഴ്ച നടത്തി. സഊദി പ്രസ്സ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജിദ്ദയില്‍ നടന്ന കൂടിക്കാഴ്ചയില്‍ രാജ്യത്തിന്റെ ഹജ്ജ് തീര്‍ഥാടന ചുമതലയുള്ള മുഹമ്മദ് ബെന്‍ത്വിന്‍ ഹജ്ജ് ഒരുക്കവും പങ്കാളിത്തവും സംബന്ധിച്ച് ചര്‍ച്ച ചെയ്തു.

സെപ്തംബറോടെ പൂര്‍ത്തീകരിക്കേണ്ട തീര്‍ഥാടകരുടെ താമസ യാത്രാ സൗകര്യങ്ങളെക്കുറിച്ച് വിവിധ രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായാണ് ഇറാനുമായി ഹജ്ജ് മന്ത്രാലയം ചര്‍ച്ച നടത്തിയതെന്ന് സഊദി പ്രസ് ഏജന്‍സി അറിയിച്ചു.
ഇറാനും സഊദിയും തമ്മിലുള്ള നയതന്ത്രബന്ധം വഷളിയിക്കൊണ്ടിരിക്കെയാണ് ഹജ്ജ് വിഷയത്തിലെ ചര്‍ച്ച. ഹൂത്തികള്‍ക്കെതിരെ യമനില്‍ സഊദി അറേബ്യ നടത്തുന്ന സൈനിക നടപടിയും സിറിയയടക്കമുള്ള വിഷയത്തിലെ നിലപാടും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്. സഊദിയില്‍ നടക്കുന്ന തീവ്രവാദി ആക്രമണങ്ങളില്‍ ഇറാനാണെന്നാണ് ആരോപണം.