Connect with us

Kerala

വാര്‍ത്ത തെറ്റിദ്ധാരണ മൂലം; സൗജന്യ ചികിത്സാ പദ്ധതികള്‍ നിര്‍ത്തലാക്കില്ല

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖലയില്‍ ഇന്ന് ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ സൗജന്യ ചികിത്സാ പദ്ധതികളും തുടര്‍ന്നും ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. സൗജന്യ ചികിത്സാ പദ്ധതികളൊന്നും നിര്‍ത്തലാക്കില്ല. ഇവ നിര്‍ത്തലാക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ളതാണ്. ഈ കാരണം പറഞ്ഞ് മുന്‍ വകുപ്പു മന്ത്രി നടത്തുന്ന ഉപവാസം തികച്ചും രാഷ്ട്രീയ പ്രേരിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് മന്ത്രി അറിയിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എല്ലാ സാമൂഹിക സുരക്ഷാ പദ്ധതികളും കൂടുതല്‍ ശക്തമായി നടപ്പാക്കുകയാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വരുത്തിെവച്ച കുടിശ്ശികകള്‍ ഈ സര്‍ക്കാര്‍ കൊടുത്തു തീര്‍ത്തു. കാരുണ്യ ഫണ്ടിലേക്ക് മാത്രം 391 കോടി രൂപ കൊടുക്കാന്‍ ബാക്കിയുണ്ടായിരുന്നു. 800 കോടിയേളം രൂപയുടെ കുടിശ്ശിക സൗജന്യ ചികിത്സാപദ്ധതികളുടേതായി ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കുടിശ്ശിക ഉണ്ടായിരുന്നു. ഈ വസ്തുത മറച്ചുവെക്കാനാണ് എം എല്‍ എ ഉപവസിക്കുന്നത് എന്നത് അപഹാസ്യമാണ്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് പുതുതായി അഞ്ച് കാരുണ്യ ഫാര്‍മസികള്‍ ആരംഭിച്ചു. 12 എണ്ണത്തിന്റെ പണി പൂര്‍ത്തിയായി. ഇവ ഉടന്‍ ആരംഭിക്കും. 44 ഡയാലിസിസ് യൂണിറ്റുകളും 10 ആശുപത്രികളില്‍ കാത്ത് ലാബും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കാന്‍സര്‍ സുരക്ഷാ പദ്ധതി വഴി 244 പേര്‍ക്ക് പുതുതായി സൗജന്യ ചികിത്സയും 5059 പേര്‍ക്ക് തുടര്‍ചികിത്സയും നല്‍കിയിട്ടുണ്ട്. 105ലക്ഷം രൂപ ഇതിനായി ചെലവഴിച്ചിട്ടുണ്ട്.താലോലം പദ്ധതിയില്‍ ഈ സര്‍ക്കാര്‍ 245 പേര്‍ക്ക് പുതുതായി സൗജന്യ ചികിത്സയും 12465 പേര്‍ക്ക് തുടര്‍ ചികിത്സയും നല്‍കി. 150 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചിട്ടുണ്ട്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുടങ്ങിക്കിടക്കുകയായിരുന്ന ആശ്വാസ കിരണം പദ്ധതി പുന സ്ഥാപിച്ച് കുടിശ്ശികകള്‍ കൊടുത്തു തീര്‍ത്തു. ആശ്വാസ കിരണം പദ്ധതിയില്‍ 8147 പേര്‍ക്ക് പുതുതായി ആനുകൂല്യം നല്‍കി. ഈ സാമ്പത്തിക വര്‍ഷം 30000 അപേക്ഷകള്‍ കൂടി പസ്സാക്കിയിട്ടുണ്ട്. ആകെ 2803.45 ലക്ഷം ഇതിനായി അനുവദിച്ചിട്ടുണ്ട്. സ്‌നേഹസ്പര്‍ശം പദ്ധതിയില്‍ 102 പേര്‍ക്ക് പുതുതായി ധനസഹായം അനുവദിച്ചു. 211 ലക്ഷം രൂപ ഈ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. ശ്രുതിതരംഗം പദ്ധതി വഴി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ 35 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തി. ഈ പദ്ധതി നടപ്പിലാക്കുന്നതിന് 197.23 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. 3 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ കൂടി ഈ പദ്ധതിക്കായി സജ്ജമാക്കി. സമാശ്വാസം പദ്ധതി പ്രകാരം 1293 പേര്‍ക്ക് പുതുതായി ധനസഹായം അനുവദിച്ചു. ഇതിനായി 446.41 ലക്ഷം രൂപ ചെലവഴിച്ചു.

എന്റോസള്‍ഫാന്‍ ദുരിതബാധിതരില്‍ പൂര്‍ണ്ണമായും കിടപ്പിലായവരെ പരിചരിക്കുന്നവര്‍ക്ക് ധനസഹായം അനുവദിക്കുന്ന സ്‌പെഷ്യല്‍ ആശ്വാസ കിരണം പദ്ധതി നടപ്പിലാക്കുന്നതിനായി 771.98 ലക്ഷം രൂപ ചെലവഴിച്ചു.
സംസ്ഥാനത്ത് പുതുതായി 15 നഗരപ്രദേശങ്ങളില്‍ വയോമിത്രം പദ്ധതി അനുവദിച്ചു. പദ്ധതി ചെലവുകള്‍ക്കായി 765 ലക്ഷം രൂപ ചെലവഴിച്ചു. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഈ പദ്ധതി 69694 വയോജനങ്ങള്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത് ആനുകൂല്യം പറ്റിവരുന്നു. വിശപ്പ് രഹിതം പദ്ധതിക്കായി 152.21 ലക്ഷം രൂപയും സ്‌നേഹപൂര്‍വ്വം പദ്ധതിക്കായി 652.85 ലക്ഷം രൂപയും സമാശ്വാസം പദ്ധതിക്കായി 446.41 ലക്ഷം രൂപയും വി കെയര്‍ പദ്ധതിക്കായി 685.13 ലക്ഷം സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കാരുണ്യ പദ്ധതിയടക്കം എല്ലാ ആരോഗ്യ സാമൂഹിക സുരക്ഷാ പദ്ധതികളും നല്ല രീതിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കയാണ്- മന്ത്രി അറിയിച്ചു.

Latest