സംഘപരിവാര്‍ ഭീഷണിതള്ളി; മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവില്‍ എത്തി

Posted on: February 25, 2017 11:49 am | Last updated: February 26, 2017 at 10:55 am

മംഗളൂരു: സംഘപരിവാര്‍ ഭീഷണിയെ അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലെത്തി. വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആവേശകരമായ സ്വീകരണമാണ് അവിടെ ലഭിച്ചത്. ഇന്ന് രണ്ടുചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. പകല്‍ 11ന് കന്നട ദിനപത്രമായ വാര്‍ത്തഭാരതിയുടെ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം പിണറായി നിര്‍വഹിക്കും.

ഉച്ചയ്ക്ക് ശേഷം മതസൗഹാര്‍ദ സന്ദേശമുയര്‍ത്തി സിപിഐ എം സംഘടിപ്പിക്കുന്ന ഐക്യതാ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനംചെയ്യും. ഉച്ചയ്ക്ക് 2.30നാണ് ആയിരങ്ങള്‍ അണിനിരക്കുന്ന റാലി ആരംഭിക്കുന്നത്. മൂന്നരയോടെ നെഹ്‌റു മൈതാനത്ത് പൊതുസമ്മേളനം തുടങ്ങും. സംസ്ഥാന സെക്രട്ടറി ജി വി ശ്രീറാം റെഡ്ഡി അധ്യക്ഷനാകും.

പരിപാടി അലങ്കോലപ്പെടുത്താന്‍ സംഘപരിവാറുകാര്‍ വ്യാപക അക്രമം അഴിച്ചുവിടുന്നതിനിടെയാണ് മുഖ്യമന്ത്രി ധൈര്യപൂര്‍വം പരിപാടിയില്‍ പങ്കെടുക്കുന്നത്. തൊക്കോട്ട് സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിന് തീയിട്ട അക്രമികള്‍ നഗരത്തിലെ പ്രചരണബോര്‍ഡുകളും കൊടികളും നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി കാസര്‍കോട്ടുനിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിനുനേരെ കല്ലേറുമുണ്ടായി.

അതിനിടെ മംഗളൂരു കോര്‍പറേഷന്‍ പരിധിയില്‍ പൊലീസ് കമീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ആറുമുതല്‍ ഞായറാഴ്ച വൈകിട്ട് ആറുവരെയാണ് നിരോധനാജ്ഞ. മതസൗഹാര്‍ദ റാലിയെ നിരോധനാജ്ഞയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.