തര്‍ക്കം തീരാതെ കെ എസ് യു സംഘടനാ തിരഞ്ഞെടുപ്പ്‌

Posted on: February 25, 2017 1:08 pm | Last updated: February 25, 2017 at 11:29 am

കോഴിക്കോട്: കെ എസ് യു സംഘടനാ തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല.അടുത്ത മാസം രണ്ടാം ആഴ്ചയില്‍ സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടേഴ്‌സ് ലിസ്റ്റിനെ ചൊല്ലി വ്യാപകമായ പരാതികളാണുയര്‍ന്നിട്ടുള്ളത്. സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം അംഗത്വത്തിനായുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും പ്രസിദ്ധപ്പെടുത്തിയ വോട്ടേഴ്‌സ് ലിസ്റ്റില്‍ പത്ത് ശതമാനം അംഗങ്ങളുടെ പേര് മാത്രമാണുള്ളത്. വോട്ടേഴ്‌സ് ലിസ്റ്റ് സംബന്ധിച്ച് ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കുകയാണ്. ആയിരത്തിഅഞ്ഞൂറോളം അംഗത്വ അപേക്ഷ നല്‍കിയ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇരുന്നൂറിനടുത്തുള്ളവരുടെ പേര് മാത്രമാണുള്ളത്.

കണ്ണൂരില്‍ നിന്നാകട്ടെ 120 ഓളം പേരാണ് ലിസ്റ്റിലുള്ളത്. ഉള്ള പേരും വിലാസവുമാണെങ്കില്‍ പിശകുമാണ്. നേരത്തെ ഹൈസ്‌കൂള്‍, പാരലല്‍ കോളജ് വിദ്യാര്‍ഥികളെ അംഗത്വ വിതരണത്തില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ ചൊല്ലി വിവാദമുയര്‍ന്നിരുന്നു. യൂനിറ്റ്, ബ്ലോക്ക് തല തിരഞ്ഞെടുപ്പുകളും ഇത്തവണ ഇല്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിന്ന് ദേശീയ കമ്മിറ്റി ലക്ഷങ്ങളാണ് ഫീസിനത്തില്‍ നിന്ന് വാങ്ങുന്നതെങ്കിലും സംസ്ഥാന കമ്മിറ്റിക്ക് യാതൊരു വിഹിതവും നല്‍കുന്നില്ല. ഇക്കാര്യത്തില്‍ നേതാക്കള്‍ പരാതി പ്രകടപ്പിച്ചിരുന്നു. വോട്ടേഴ്‌സ് ലിസ്റ്റിനെ കുറിച്ചുള്ള പരാതിക്ക് പരിഹാരമായില്ലെങ്കില്‍ തിരഞ്ഞെടുപ്പ് സംഘര്‍ഷത്തിലായിരിക്കും കലാശിക്കുകയെന്ന് കെ എസ് യു നേതാക്കള്‍ പറയുന്നു.

കഴിഞ്ഞ ഡിസമ്പര്‍ മാസമാണ് അംഗത്വ വിതരണം സമാപിച്ചത്. സംസ്ഥാന ജില്ലാ കമ്മിറ്റികള്‍ പിടിക്കാന്‍ ഗ്രൂപ്പുകള്‍ കൊണ്ടു പിടിച്ച് പ്രവര്‍ത്തനമാണ് സംഘടിപ്പിച്ചത്. എന്നാല്‍, പിന്നീട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതിക്കകം നടത്താന്‍ സാധിക്കാതിരിക്കുകയും അടുത്ത മാസത്തേക്ക് നീട്ടി വെക്കുകയുമായിരുന്നു. നിലവില്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം കൈയാളുന്ന എ ഗ്രൂപ്പും വിശാല ഐ വിഭാഗവും പൊതു തിരഞ്ഞെടുപ്പിനെ വെല്ലുന്ന നിലയിലുള്ള പ്രവര്‍ത്തനമാണ് സംഘടിപ്പിക്കുന്നത്.

വോട്ടേഴ്‌സ് ലിസ്റ്റിനെ ചൊല്ലി ഇരു വിഭാഗത്തിനും പരാതികളുണ്ടെന്നിരിക്കെ ഇനി കൂട്ടിചേര്‍ക്കേണ്ടവ ഉള്‍പ്പെടുത്തി മാത്രമെ ഇനി തിരഞ്ഞെടുപ്പ് സാധ്യമാകുകയുള്ളൂ.നിലവിലുള്ള സ്ഥിതിഗതിയില്‍ എ ഗ്രൂപ്പിന് തന്നെ പ്രസിഡന്റ് സ്ഥാനം ലഭിക്കാനാണ് സാധ്യത. എന്നാല്‍, കഴിഞ്ഞ തവണ ഏഴ് ജില്ലാ കമ്മിറ്റികളുള്ള വിശാല ഐ വിഭാഗത്തിന് ഇത്തവണ നാല് ജില്ലാ കമ്മിറ്റികളിലൊതുങ്ങുമെന്നാണ് സൂചന. വിശാല ഐ വിഭാഗത്തില്‍ വേണ്ടത്ര ഐക്യമില്ലാത്തത് കാരണം ഇത്തവണ തിരിച്ചടി ലഭിക്കുമെന്നാണ് ഒരു വിശാല ഐ വിഭാഗക്കാരനായ ഭാരവാഹി സിറിജിനോട് പറഞ്ഞത്.

കോഴിക്കോട് ജില്ലക്കാരനായ സംസ്ഥാന ജനറല്‍ സെക്രട്ടറി അഭിജിത്, അഖില്‍ എന്നിവരുടെ പേരുകളാണ് എ വിഭാഗത്തില്‍ നിന്നുയര്‍ന്ന് വന്നിട്ടുള്ളത്. വിശാല ഐ പക്ഷത്ത് നിന്ന് വയനാട്ടില്‍ നിന്നുള്ള ജഷീര്‍, കണ്ണൂരില്‍ നിന്നുള്ള അബ്ദുര്‍ശീദ് എന്നിവരാണുള്ളത്. കഴിഞ്ഞ തവണ ഒരു വൈസ് പ്രസിഡന്റ് മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ ആറ് എണ്ണമായിട്ടുണ്ട്. ഇതില്‍ ഓരോന്ന് വനിതാ, എസ് സി സംവരണവും നാലെണ്ണം ജനറലുമാണ്. ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരുമായി ഏഴ് വീതം ഭാരവാഹികളുണ്ടാകും. ജില്ലയില്‍ പതിനഞ്ചും സംസ്ഥാനത്ത് ഇരുപത്തിരണ്ടും അംഗ കമ്മിറ്റികളാണ് നിലവില്‍ വരിക. കര്‍ണ്ണാടകയില്‍ നിന്നുള്ള കിരണാണ് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍. മുന്ന് സോണലുകളുടെ ചുമതല അസര്‍ (കോഴിക്കോട്) വിശാല്‍ (എറണാകുളം) അശുതോഷ് (തിരുവനന്തപുരം) എന്നിവര്‍ക്കാണ്. കെ എസ് യു പിടിക്കാന്‍ ലക്ഷങ്ങള്‍ പൊടിച്ചുള്ള പോരാട്ടമാണ് നടത്തുന്നത്. എ ഗ്രൂപ്പിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ശാഫി പറമ്പിലും പി സി വിഷ്ണുനാഥും, വിശാല ഐ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈബി ഈഡന്‍, ജോതികുമാര്‍ ചാമക്കാല,റോജി ജോണ്‍ എന്നിവരുമാണ് ചുക്കാന്‍ പിടിക്കുന്നത്.